കേൾവിശക്തിയില്ലാത്ത ഡ്രൈവർ, ഭിന്നശേഷി സൗഹാർദ്ദപരമായി മാറണ്ടേ ഇന്ത്യയും? പോസ്റ്റ്

Published : Sep 25, 2026, 11:46 AM IST
viral post

Synopsis

കാർ എത്തിയപ്പോൾ ഡ്രൈവർ തനിക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ഒരു കാർഡ് നീട്ടിയതായി അദ്ദേഹം പറഞ്ഞു. തുടർന്ന് ഗൗരവ് ആംഗ്യഭാഷയിലൂടെ തന്നെ ഡ്രൈവറോടു നന്ദി അറിയിക്കുകയും ചെയ്തു.

അമേരിക്കയിലെ ഒരു ലിഫ്റ്റ് (Lyft) ക്യാബിലുള്ള വ്യത്യസ്തമായ യാത്രാനുഭവത്തെ കുറിച്ചും ഭിന്നശേഷിക്കാരോടുള്ള തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തെ കുറിച്ചും ഇന്ത്യൻ സംരംഭകനായ ഗൗരവ് ഖേതർപാൽ എക്സ് (X) ൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. കേൾവിയില്ലാത്ത ഒരു ഡ്രൈവറുമായുണ്ടായ അനുഭവവും, ഇന്ത്യയിലെ ഭിന്നശേഷിക്കാർക്കുള്ള അവസരങ്ങളെക്കുറിച്ചുള്ള സംശയവുമാണ് പോസ്റ്റിൽ കാണാനാവുക.

അമേരിക്കയിൽ എത്തിയ ശേഷം ഹോട്ടലിലേക്ക് പോകാൻ ലിഫ്റ്റ് ക്യാബ് ബുക്ക് ചെയ്തതായിരുന്നു ഗൗരവ് ഖേതർപാൽ. ക്യാബ് എത്തുന്നതിന് മുമ്പ് തന്നെ തന്റെ ഡ്രൈവർക്ക് കേൾവിയില്ല എന്ന വിവരം ആപ്പ് അദ്ദേഹത്തിന് നൽകിയിരുന്നു. കൂടാതെ, ഡ്രൈവറുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന അമേരിക്കൻ സൈൻ ലാം​ഗ്വേജ് വാചകങ്ങളും ആപ്പിൽ കൊടുത്തിട്ടുണ്ടായിരുന്നു.

കാർ എത്തിയപ്പോൾ ഡ്രൈവർ തനിക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ഒരു കാർഡ് നീട്ടിയതായി അദ്ദേഹം പറഞ്ഞു. തുടർന്ന് ഗൗരവ് ആംഗ്യഭാഷയിലൂടെ തന്നെ ഡ്രൈവറോടു നന്ദി അറിയിക്കുകയും ചെയ്തു. യുഎസിൽ ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന തുല്യ അവസരങ്ങളും ബഹുമാനവും ഇന്ത്യയിലുമുണ്ടാകുമോ എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ ചോദിക്കുന്നു. സർക്കാർ ജോലികളിലെ സംവരണത്തിനപ്പുറത്തേക്ക് ഭിന്നശേഷിക്കാർക്കായി ഇന്ത്യ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മിക്കവരും ​ഗൗരവിന്റെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയത്. പബ്ലിക് ട്രാൻസ്‌പോർട്ടിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യക്ക് യുഎസിൽ നിന്ന് ഇനിയും ഏറെ പഠിക്കാനുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ, ഇന്ത്യയിലും സമാനമായ മാറ്റങ്ങൾ വരുന്നുണ്ടെന്നും പലരും കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഊബർ ക്യാബുകളിലും സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും ഭിന്നശേഷിക്കാർ ജോലി ചെയ്യുന്നുണ്ടെന്നും പലരും ചൂണ്ടിക്കാണിച്ചു. തിരക്കേറിയ ഇന്ത്യൻ നഗരങ്ങളിൽ ഭിന്നശേഷിക്കാരായ ഡ്രൈവർമാർ നേരിടുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകളെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

തനിത്തങ്കമാണ് നിങ്ങളുടെ ഹൃദയം; പെൻഷനില്ല, ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കുമായി സേവിം​ഗ്സ് തുടങ്ങി യുവാവ്
‘മുത്തശ്ശിക്കും ബ്ലിങ്കിറ്റ് പഠിക്കണം!’ കൊച്ചുമകളുടെ ഓൺലൈൻ ഷോപ്പിങ് ക്ലാസ്; കുറിപ്പെഴുതി പഠിക്കുന്ന മുത്തശ്ശിയുടെ വീഡിയോ വൈറൽ