Latest Videos

'ശപിക്കപ്പെട്ട' മൊബൈൽ നമ്പർ, മരിച്ചത് മാഫിയാതലവനടക്കം മൂന്നുപേർ, ഇപ്പോൾ 'പരിധിക്ക് പുറത്ത്'

By Web TeamFirst Published May 5, 2024, 12:49 PM IST
Highlights

ഈ നമ്പർ പിന്നീട് ബൾഗേറിയൻ മാഫിയ തലവൻ കോൺസ്റ്റാൻ്റിൻ ദിമിത്രോവിന് കൈമാറി. 2003 -ൽ തൻ്റെ മയക്കുമരുന്ന് കടത്ത് സാമ്രാജ്യം പരിശോധിക്കാനുള്ള യാത്രയ്ക്കിടെ നെതർലാൻഡിൽ വെച്ച് ഒരു കൊലയാളി ദിമിത്രോവിനെ വെടിവച്ചു കൊന്നു.

വിശദീകരണങ്ങളില്ലാത്ത പല വിചിത്ര സംഭവങ്ങളും ലോകത്ത് നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾക്ക് പിന്നിലെ കാരണം ഇന്നും നി​ഗൂഢമാണ്. അത്തരത്തിലുള്ള ഒരു നിഗൂഢത ഒരു ബൾ​ഗേറിയൻ  മൊബൈൽ ഫോൺ നമ്പറിനെ ചുറ്റിപ്പറ്റിയാണ്. 'ശപിക്കപ്പെട്ട മൊബൈൽ നമ്പർ' എന്നാണ് ഇത് അറിയപ്പെടുന്നത്. 2010 -ലാണ് ഈ സംഭവം നടക്കുന്നത്. അന്ന് ഡെയ്‌ലി മെയിലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം അന്ന് ഈ നമ്പർ ഉപയോ​ഗിച്ച മൂന്ന് പേരും  മരണപ്പെട്ടതിനെ തുടർന്ന് മൊബൈൽ നമ്പർ സസ്പെൻഡ് ചെയ്തു. +359 888 888 888 ഇതായിരുന്നു ആ ശപിക്കപ്പെട്ട നമ്പർ.

ബൾഗേറിയൻ മൊബൈൽ ഫോൺ കമ്പനിയായ മൊബിറ്റലിൻ്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ വ്‌ളാഡിമിർ ഗ്രാഷ്‌നോവ് ആയിരുന്നു ഈ നമ്പറിൻ്റെ ആദ്യ ഉടമ. പക്ഷെ 2001 -ൽ വ്‌ളാഡിമിർ കാൻസർ ബാധിച്ച് മരിച്ചു, 48 വയസ്സായിരുന്നു അദ്ദേഹത്തിന്. ഒരു ബിസിനസ് ശത്രു അദ്ദേഹത്തിനെതിരെ റേഡിയോ ആക്ടീവ് വിഷം പ്രയോ​ഗിച്ചതാണ് ക്യാൻസറിന് കാരണമായതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു

ഈ നമ്പർ പിന്നീട് ബൾഗേറിയൻ മാഫിയ തലവൻ കോൺസ്റ്റാൻ്റിൻ ദിമിത്രോവിന് കൈമാറി. 2003 -ൽ തൻ്റെ മയക്കുമരുന്ന് കടത്ത് സാമ്രാജ്യം പരിശോധിക്കാനുള്ള യാത്രയ്ക്കിടെ നെതർലാൻഡിൽ വെച്ച് ഒരു കൊലയാളി ദിമിത്രോവിനെ വെടിവച്ചു കൊന്നു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിൻ്റെ സാമ്രാജ്യത്തിൻ്റെ ആകെ മൂല്യം 500 ദശലക്ഷം പൗണ്ട് ആയിരുന്നു. 31 കാരനായ മാഫിയ കിങ്ങിന് വെടിയേറ്റപ്പോൾ മൊബൈൽ ഒപ്പമുണ്ടായിരുന്നു. 

തുടർന്ന്  വ്യവസായിയും എസ്റ്റേറ്റ് ഏജൻ്റുമായ കോൺസ്റ്റാൻ്റിൻ ഡിഷ്‌ലീവിന് ഫോൺ നമ്പർ കൈമാറി. വിധി ആവർത്തിച്ചു, ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ വെച്ച് ദിഷിലേവും വെടിയേറ്റ് മരിച്ചു. പിന്നാലെയാണ് ഇതിനെ ശപിക്കപ്പെട്ട നമ്പറായി കണക്കാക്കി സസ്പെൻഡ് ചെയ്തത്. ഇപ്പോൾ,  ഈ നമ്പറിലേക്ക് വിളിച്ചാൽ, ഫോൺ “നെറ്റ്‌വർക്ക് കവറേജിന് പുറത്താണ്” എന്ന സന്ദേശമാണ് ലഭിക്കുക.

(ചിത്രം പ്രതീകാത്മകം)

tags
click me!