സത്യജിത് റേ മണ്മറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തേഴാണ്ട്

By Babu RamachandranFirst Published Apr 23, 2019, 12:13 PM IST
Highlights

ഡി ജെ കെയ്‌മറിൽ 'ജൂനിയർ വിഷ്വലൈസർ' തസ്തികയിലാണ് സത്യജിത് റേ ആദ്യമായി ജോലിക്ക് കയറുന്നത്. 'ഒഗിൽവി & മേത്തർ' എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തമായ ഈ സ്ഥാപനത്തിനുവേണ്ടി റേയാണ് വിൽസ് സിഗരറ്റിന്റെ കവർ ഡിസൈൻ ചെയ്യുന്നത്.


"സത്യജിത് റേയുടെ സിനിമ കാണാതിരിക്കുന്നത് സൂര്യനെയോ ചന്ദ്രനെയോ ഒന്നും കാണാതെ ഈ ലോകത്ത് കഴിച്ചുകൂട്ടുന്നതിന് തുല്യമാണ് " - അകിരാ കുറസോവ 

ഇന്ന് സത്യജിത് റേയുടെ ചരമദിനമാണ്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും പ്രതിഭാശാലിയായ സംവിധായകനായിരുന്നു റേ എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. തന്റെ കരിയറിന്റെ തുടക്കത്തിൽ ദീർഘകാലം പരസ്യനിർമ്മാണം പോലെ ഏറെ കമേഴ്സ്യലായ ഒരു കലാരംഗത്ത് ഏറെക്കാലം വ്യാപരിച്ചിരുന്ന ഒരാൾ പിന്നീട് ചലച്ചിത്രകലയുടെ ഏറ്റവും ഉദാത്തമായ ആവിഷ്കാരങ്ങൾക്കും കാരണമായി. പൂർണ്ണമായും നഗരത്തിൽ മാത്രം ജീവിച്ചൊരാൾക്ക്, പഥേർ പാഞ്ചാലി പോലൊരു ചിത്രത്തിൽ ഒരു ഗ്രാമത്തിലെ പട്ടിയും പൂച്ചയും കോഴിയും തമ്മിലുള്ള ആത്മബന്ധങ്ങൾ വരെ ചിത്രീകരിക്കാന്‍ കഴിഞ്ഞു. നഗരമധ്യത്തിലെ ഫ്ലാറ്റിൽ ഇരുന്നുകൊണ്ട് തന്നെ റേയ്ക്ക് ജീവിതത്തിന്റെ സമഗ്രതയെപ്പറ്റി ചിന്തിക്കുവാനും അതിനെ അഭ്രപാളികളിലേക്ക് സൗന്ദര്യം ചോർന്നുപോവാതെ പകർത്താനും കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത ചില കൗതുകങ്ങളിലേക്ക്..

പരസ്യമേഖലയിൽ തുടക്കം 

സത്യജിത് റേയുടെ കരിയറിന്റെ തുടക്കം ഒരു ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു. ആദ്യത്തെ ബ്രേക്ക് അദ്ദേഹത്തിന് കിട്ടുന്നത് 1943-ലാണ്. അക്കൊല്ലം അദ്ദേഹം ഡി ജെ കെയ്‌മര്‍ എന്ന പ്രശസ്ത ബ്രിട്ടീഷ് പരസ്യ നിർമാണ സ്ഥാപനത്തിൽ ജൂനിയർ വിഷ്വലൈസർ എന്ന തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. ഈ കമ്പനിയാണ് പിൽക്കാലത്ത് 'ഒഗിൽവി & മേത്തർ' എന്ന പേരിൽ പ്രസിദ്ധമായ അഡ്വെർടൈസിങ് സ്ഥാപനം. അക്കാലത്ത് കെയ്‌മറിനു വേണ്ടി റേ ചെയ്ത ഏറെ ജനപ്രിയമായ ഒരു ഡിസൈൻ ആണ് വിൽസ് സിഗരറ്റ് കവറിന്റേത്. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ഫലകം രൂപകൽപന ചെയ്തതും റേ തന്നെയാണ്. 
 
 

പതിമൂന്നു വർഷക്കാലം നീണ്ടുനിന്ന കെയ്‌മറിലെ തന്റെ പരസ്യകലാ ജീവിതത്തിനിടെ റേ വളരെ വിജയകരമായി ഇന്ത്യൻ ബിംബങ്ങളെ ജനപ്രിയ കലാധാരയിലേക്ക് വിവർത്തനം ചെയ്തു. തന്റെ വർക്കുകളിൽ എന്നും മിനിമലിസം പരിശീലിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. 

കാലിഗ്രഫിയും ടൈപ്പോഗ്രഫിയും 

കാലിഗ്രാഫിയിൽ അസാമാന്യമായ കഴിവുണ്ടായിരുന്നു സത്യജിത് റേയ്ക്ക്.  വളരെ ചെറുപ്പത്തിൽ തന്നെ ടാഗോറിന്റെ ശാന്തിനികേതനിൽ നിന്നും അദ്ദേഹം കാലിഗ്രാഫി, ടൈപ്പോഗ്രാഫി എന്നിവയിൽ ഉപരിപഠനം നടത്തി. നിരവധി ഫോണ്ടുകൾ അദ്ദേഹം വികസിപ്പിച്ചെടുത്തിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള റേ റോമൻ, റേ ബിസാർ എന്നീ ഫോണ്ടുകൾക്ക് പിൽക്കാലത്ത് അന്താരാഷ്‌ട്ര അംഗീകാരങ്ങൾ കിട്ടുകയുണ്ടായി. 

സിഗ്നറ്റ് പ്രസ്സിലെ വായനക്കാലം 

കെയ്‌മറിൽ റേയുടെ സഹപ്രവർത്തകനായ ഡി കെ ഗുപ്ത 'സിഗ്നറ്റ് പ്രസ്സ് 'എന്ന പേരിൽ ഒരു പ്രസിദ്ധീകരണ ശാല തുടങ്ങുന്നത് 1943 -ലാണ്. ഗുപ്താജി പുറത്തിറക്കിയിരുന്ന പല പുസ്തകങ്ങളുടെയും ജാക്കറ്റ് ഡിസൈനുകൾ സത്യജിത് റേയാണ് നിർവഹിച്ചിരുന്നത്. 1944 -ൽ  ഗുപ്താജി, ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവൽ പ്രസിദ്ധപ്പെടുത്താൻ തീരുമാനിക്കുന്നു. അന്നുവരെ ബംഗാളി സാഹിത്യം കാര്യമായി വായിച്ചിട്ടൊന്നുമില്ലാത്ത സത്യജിത് റേ പ്രസ്തുത പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്യാൻ വേണ്ടി മാത്രം ആ പുസ്തകം വായിക്കുകയും അതിലെ വൈകാരിക പ്രപഞ്ചത്തിൽ അനുരക്തനാവുകയും ചെയ്യുന്നു. ടി നോവലിൽ വലിയ കാൻവാസിൽ ഒരു സിനിമ ചെയ്യാനുള്ള മുതലുണ്ടെന്ന് മുമ്പൊരു ഫിലിം മാഗസിൻ എഡിറ്ററായിരുന്നിട്ടുള്ള ഗുപ്താജി അന്നുതന്നെ റേയോട് പറയുന്നുണ്ട്. സിഗ്‌നറ്റിനുവേണ്ടി കവർ ഡിസൈനുകൾ ചെയ്യാൻ വേണ്ടി അന്ന് റേ വായിക്കാൻ നിർബന്ധിതനായ പല ബംഗാളി ക്‌ളാസിക് നോവലുകളും പിൽക്കാലത്ത് അദ്ദേഹം സിനിമയാക്കിയിട്ടുണ്ട്.  സിഗ്നറ്റ് പ്രസ്സ്   ജവഹർ ലാൽ നെഹ്രുവിന്റെ  'ഡിസ്കവറി ഓഫ് ഇന്ത്യ' പ്രസിദ്ധപ്പെടുത്തിയപ്പോൾ അതിന്റെ കവർ ഡിസൈൻ ചെയ്തത് റേ ആയിരുന്നു. 


കൽക്കട്ടാ ഫിലിം സൊസൈറ്റിക്കാലം 

1947 -ൽ സത്യജിത് റേ തുടങ്ങിവെച്ച കൽക്കട്ടാ ഫിലിം സൊസൈറ്റി ( CFS ) ആണ്  പിന്നീടുണ്ടായ പല സൊസൈറ്റിയുടെയും മാർഗദർശി. അവർ ആദ്യം സ്‌ക്രീൻ ചെയ്ത സിനിമ 'ബാറ്റിൽഷിപ്പ് പൊട്ടംകിൻ' ആയിരുന്നു. സ്റ്റേറ്റ്സ്മാൻ പോലുള്ള പത്രങ്ങളിൽ നിരന്തരം സിനിമാസംബന്ധിയായ ലേഖനങ്ങളും മറ്റും എഴുതിക്കൊണ്ട് ചലച്ചിത്ര സപര്യയ്ക്ക് തുടക്കമിട്ട റേ അധികം താമസിയാതെ തിരക്കഥകളും എഴുതിത്തുടങ്ങി. അക്കാലത്ത് സത്യജിത് റേയ്ക്ക് വളരെ വിചിത്രമായൊരു ഹോബിയും ഉണ്ടായിരുന്നു. ആരെങ്കിലും ഏതെങ്കിലും നോവലുകളെ ആസ്പദമാക്കി എന്തെങ്കിലും പ്രോജക്ട് പ്രഖ്യാപിച്ചാൽ ഉടൻ റേയും സമാന്തരമായി അതേ വിഷയത്തിൽ എഴുത്തു തുടങ്ങും. എന്നിട്ട് ആ സിനിമ പുറത്തുവരുമ്പോൾ തന്റെ സ്ക്രിപ്റ്റും അതുമായി താരതമ്യം ചെയ്തു രസിക്കും. ഈ ശീലം അദ്ദേഹത്തിന്റെ സിനിമാ പ്രയത്നങ്ങളുടെ മുന്നോടിയായിരുന്നു. 


 
വഴിത്തിരിവായ ലണ്ടൻ സന്ദർശനം 

1950 -ൽ റേ ലണ്ടൻ സന്ദർശനത്തിന് പുറപ്പെടുന്നു. ആ ഒരൊറ്റ ട്രിപ്പിൽ റേ കണ്ടുതീർത്തത് അക്കാലത്തെ 'പാത്ത് ബ്രേക്കിങ്ങ്' ആയ നൂറോളം ചിത്രങ്ങളാണ്. തന്റേതായ ഒരു ചിത്രം എന്ന നിലയ്ക്ക് 'പഥേർ പാഞ്ചാലി'. പഥേർ പാഞ്ചാലി എന്ന വാക്കിന് 'പാതയിലെ പാട്ട്' എന്നാണ് ഏകദേശാർത്ഥം വരുന്നത്. നാട്ടിലെ നടപ്പുരീതികളിൽ നിന്നും മാറി, ഏറെ റിയലിസ്റ്റിക് ആയ ഒരു ചിത്രീകരണ രീതി തന്റെ കന്നിച്ചിത്രത്തിൽ കൊണ്ടുവരണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അധികം മേക്കപ്പ് ഇല്ലാതെ, പതിവ് ഷൂട്ടിങ് ലൊക്കേഷനുകൾ വിട്ട്, പുതുമുഖങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള ഈ 'റിയലിസ്റ്റിക്' രീതി അക്കാലത്ത് നാട്ടിൽ ആർക്കും പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കേട്ടവരെല്ലാം തന്നെ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. അതോടെ അദ്ദേഹവും ഏറെക്കുറെ സന്ദേഹത്തിലായി. എന്നാൽ ലണ്ടൻ സന്ദർശനത്തിനിടെ കണ്ട വിറ്റോറിയോ ഡിസീക്കയുടെ 'ദി ബൈസിക്കിൾ തീവ്സ്' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ മനസിലെ സന്ദേഹത്തെ പൂർണമായും തുടച്ചുനീക്കി, താൻ സ്വപ്നം കണ്ട പോലെ തന്നെ ഒരു സിനിമ പിടിക്കാൻ അദ്ദേഹത്തിന് പ്രേരണയേകുന്നത്. ആ സിനിമയുടെ ട്രീറ്റ്‌മെന്റ് അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. 

1955 -ൽ ആദ്യചിത്രം പഥേർ പാഞ്ചാലി വരുന്നു. അപു ട്രയോളജിയിലെ അപരാജിതോ ( 1956), അപുർ സൻസാർ (1959) എന്നിവയായിരുന്നു അടുത്ത രണ്ടു ചിത്രങ്ങൾ.


 
ഒരു ബഹുമുഖ പ്രതിഭയായിരുന്ന റേ ഈ ചിത്രങ്ങളുടെ സ്ക്രിപ്റ്റിംഗ്, BGM, എഡിറ്റിംഗ്, ടൈറ്റിൽ ഗ്രാഫിക്സ്, പോസ്റ്റർ ഡിസൈൻ എന്നിങ്ങനെ പല ഡിപ്പാർട്ടുമെന്റുകളും കൈകാര്യം ചെയ്തു. നല്ലൊരു ചിത്രകാരനായിരുന്ന റേ താൻ ചിത്രീകരിക്കാൻ പോവുന്ന രംഗങ്ങളെല്ലാം തന്നെ ആദ്യം ചിത്രങ്ങളായി വരയ്ക്കുമായിരുന്നു. നല്ലൊരു പിയാനോ വാദകനായിരിക്കുന്ന അദ്ദേഹം സിനിമയിലെ രംഗങ്ങളുമായി ഇഴചേർന്നുപോവുന്ന പശ്ചാത്തല സംഗീതവും സ്വയം പകർന്നു പോന്നിരുന്നു.

പഥേർ പാഞ്ചാലിയിൽ തുടങ്ങി 1991  -ൽ സംവിധാനം ചെയ്ത ആഗന്തുക് വരെ 36  ചിത്രങ്ങൾ സത്യജിത് റേയുടേതായിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 32  ദേശീയ അവാർഡുകൾ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. 1992 -ൽ അദ്ദേഹത്തിന് ആദരസൂചകമായി ഓസ്കാർ പുരസ്കാരം ലഭിച്ചു. അക്കൊല്ലം തന്നെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത് രത്നയും അദ്ദേഹത്തെ തേടിയെത്തി. 

click me!