അച്ഛന്‍റെ കാർ കാണാതായി, മകൾ 'ഡിറ്റക്ടീവായി', കാർ കണ്ടെത്തി

By Web TeamFirst Published Aug 14, 2022, 12:08 PM IST
Highlights

"എന്നാൽ പൊലീസ് അത് കൈകാര്യം ചെയ്ത രീതിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. എനിക്ക് സോഷ്യൽ മീഡിയയിൽ നല്ല പരിചയമുണ്ട്. അതിനാൽ ഞാൻ ഇത് 45 ഗ്രൂപ്പുകളിൽ ഇട്ടു. അങ്ങനെ വിവരം എല്ലായിടത്തും അറിഞ്ഞു" അവൾ പറഞ്ഞു.

അച്ഛന്റെ കാർ കാണാതായി, മകൾ ഡിറ്റക്ടീവായി അതിവിദ​ഗ്ദ്ധമായി അതു കണ്ടുപിടിച്ചു. ഇപ്പോൾ കാർ കാണാതായ അനേകം ആളുകൾ അവളോട് നമ്മുടെ കാറുകളും കണ്ടെത്താൻ സഹായിക്കാമോ എന്ന് അന്വേഷിക്കുകയാണ്. ജൂലൈ മാസത്തിലാണ് ബെക്കി ഹാരിം​ഗ്‍ടണിന്റെ അച്ഛന്റെ £12,000 -ന്റെ ജാ​ഗ്വാർ മോഷണം പോകുന്നത്. 

സോഷ്യൽ മീഡിയ ഉപയോഗിച്ചും സിസിടിവി പരിശോധിച്ചും ഒടുവിൽ നാല് മൈൽ അകലെ നിന്നും അവൾ കാർ കണ്ടെത്തി. ഡോർസെറ്റ് പൊലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടരുകയാണ് എന്ന് പറയുന്നു. ജൂലൈ 24 ഞായറാഴ്ചയാണ് തന്റെ അച്ഛൻ കാർ കാണാതായ വിവരം അറിയുന്നത് എന്ന് ഹാരിം​ഗ്ടൺ പറയുന്നു. അങ്ങനെ പൊലീസിൽ വിവരം അറിയിച്ചു. 

"എന്നാൽ പൊലീസ് അത് കൈകാര്യം ചെയ്ത രീതിയിൽ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. എനിക്ക് സോഷ്യൽ മീഡിയയിൽ നല്ല പരിചയമുണ്ട്. അതിനാൽ ഞാൻ ഇത് 45 ഗ്രൂപ്പുകളിൽ ഇട്ടു. അങ്ങനെ വിവരം എല്ലായിടത്തും അറിഞ്ഞു" അവൾ പറഞ്ഞു. പൊലീസിൽ തന്നെ ആശ്രയം അർപ്പിച്ച് കഴിഞ്ഞിരുന്നു എങ്കിൽ ഇപ്പോഴും തന്റെ അച്ഛന് കാർ കിട്ടുമായിരുന്നില്ല എന്നും ഹാരിം​ഗ്ടൺ പറയുന്നു. 

പെട്രോൾ സ്‌റ്റേഷനുകളിൽ നിന്നും പ്രാദേശിക കടകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം ഒടുവിൽ ഹാരിം​ഗ്ടൺ കാർ കണ്ടെത്തുക തന്നെ ചെയ്തു. ഏതായാലും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ഹാരിം​ഗ്ടണിന് ഇതൊരു പുതിയ അനുഭവമായിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും നിയമവും പഠിക്കാം എന്ന് അവൾ തീരുമാനിച്ചിരിക്കയാണ്. 

ഇപ്പോൾ നിരവധിപ്പേർ ഹാരിം​ഗ്ടണിനോട് തങ്ങളുടെ കാണാതായ വാഹനവും കണ്ടെത്താൻ സഹായിക്കാമോ എന്ന് അന്വേഷിക്കുന്നുണ്ട്. ഒരു സ്ത്രീ അവരുടെ മകന്റെ കാണാതായ ബിഎംഡബ്ല്യു കണ്ടെത്തി നൽകാമോ എന്നാണ് അന്വേഷിച്ചിരിക്കുന്നത്. 

tags
click me!