
കുട്ടികൾക്കും യുവതീ യുവാക്കൾക്കും മൊബൈൽ ഫോണിനോടും ടിവിയോടുമുള്ള അഭിനിവേശം കുറയ്ക്കാൻ പുതിയൊരു പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ മൊഹിതേ വഡ്ഗാവ് എന്ന ഗ്രാമം. ഇതിൻറെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ഒന്നരമണിക്കൂർ ഗ്രാമത്തിലെ എല്ലാവരും മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഓഫ് ചെയ്തു വെക്കണം. ഗ്രാമവാസികളായ കുട്ടികൾക്കിടയിലും യുവതീ യുവാക്കൾക്കിടയിലും മൊബൈൽ ഫോണിനോടും ടിവിയോടുമുള്ള താല്പര്യം അനിയന്ത്രിതമായി വർദ്ധിച്ചതോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചത്. കഴിഞ്ഞവർഷം മുതലാണ് ഇത്തരത്തിൽ ഒരു ശീലം ഗ്രാമവാസികൾ തങ്ങളുടെ ജീവിതത്തിൻറെ ഭാഗമാക്കി തുടങ്ങിയത്.
ഗ്രാമത്തിലെ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടെയുള്ള മുഴുവൻ ആളുകളും തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും മൊബൈൽ ഫോണിലും ടെലിവിഷനിലും ചെലവഴിച്ചു തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ ഗ്രാമത്തിലെ അധികാരികൾ തീരുമാനിച്ചത്. ആദ്യഘട്ടങ്ങളിൽ ചെറിയ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഗ്രാമവാസികൾ മുഴുവൻ പദ്ധതിയുടെ സഹകരിക്കുന്നു എന്നാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നവർ പറയുന്നത്.
ഗ്രാമത്തിലെ മുഴുവൻ ആളുകളും ഇപ്പോൾ ആ ഒന്നര മണിക്കൂർ വളരെ ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങി എന്നും അവർ പറയുന്നു. കൂടുതൽ ആളുകൾ വായനയിൽ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതും വീട്ടുകാരുമായി ഒന്നിച്ചിരുന്ന് സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതും പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങൾ ആണെന്നും ഇവർ പറയുന്നു. കൂടാതെ ഇത്തരത്തിൽ ഒരു സമയം മാറ്റിവയ്ക്കുന്നതിലൂടെ വിദ്യാർഥികളായ കുട്ടികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും സാധിക്കുന്നുണ്ടെന്നും ഗ്രാമവാസികൾ അഭിപ്രായപ്പെടുന്നു.
3000 -ത്തിലധികം ആളുകളാണ് മൊഹിതേ വഡഗാവ് ഗ്രാമത്തിലുള്ളത്. എല്ലാവരും പദ്ധതിയോട് നന്നായി സഹകരിക്കുന്നതുകൊണ്ടുതന്നെ ഇത് തുടർന്നു പോകാൻ ആണ് ഗ്രാമവാസികളുടെ തീരുമാനം.