
ന്യൂയോർക്ക് നഗരത്തിലെ തിരക്കുപിടിച്ച ജീവിതം ഉപേക്ഷിച്ച് ഇറ്റലിയിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് താമസം മാറിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഈ അമേരിക്കൻ ദമ്പതികൾ. അമേരിക്കക്കാരായ കാസന്ദ്ര ട്രെസ്ലും ഭർത്താവ് അലക്സ് നിൻമാനുമാണ് 2019 -ൽ യൂറോപ്പിലേക്ക് കുടിയേറിയത്. ജീവിതത്തിലെ വലിയ ചിലവുകളിൽ നിന്നുള്ള മോചനവും കുറഞ്ഞ ചിലവിൽ സ്വന്തമായി ഒരു വീടുമായിരുന്നു ഇവരുടെ ലക്ഷ്യം. 'ഇന്ന് ഞങ്ങൾ റോമിൽ നിന്ന് മൂന്ന് മണിക്കൂർ യാത്രയുള്ള ഇറ്റലിയിലെ അബ്രുസ്സോ മേഖലയിലെ ഒരു ചെറിയ പട്ടണത്തിലാണ് താമസിക്കുന്നത്. ഇവിടെ ഞങ്ങൾ തികച്ചും വ്യത്യസ്തമായ ജീവിതരീതിയാണ് പിന്തുടരുന്നത്. ഇനി അടുത്ത കാലത്തൊന്നും അമേരിക്കയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല' എന്നാണ് കാസന്ദ്ര സിഎൻബിസി മേക് ഇറ്റിനോട് പറഞ്ഞത്.
ജീവിതത്തിലെ വിജയം എന്ന സങ്കല്പത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളിൽ വന്ന മാറ്റമാണ് അമേരിക്ക വിടാനുള്ള പ്രധാന കാരണമെന്ന് കാസന്ദ്ര വ്യക്തമാക്കുന്നു. വലിയ വീടുകൾ, പുതിയ കാറുകൾ, വലിയ നേട്ടങ്ങൾ, എപ്പോഴും തിരക്കുപിടിച്ച ഷെഡ്യൂളുകൾ എന്നിവയാണ് വിജയം എന്ന ചിന്താഗതിയിലാണ് മിക്ക അമേരിക്കക്കാരെയും പോലെ തങ്ങളും വളർന്നത്. എന്നാൽ കാലക്രമേണ, ഇവയൊന്നും തങ്ങൾക്ക് യഥാർത്ഥ സന്തോഷം നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞുവെന്ന് ഇവർ പറയുന്നു.
ഇതിനൊപ്പം തന്നെ ആളുകളുമായി കൂടുതൽ ഇടപഴകാൻ കഴിയുന്ന ഒരു നല്ല അന്തരീക്ഷവും അവർ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ഇറ്റലി മികച്ച ഓപ്ഷനായി മുന്നിലെത്തുന്നത്. 2019 -ൽ യൂറോപ്പിലേക്ക് മാറിയ ഈ ദമ്പതികൾ കുറച്ചുകാലം ചെക്ക് റിപ്പബ്ലിക്കിലാണ് താമസിച്ചിരുന്നത്. അതിനുശേഷമാണ് ഇറ്റലിയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചത്. അമേരിക്കയെ അപേക്ഷിച്ച് ഇവിടെ വീട് വാങ്ങുന്നത് എത്രമാത്രം ലാഭകരമാണെന്ന് അവർ മനസ്സിലാക്കി.
ലോണുകളുടെ സാമ്പത്തിക ബാധ്യതകളൊന്നുമില്ലാതെ, കയ്യിലുള്ള പണം നൽകിത്തന്നെ ഒരു വീട് വാങ്ങാൻ ചെറിയ ടൗണിലെ ജീവിതം തങ്ങളെ സഹായിച്ചതായി കാസന്ദ്ര പറയുന്നു. രണ്ട് നിലകളുള്ള ഈ വീടിനായി അവർക്ക് ചിലവായത് 11,500 യൂറോ മാത്രമാണ് ഇന്ത്യൻ രൂപയിൽ ഇത് വെറും 12.2 ലക്ഷം രൂപ വരും. 1,076 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട്ടിൽ രണ്ട് നിലകളിലായി രണ്ട് ബെഡ്റൂമുകളുണ്ട്. കൂടാതെ ബേസ്മെന്റിൽ ഒരു കിടപ്പുമുറിയും ഒരു തട്ടിൻപുറവുമുണ്ട്. വീട് പുതുക്കിപ്പണിയുന്നതിനായി ഏകദേശം 15,000 യൂറോ (ഏകദേശം 14 ലക്ഷം) കൂടി ഇവർക്ക് ചിലവായി.
ഇറ്റലിയിലെ കുറഞ്ഞ ജീവിതച്ചെലവാണ് മറ്റൊരു ആകർഷണം. ഭക്ഷണം, കുട്ടികളുടെ പരിചരണം എന്നിവയ്ക്കെല്ലാം ഇവിടെ ചിലവ് വളരെ കുറവാണ്. ഇത് കൂടുതൽ പണം സമ്പാദിക്കണമെന്ന സമ്മർദ്ദത്തിൽ നിന്ന് തങ്ങൾക്ക് ആശ്വാസം നൽകിയതായി കാസന്ദ്ര പറയുന്നു. ആദ്യമൊക്കെ ടെക്നോളജി മേഖലയിലെ ജോലി റിമോട്ട് ആയി ചെയ്യുകയായിരുന്നു കാസന്ദ്ര. എന്നാൽ ഇവിടെ സ്ഥിരതാമസമാക്കിയതോടെ ആ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ഒരു ഇറ്റാലിയൻ ട്രാവൽ കമ്പനിയിൽ മാർക്കറ്റിംഗ് ജോലിയും ഒപ്പം കണ്ടന്റ് ക്രിയേഷനും ചെയ്യുകയാണ്. വരുമാനം മുൻപത്തെക്കാൾ കുറവാണെങ്കിലും, അതിലൂടെ ലഭിക്കുന്ന സമാധാനവും സന്തോഷവും വിലമതിക്കാനാവാത്തതാണെന്ന് ഈ ദമ്പതികൾ പറയുന്നു.