
തന്റെ 18 മാസം പ്രായമുള്ള മകനെ വയറ്റിൽ ചവിട്ടിക്കൊന്ന കാമുകിയോട് ക്ഷമിച്ചുകൊണ്ട് ഒത്തുതീർപ്പ് കത്തിൽ ഒപ്പുവെച്ച പിതാവിനെതിരെ ചൈനയിൽ വലിയ ജനരോഷം. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച കുട്ടിയുടെ അമ്മയായ ഷീ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും വ്യാപക ചർച്ചയായതും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് താനും ഭർത്താവ് ലീയും വേർപിരിഞ്ഞതെന്ന് ഷീ പറയുന്നു. പത്ത് വർഷത്തിലേറെ നീണ്ട ദാമ്പത്യത്തിൽ ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. ഇതിൽ മൂത്ത മകന്റെ സംരക്ഷണച്ചുമതല ഷീയും, ഇളയ കുഞ്ഞിന്റെ ചുമതല ഭർത്താവ് ലിയുമാണ് ഏറ്റെടുത്തത്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ, ഇളയ മകൻ മരിച്ചു, മൃതദേഹം കുടുംബക്കല്ലറയിൽ അടക്കം ചെയ്യാൻ അനുവാദം വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവിന്റെ പിതാവ് ഷീയെ ഫോണിൽ വിളിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഷീ ഉടൻ തന്നെ ആശുപത്രിയിൽ എത്തിയപ്പോൾ, മകന്റെ മൃതദേഹം അടക്കം ചെയ്യാനുള്ള പേപ്പർ വർക്കുകളുടെ തിരക്കിലായിരുന്നു മുൻഭർത്താവ് ലി.
ആശുപത്രിയിൽ വെച്ച്, കുട്ടിയുടെ തലയ്ക്ക് പിന്നിൽ പരിക്കേറ്റതായും വയർ ബലൂൺ പോലെ വീർത്തിരുന്നതായും ഡോക്ടർ ഷീയെ അറിയിച്ചു. കൂടാതെ പോസ്റ്റ്‌മോർട്ടം നടത്താനും അവർ നിർദ്ദേശിച്ചു. ഇതിൽ സംശയം തോന്നിയ ഷീ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപും ഒരു ദിവസം മുൻപും ഉൾപ്പെടെ മൂന്ന് തവണയെങ്കിലും വയറ്റിൽ ക്രൂരമായി ചവിട്ടേറ്റിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ ചവിട്ടേറ്റ് കരൾ, പാൻക്രിയാസ്, കുടൽ എന്നിവ തകർന്നാണ് കുഞ്ഞ് മരിച്ചത്.
ലി-യുടെ കാമുകിയായ ഗുഓ ആണ് ഈ ക്രൂരത ചെയ്തത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സെയിൽസ് ജോലി ഉപേക്ഷിച്ച ഇവർ ലി-യോടൊപ്പം താമസം ആരംഭിക്കുകയും കുട്ടിയെ പൂർണ്ണസമയവും നോക്കാൻ തുടങ്ങുകയുമായിരുന്നു. ലി-യുമായുള്ള ലിവിങ് റിലേഷൻഷിപ്പ് സ്വന്തം കുടുംബത്തിൽ നിന്ന് ഗുഓ മറച്ചുവെച്ചിരുന്നു. കുഞ്ഞ് വികൃതി കാണിക്കാൻ തുടങ്ങിയതോടെ ഇവർക്ക് കുട്ടിയോടുള്ള സ്നേഹം നഷ്ടപ്പെടുകയായിരുന്നു. ഇതിന് മുൻപും കുട്ടിയുടെ കൈകളിലും മുഖത്തും ഇവർ നുള്ളുകയും അടിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ കാമുകിക്ക് മാപ്പ് നൽകിയ തന്റെ തീരുമാനത്തെ ന്യായീകരിച്ച് ലി രംഗത്തെത്തി. ഗുഓ കുട്ടിയെ നന്നായി തന്നെയാണ് നോക്കിയിരുന്നതെന്നും അവൾ കുഞ്ഞിനെ ഉപദ്രവിക്കാൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്നുമാണ് ലി അവകാശപ്പെടുന്നത്. എന്നാൽ ഇതിനെ ശക്തമായി എതിർത്ത ഷീ, തന്റെ മകന് നീതി ഉറപ്പാക്കാൻ മാധ്യമങ്ങളെ സമീപിച്ചു. "അന്ന് ഞാൻ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയില്ലായിരുന്നെങ്കിൽ, എന്റെ കുഞ്ഞിന്റെ മൃതദേഹം ഇതിനകം ദഹിപ്പിക്കപ്പെടുകയും കുറ്റവാളി നിയമത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുമായിരുന്നു" ഷീ കൂട്ടിച്ചേർത്തു.
ബെയ്ജിംഗിലെ സോങ്‌വെൻ ലോ ഫേമിലെ അഭിഭാഷകനായ ലിയു കൈ പറയുന്നതനുസരിച്ച്, ഇരയുടെ മാതാപിതാക്കളിൽ ഒരാളാണ് ഒത്തുതീർപ്പ് കത്ത് നൽകിയിരിക്കുന്നത് എന്നതിനാൽ അതിന് നിയമപരമായ സാധുതയുണ്ട്; എങ്കിലും മറ്റേ രക്ഷിതാവ് ഇതിനോട് വിയോജിക്കുന്നതിനാൽ കത്തിന്റെ സ്വാധീനം കുറയും. ചൈനയിലെ ക്രിമിനൽ നിയമപ്രകാരം, അങ്ങേയറ്റം ക്രൂരമായ പ്രവൃത്തികളിലൂടെ മറ്റൊരാളുടെ ജീവൻ എടുക്കുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത തടവോ, ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ വരെ ലഭിക്കാം. ഇര പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ ശിക്ഷയുടെ കാഠിന്യം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ലിയു അഭിപ്രായപ്പെട്ടു.
കുഞ്ഞിന്റെ മരണത്തോടുള്ള അച്ഛന്റെ ഈ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. "കുട്ടിയുടെ മരണത്തിൽ അച്ഛനും തുല്യ പങ്കുള്ളതുകൊണ്ടാണ് അവൻ ഒത്തുതീർപ്പ് കത്ത് നൽകിയത്" എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, "കുട്ടിയെ ഉപദ്രവിച്ചവളുടെ കൈക്കരുത്തിനേക്കാൾ ഭയപ്പെടുത്തുന്നത് ആ അച്ഛന്റെ നിസ്സംഗതയാണ്" എന്ന് മറ്റൊരാൾ പ്രതികരിച്ചു.