പിന്നല്ല, ഇതൊക്കെ പുഷ്പം പോലെ; മകൾ വെല്ലുവിളിച്ചു, 44 -ാം വയസ്സിൽ എം.ബി.എ പ്രവേശനം നേടി പിതാവ്

Published : Aug 11, 2026, 11:23 AM IST
book

Synopsis

തങ്ങളുടെ തലമുറ നേരിടുന്ന അത്രയും വലിയ പഠനഭാരം മുൻ തലമുറ നേരിട്ടിട്ടില്ലെന്ന് വാദിച്ച മകൾ, 'കഴിവുണ്ടെങ്കിൽ ഒരു ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതി ജയിച്ചു കാണിക്കൂ' എന്ന് പിതാവിനെ വെല്ലുവിളിക്കുകയായിരുന്നു.

മകളുമായുള്ള തർക്കത്തിനിടയിൽ ഉയർന്ന വെല്ലുവിളി ഏറ്റെടുത്ത് 44 -ാം വയസ്സിൽ രാജ്യത്തെ പ്രമുഖ സർവകലാശാലയിൽ എം.ബി.എ പ്രവേശനം നേടി പിതാവ്. ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള സിയാൻ സ്വദേശിയായ ഷാങ് ഷിചിയാങ് ആണ് മകൾക്ക് മാതൃകയാകാൻ കഠിനാധ്വാനത്തിലൂടെ വിജയം കൊയ്തത്. അച്ഛന്റെ ഈ അപൂർവ്വ വിജയം മകളുടെ പഠനരീതിയിലും വൻ മാറ്റത്തിന് വഴിയൊരുക്കി.

ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഷാങ്, ഔദ്യോഗിക ആവശ്യങ്ങൾക്കായി വർഷത്തിൽ 300 ദിവസത്തോളം യാത്ര ചെയ്യുന്നയാളാണ്. കഴിഞ്ഞ വർഷം, 15-കാരിയായ മകളെ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശന പരീക്ഷയ്ക്ക് സഹായിക്കാനായി അദ്ദേഹം തന്റെ ജോലിഭാരം കുറച്ചിരുന്നു. എന്നാൽ പഠനകാര്യങ്ങളെച്ചൊല്ലി ഉടലെടുത്ത തർക്കമാണ് സംഭവങ്ങളുടെ തുടക്കം.

തങ്ങളുടെ തലമുറ നേരിടുന്ന അത്രയും വലിയ പഠനഭാരം മുൻ തലമുറ നേരിട്ടിട്ടില്ലെന്ന് വാദിച്ച മകൾ, 'കഴിവുണ്ടെങ്കിൽ ഒരു ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതി ജയിച്ചു കാണിക്കൂ' എന്ന് പിതാവിനെ വെല്ലുവിളിക്കുകയായിരുന്നു.

ഈ വാശി നെഞ്ചിലേറ്റിയ ഷാങ് പരീക്ഷയ്ക്കായി ഉടൻ രജിസ്റ്റർ ചെയ്തു. ജോലി തിരക്കുകൾക്കിടയിലും ദിവസവും 8 മണിക്കൂറിലധികം അദ്ദേഹം പഠനത്തിനായി നീക്കിവെച്ചു. രാവിലെ 6 മുതൽ 9 വരെ ഇംഗ്ലീഷ് പഠനവും, വൈകുന്നേരങ്ങളിൽ 5 മണിക്കൂർ ഗണിതശാസ്ത്രവും പഠിച്ചു. ബിസിനസ്സ് യാത്രകളിലെ അതിവേഗ ട്രെയിനുകളിലും പഠനം തുടർന്നു. അഞ്ച് മാസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ ഡിസംബറിൽ നടന്ന ദേശീയ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം നേടിയ ഷാങ്ങിന് നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പാർട്ട് ടൈം എം.ബി.എ പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചു.

അച്ഛന്റെ നിശ്ചയദാർഢ്യം മകളുടെ മനോഭാവത്തെയും മാറ്റിമറിച്ചു. ലൈബ്രറിയിൽ പോകാൻ മടിച്ചിരുന്ന മകൾ സഹപാഠികളുമായി ചേർന്ന് പഠനഗ്രൂപ്പുകൾ ഉണ്ടാക്കാനും, അച്ചടക്കത്തോടെ പഠിക്കാനും തുടങ്ങി. തുടർന്ന് നടന്ന പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്കോടെ ഇഷ്ടപ്പെട്ട സ്കൂളിൽത്തന്നെ പ്രവേശനം നേടാനും മകൾക്കും സാധിച്ചു.

'വെറുതെ ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ സ്വന്തം പ്രവർത്തികളിലൂടെ കാണിച്ചുകൊടുക്കുന്നതാണ് മികച്ച പാരന്റിം​ഗ്' എന്ന് ഷാങ് വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ തരംഗമാണ് ഈ അച്ഛന്റെയും മകളുടെയും കഥ.

PREV
Read more Articles on
click me!

Recommended Stories

ചൂടകറ്റാൻ കുമ്പളങ്ങ കെട്ടിപ്പിടിച്ചുറക്കം; പൊട്ടിത്തെറിച്ച് ചീഞ്ഞുനാറി കിടപ്പറകൾ!
'കിട്ടി, മറുപടി കിട്ടി'; 109 വർഷം പഴക്കമുള്ള കടം; ഇന്ത്യൻ കുടുംബത്തിന് യുകെ ഡെബ്റ്റ് ഓഫീസിൽ നിന്നും മറുപടി