
മുതിർന്നാലും കുട്ടികളെ പോലെ പെരുമാറാൻ ഇഷ്ടപ്പെടുന്ന അനേകം ആളുകളുണ്ട് ഈ ലോകത്ത്. എന്നാൽ, വീട്ടിലോ, ജോലി സ്ഥലത്തോ, പൊതുസ്ഥലത്തോ ഒന്നും അത് സാധ്യമല്ല. ആളുകൾ പരിഹസിക്കും എന്നത് തന്നെ കാരണം. മാത്രമല്ല, ഇതിനെ വൈകൃതമായി കാണുന്നവരും ഉണ്ട്. എന്തായാലും, അത്തരക്കാർക്ക് പറ്റിയൊരു സ്ഥലം അങ്ങ് ന്യൂ ഹാംഷെയറിലെ അറ്റ്കിൻസണിലുണ്ട്. അതാണിപ്പോൾ വാർത്തയാവുന്നത്.
ഈ ഡയപ്പർ സ്പാ തികച്ചും മറ്റ് സ്പാകളിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ എത്ര വേണമെങ്കിലും കുട്ടികളെ പോലെ വസ്ത്രം ധരിക്കാം, കുട്ടികളെ പോലെ പെരുമാറാം. പക്ഷേ, അതിന് നല്ല കാശ് കൊടുക്കണം. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ഇവിടെ നൽകേണ്ടി വരും.
ഡയപ്പർ സ്പാ എന്നാണ് ഇതിന്റെ പേര്. ഫിസിഷ്യനായ ഡോ കോളിൻ മർഫിയാണ് ഇത് തുടങ്ങിയത്. പ്ലേ ടൈം, സ്റ്റോറി ടൈം, നാപ് ടൈം, കഡിൽ ടൈം, ചേഞ്ചിംഗ് ടൈം, കളറിംഗ്, നേഴ്സറി പാട്ടുകൾ എന്നിവയെല്ലാം ഇവിടെ ഉണ്ട്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'ഡയപ്പർ ധരിക്കാനാഗ്രഹിക്കുന്ന, കുഞ്ഞുങ്ങളെ പോലെ പെരുമാറാൻ ആഗ്രഹിക്കുന്നവർക്കായി ന്യൂ ഹാംഷെയറിൽ തുടങ്ങിയ ഡയപ്പർ സ്പാ' എന്ന് അതിനൊപ്പം എഴുതിയിട്ടുണ്ട്.
കുഞ്ഞുങ്ങളെ പോലെ പെരുമാറാൻ ആഗ്രഹിക്കുന്ന, മൃഗങ്ങളെ പോലെ പെരുമാറാൻ ആഗ്രഹിക്കുന്ന തുടങ്ങി ഒരുപാട് വ്യത്യസ്തമായ ആഗ്രഹങ്ങളുമായി ജീവിക്കുന്ന ഒരുപാട് പേർ ഇന്നുണ്ട്. അവർക്ക് സമൂഹത്തിൽ അംഗീകാരം തീരെയില്ല. അത്തരമൊരു സാഹചര്യത്തിലാണ് താൻ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയത് എന്നാണ് ഡോ. കോളിൻ പറയുന്നത്. മണിക്കൂറിന് 16,500 രൂപ നിരക്കിൽ ഒരു വെർച്വലായും ഇവിടുത്തെ സൗകര്യങ്ങൾ അനുഭവിക്കാം.
അതേസമയം ഈ സ്ഥാപനത്തിനെതിരെ വിമർശനങ്ങളുന്നയിക്കുന്നവരും ഉണ്ട്. ഇതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്തുകയും വൈകൃതമായി കാണുകയും ചെയ്യുന്നവരാണ് പ്രധാനമായും ഇതിനെ വിമർശിക്കുന്നത്.