
36 വർഷം ഒരു സ്ത്രീയെ അവരുടെ സ്വന്തം അച്ഛൻ മുറിയിൽ കെട്ടിയിട്ടു. ആ മുറി പൂട്ടി അവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഒടുവിൽ അച്ഛന്റെ മരണശേഷം, 36 വർഷങ്ങൾക്കിപ്പുറം സ്ത്രീ അവിടെ നിന്നും മോചിപ്പിക്കപ്പെട്ടു. ഒരു എൻജിഒ ആണ് സ്ത്രീയെ മോചിപ്പിക്കാൻ സഹായിച്ചതും പൊലീസിൽ വിവരം അറിയിച്ചതും. മകൾക്ക് മാനസികാരോഗ്യത്തിന് പ്രശ്നമുണ്ട് എന്ന് ആരോപിച്ചാണ് അച്ഛൻ അവളെ പൂട്ടിയിട്ടത്.
സപ്ന ജയിൻ എന്ന 53 -കാരിയെ ഒരു ഇരുണ്ട, വൃത്തികെട്ട മുറിയിലാണ് അച്ഛൻ കെട്ടിയിട്ടിരുന്നത്. അവൾക്ക് മാനസികാരോഗ്യത്തിന് പ്രശ്നമുണ്ട് എന്ന് സംശയിച്ചായിരുന്നു അച്ഛന്റെ ഈ ക്രൂരത. ഈ നീണ്ട വർഷങ്ങളത്രയും അവൾക്ക് നേരെ വെള്ളമൊഴിക്കുകയും (അവൾക്ക് ദേഹം വൃത്തിയാക്കാൻ) ഭക്ഷണം വാതിൽക്കൽ വച്ച് കൊടുക്കുകയും ആയിരുന്നു.
ആഗ്രയിലെ മുൻ മേയർ, ഹത്രാസ് എംഎൽഎ അഞ്ജുല മഹാവുർ എന്നിവരുടെ സഹായത്തോടെയാണ് സ്ത്രീയെ മോചിപ്പിച്ചത്. പ്രദേശത്തെ എൻജിഒ ആയ സേവാ ഭാരതിയാണ് ഇവരെ വിവരം അറിയിച്ചത്. ആ മുറിയിൽ സപ്നയ്ക്ക് ആവശ്യത്തിന് സൂര്യപ്രകാശമോ, ശുദ്ധവായുവോ കിട്ടിയിരുന്നില്ല. ഇക്കണ്ട വർഷമത്രയും അവർ സ്വാതന്ത്ര്യം എന്താണ് എന്ന് അറിഞ്ഞിട്ടില്ല. അടുത്തിടെ അവരുടെ അച്ഛൻ മരിച്ചതോടെയാണ് ഇക്കാര്യങ്ങൾക്ക് മാറ്റമുണ്ടായത്.
അച്ഛൻ മരിച്ചതോടെ എൻജിഒ -യിൽ നിന്നുമുള്ള കുറച്ച് സ്ത്രീകൾ അവരുടെ അവസ്ഥ വിലയിരുത്തുന്നതിന് വേണ്ടി സപ്നയുടെ വീട്ടിലെത്തുകയായിരുന്നു. അപ്പോഴാണ് അങ്ങേയറ്റം മോശമായ സാഹചര്യത്തിലാണ് സപ്ന ജീവിക്കുന്നത് എന്ന് മനസിലായത്. മുറിയിലാകെ അഴുക്കായിരുന്നു. അതിൽ പൊതിഞ്ഞാണ് സപ്ന കഴിഞ്ഞിരുന്നത്. എത്തിയ സ്ത്രീകൾ അവരെ വൃത്തിയാകാൻ സഹായിക്കുകയും അവർക്ക് പുതിയ വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.
പതിനേഴാമത്തെ വയസിലാണ് സപ്നയെ അച്ഛൻ പൂട്ടിയിടുന്നത്. ജീവിതത്തിന്റെ ഏറ്റവും നല്ലത് എന്ന് പറയാവുന്ന മുഴുവൻ കാലവും അവൾ ആ മുറിക്കകത്ത് പൂട്ടിയിട്ട അവസ്ഥയിലായിരുന്നു. തങ്ങൾക്ക് സപ്നയുടെ അവസ്ഥ അറിയാമായിരുന്നു. എന്നാൽ അതേ കുറിച്ച് പറയുമ്പോഴൊക്കെ സപ്നയുടെ വീട്ടുകാർ തങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടേണ്ട എന്ന് പറയുകയായിരുന്നു എന്ന് അയൽക്കാർ പറയുന്നു.
നിലവിൽ സപ്നയെ ആഗ്രയിലുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ പരിശോധനയ്ക്കായി പാർപ്പിച്ചിരിക്കുകയാണ്.