
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓരോ ദിവസവും പുത്തൻ വാക്കുകളും പ്രയോഗങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജെൻ സികൾ ഉപയോഗിക്കുന്ന അത്തരം ഒരു പ്രയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് 'CEO of'. എന്നാൽ ഈ പ്രയോഗത്തിന് ഒരു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് കൗതുകകരമായ വസ്തുത.
ജെൻ സി സ്ലാങ് അനുസരിച്ച് ഒരാൾ ഒരു കാര്യത്തിൽ അങ്ങേയറ്റം പ്രാവീണ്യമുള്ളവനാണെന്ന് സൂചിപ്പിക്കാനാണ് 'CEO of' എന്ന ഉപയോഗിക്കുന്നത്. പണ്ട് GOAT( Greatest of All Time)എന്ന പദം ഉപയോഗിച്ചിരുന്നതിൻ്റെ പുതിയ പതിപ്പാണിതെന്ന് പറയാം. ഉദാഹരണത്തിന് , ഒരാൾ നന്നായി വസ്ത്രം ധരിക്കുന്നയാളാണെങ്കിൽ അവരെ 'CEO of fashion'എന്ന് വിളിക്കാം. ഒരു കാര്യത്തിൽ ഏറ്റവും മികച്ചയാൾ എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
സോഷ്യൽ മീഡിയ കമന്റുകളിലും റീലുകളിലുമാണ് ഈ പ്രയോഗം ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. നല്ല കാര്യങ്ങൾക്ക് മാത്രമല്ല, ആളുകളെ കളിയാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, എപ്പോഴും വൈകി എത്തുന്ന ഒരാളെ 'CEO of being late' എന്നും, ഒരു കാര്യത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നയാളെ 'CEO of overthinking' എന്നും തമാശരൂപേണ വിളിക്കാറുണ്ട്. ഇത് ഒരുതരം മെയ്ൻ ക്യാരക്ടർ വൈബ് നൽകുന്ന പ്രയോഗമായാണ് യുവാക്കൾ കണക്കാക്കുന്നത്.
മിനിമലിസം ഇഷ്ടപ്പെടുന്ന പുതിയ തലമുറ, വലിയ വിശേഷണങ്ങൾക്ക് പകരം ഇത്തരം ചെറിയ വാക്കുകളിലൂടെ വലിയ അർത്ഥങ്ങൾ കൈമാറാൻ താല്പര്യപ്പെടുന്നു. 'Slay', 'Rizz', 'Pookie' തുടങ്ങിയ വാക്കുകൾക്കൊപ്പം 'CEO of' ഇപ്പോൾ മലയാളികൾക്കിടയിലും, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കുന്നു.