90 ദശലക്ഷം വര്‍ഷം മുമ്പ് അന്‍റാര്‍ട്ടിക്ക ഒരു മിതശീതോഷ്ണ വനമായിരുന്നെന്ന് കണ്ടെത്തൽ

Published : Nov 21, 2024, 10:28 PM IST
90 ദശലക്ഷം വര്‍ഷം മുമ്പ് അന്‍റാര്‍ട്ടിക്ക ഒരു മിതശീതോഷ്ണ വനമായിരുന്നെന്ന് കണ്ടെത്തൽ

Synopsis

മിതശീതോഷ്ണ വനമായിരുന്ന ഒരു പ്രദേശമായിരുന്നു അന്‍റാര്‍ട്ടിക്ക, കഠിനമായ ചൂടും തണുപ്പും പ്രതിരോധിക്കാന്‍ കഴിയുന്ന റെസിൻ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്ന മരങ്ങളാൽ നിബിഡമായിരുന്നു അക്കാലത്ത് അന്‍റാര്‍ട്ടിക്ക. 


ന്ന് മഞ്ഞുരുക്കം നേരിടുന്നുണ്ടെങ്കിലും അന്‍റാര്‍ട്ടിക്കയെന്ന് കേള്‍ക്കുമ്പോള്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വിശാലമായ മഞ്ഞ് നിറഞ്ഞ പ്രദേശമാണ് നമ്മുടെ മനസിലേക്ക് കടന്ന് വരിക. എന്നാല്‍ ഒരു കാലത്ത് അവിടം നിബിഡവനമായിരുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അന്‍റാര്‍ട്ടിക്ക ഏതാണ്ട് 90 ദശലക്ഷം വർഷം മുമ്പ് മിതശീതോഷ്ണ വനപ്രദേശമായിരുന്നുവെന്നതിന്‍റെ തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഫ്രീബർഗ് യൂണിവേഴ്സിറ്റി ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെയും ആൽഫ്രഡ് വെജെനർ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍. 

ക്രിറ്റേഷ്യസ് കാലഘട്ടത്തിന്‍റെ (Cretaceous period) മധ്യത്തിൽ ഏകദേശം 90 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന ആമ്പർ ശകലങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. റെസിൻ ഉത്പാദിപ്പിക്കുന്ന കോനിഫോറെസ് മരങ്ങള്‍ക്ക് (coniferous tree) നിലനിൽക്കാന്‍ ആവശ്യമായ ചൂട് അക്കാലത്തെ അന്‍റാര്‍ട്ടിക്കന്‍ കാലാവസ്ഥയ്ക്ക് ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ഐസ് ബ്രേക്കർ പോളാർസ്റ്റേൺ, ആമുണ്ട്സെൻ കടലിൽ നടത്തിയ ഖനനത്തില്‍ നിന്നും ഒരു മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആമ്പർ ഉത്പാദിപ്പിക്കുന്ന മരങ്ങൾ കഠിനമായ ശൈത്യകാലത്തെയും ചൂട് കാലത്തെയും ഇരുണ്ട കാലത്തെയും നേരിടാൻ കരുത്തുള്ളവയാണ്. 

ഈ കണ്ടെത്തല്‍ ഒരിക്കല്‍ അന്‍റാര്‍ട്ടിക്കയിൽ തഴച്ച് വളര്‍ന്ന മരക്കാടിന്‍റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. മഴക്കാടിന്‍റെ സാന്നിധ്യത്തെ കുറിച്ച് മാത്രമല്ല, ഭൂമിയുടെ ഹരിതഗൃഹ ഭൂതകാലത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ ഇതുവരെയുള്ള അറിവിനെയും ഈ കണ്ടെത്തല്‍ ശക്തിപ്പെടുത്തുമെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ മധ്യകാലഘട്ടം തീവ്രമായ ആഗോളതാപനത്തിന്‍റെ ഒരു കാലഘട്ടമായിരുന്നു. കണ്ടെത്തിയ ആമ്പറിന്‍റെ സൂക്ഷ്മപരിശോധനയിൽ, മരത്തിന്‍റെ പുറംതൊലിയുടെ അവശിഷ്ടങ്ങൾ, പാത്തോളജിക്കൽ റെസിൻ ഫ്ലോയുടെ അടയാളങ്ങൾ എന്നിവയും  കണ്ടെത്തി. പരാന്നഭോജികളിൽ നിന്നും കാട്ടുതീയിൽ നിന്നും കേടായ പുറംതൊലി അടയ്ക്കാൻ ഉപയോഗിക്കുന്ന, മരം സ്വയം വികസിപ്പിച്ചെടുത്ത ഒരു അതിജീവന സംവിധാനമാണിത്. 

അന്‍റാർട്ടിക്ക, സഹാറ, ആമസോൺ, അസംഭവ്യമെന്ന് ഇതുവരെ കരുതിയ മാറ്റങ്ങൾ! പ്രകൃതിയിലെ മാറ്റങ്ങൾ അപകട സൂചനയോ?

പുരാതന അന്‍റാർട്ടിക് മരങ്ങൾ സ്വയം രൂപപ്പെടുത്തിയ പ്രതിരോധശേഷിയിലേക്കും അവ അക്കാലത്ത് നേരിട്ട വെല്ലുവിളികളിലേക്കും പുതിയ കണ്ടെത്തല്‍ വെളിച്ചം വീശുന്നു. ഭൂമിയിലെ ഏഴ് ഭൂഖണ്ഡങ്ങളും ഒരിക്കല്‍ റെസിന്‍ ഉത്പാദിപ്പിച്ചിരുന്ന മരങ്ങള്‍ നിലനിന്നിരുന്നു.  ഇത് ഭൂമിയുടെ കാലാവസ്ഥാ, പാരിസ്ഥിതിക ചരിത്രത്തിന്‍റെ പരസ്പര ബന്ധത്തെയാണ് കാണിക്കുന്നത്. അതായത്, ഭൂമിക്ക് സ്വയം പുനർനവീകരണശേഷിയുണ്ടെന്ന്. ആഗോളതാപനം അന്‍റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം ശക്തമാക്കുമ്പോള്‍ അതിപുരാതന കാലത്തെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അത് വഴി ഇത്തരം തീവ്രമായ മാറ്റങ്ങളുമായി ഭൂമിയിലെ ജീവിതം ഏങ്ങനെയാണ് അതിജീവിച്ചതെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ഗവേഷകര്‍ കണക്ക് കൂട്ടുന്നു. 

കടലിനടിയിലൊരു കത്തീഡ്രൽ പോലെ, 300 വർഷം പഴക്കം; സോളമൻ ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി
 

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും