
വിവാഹദിനങ്ങൾ ആഘോഷങ്ങളുടേതാണ്. വീട്ടുകാരോടും സുഹൃത്തുക്കളോടും ഒപ്പം തങ്ങളുടെ വിവാഹമാഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ആ ദിനം തന്നെ ഒരിക്കലും മറക്കാനാകാത്ത ഒരു ദുരന്ത ദിവസമായി മാറിയാൽ എന്തായിരിക്കും അവസ്ഥ? അത്തരത്തിൽ ഒരു ദുരന്തം തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതിന്റെ ഞെട്ടലിലാണ് ഇറ്റലിയിൽ നിന്നുള്ള ഈ വധൂവരന്മാർ
വിവാഹാഘോഷങ്ങൾക്കിടയിൽ നൃത്തവേദി തകർന്ന് വധൂവരന്മാർ ഉൾപ്പെടെ മുപ്പതോളം അതിഥികൾ 25 അടി താഴ്ചയിലേക്ക് വീണാണ് ദുരന്തം ഉണ്ടായത്. ഇറ്റലിയിലെ പിസ്റ്റോയയിലെ ചരിത്രപ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തിൽ നടന്ന വിവാഹാഘോഷങ്ങളാണ് വലിയ ദുരന്തത്തിലേക്ക് വഴി മാറിയത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജനുവരി 13 -നായിരുന്നു സംഭവം.
ആഘോഷങ്ങൾക്കിടയിൽ നൃത്തം ചെയ്യാനായി തയ്യാറാക്കിയിരുന്ന വേദി തകർന്നതാണ് അപകടത്തിന് കാരണമായത്. സംഭവം നടക്കുമ്പോൾ വധുവും വരനും ഉൾപ്പെടെ മുപ്പതോളം അതിഥികൾ ആ വേദിയിൽ ഉണ്ടായിരുന്നു. 25 അടിയുള്ള ഒരു കുളത്തിന് മുകളിലായിരുന്നു വേദി തയ്യാറാക്കിയിരുന്നത്. ആളുകളുടെ തുടർച്ചയായ നൃത്തം ചെയ്യലിനെ തുടർന്നാണ് വേദി തകരുകയും ആഘോഷങ്ങൾ അപ്രതീക്ഷിത ദുരന്തത്തിന് വഴിമാറുകയും ചെയ്തത്.
രക്ഷാസേനയുടെ സഹായത്തോടെ ഉടൻ തന്നെ എല്ലാവരെയും പുറത്തിറക്കാൻ കഴിഞ്ഞത് ദുരന്തത്തിന്റെ കാഠിന്യം കുറച്ചു. വരനും വധുവും ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. വേദി എങ്ങനെയാണ് തകർന്ന് വീണത് എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഇപ്പോൾ നടന്നു വരികയാണ്. വേദി തകർന്നത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ചിന്തിക്കാൻ പോലും സാധിക്കാത്ത അപകടമാണ് തീർത്തും അപ്രതീക്ഷിതമായി ഉണ്ടായതെന്നും വേദിയുടെ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത വ്യക്തി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം