ഒഡീഷയില്‍ പ്ലസ് ടു പരീക്ഷയിൽ ജില്ലാ ടോപ്പറായ പെൺകുട്ടി, തുടർപഠനത്തിന് പണം കണ്ടെത്താൻ കൂലിപ്പണിക്ക്

Published : Jun 01, 2023, 01:32 PM IST
ഒഡീഷയില്‍ പ്ലസ് ടു പരീക്ഷയിൽ ജില്ലാ ടോപ്പറായ പെൺകുട്ടി, തുടർപഠനത്തിന് പണം കണ്ടെത്താൻ കൂലിപ്പണിക്ക്

Synopsis

ഒരു സിവിൽ സർവീസ് ഓഫീസറാവുക എന്നതാണ് അവളുടെ സ്വപ്നം. തീവ്രമായ ആ​ഗ്രഹമുണ്ടെങ്കിൽ വിജയം കണ്ടെത്താനാവും എന്ന് വിശ്വസിക്കുന്ന കരാമ തന്റെ സ്വപ്നം പൂവണിയും എന്ന് തന്നെ വിശ്വസിക്കുന്നു.

കേരളത്തിൽ ഇന്ന് സ്കൂൾ തുറക്കുകയാണ്. ഏറെ സന്തോഷത്തോടെയും സ്വപ്നങ്ങളോടെയുമാണ് വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസം നേടുക എന്നാൽ ഭാവി സുരക്ഷിതമാക്കുക എന്നത് മാത്രമല്ല അറിവ് നേടുക എന്നത് കൂടിയാണ് അർത്ഥം. എന്നാൽ, പഠനം മുന്നോട്ട് കൊണ്ടുപോവുക എന്നത് വളരെ കഠിനമായിത്തീർന്ന എത്രയോ കുട്ടികൾ നമ്മുടെ ഇന്ത്യയിലുണ്ട്. എല്ലാവർക്കും ജീവിതം ഒരുപോലെ സുഖകരമല്ലല്ലോ. അതുപോലെ, ഇപ്പോൾ ഒഡീഷയിൽ നിന്നും ഒരു വാർത്ത പുറത്ത് വരികയാണ്. 

പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ടോപ്പറായി ജയിച്ച പെൺകുട്ടി തുടർപഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നതാണ് വാർത്ത. 2022 ഓഗസ്റ്റിലാണ്, ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിൽ ബോണ്ട ആദിവാസി വിഭാ​ഗത്തിൽ പെടുന്ന കരാമ മുദുലി എന്ന പെൺകുട്ടി ഹയർ സെക്കൻഡറി പരീക്ഷയിൽ കൊമേഴ്സ് വിഭാ​ഗത്തിൽ ഒന്നാമതെത്തി ചരിത്രം കുറിച്ചത്. 

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ അഭിനന്ദന സന്ദേശം വരെ അവളെ തേടിയെത്തുകയും അവളുടെ വിജയം ഏവരും ആഘോഷിക്കുകയും ചെയ്തു. കൂലിത്തൊഴിലാളികളാണ് കരാമയുടെ മാതാപിതാക്കൾ. 82.66 ശതമാനം മാർക്കാണ് അവൾ ഹയർ സെക്കൻഡറി പരീക്ഷയിൽ നേടിയത്. തുടർപഠനത്തിന് പണം കണ്ടെത്താൻ വേണ്ടി കൂലിപ്പണി ചെയ്യുന്ന അവളുടെ വാർത്തയാണ് എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത്. 

ഭുവനേശ്വറിലെ രമാദേവി വിമൻസ് യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ കരാമ തന്റെ തുടർപഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഒഴിവ് ദിവസങ്ങളിൽ ചൂടും കഷ്ടപ്പാടും വകവയ്ക്കാതെ പണിക്കിറങ്ങുന്നത്. 

"പ്ലസ് ടു ഫലം വന്ന ശേഷം, സ്വപ്നം സാക്ഷാത്കരിക്കാൻ എന്നെ സഹായിക്കാൻ വേണ്ടി മൈര ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ടുവന്നു. അവർ തന്നെയാണ് എന്നെ ഭുവനേശ്വറിലെ രമാദേവി സർവ്വകലാശാലയിൽ ചേർത്തത്. എന്നാൽ എന്റെ കുടുംബം വളരെ ദരിദ്രമാണ്. അതിനാൽ തന്നെ വിദ്യാഭ്യാസച്ചെലവ് വഹിക്കുക എന്നത് തികച്ചും ബുദ്ധിമുട്ടാണ്. മറ്റ് വഴികളില്ലാത്തതിനാലാണ് ഞാനിപ്പോൾ കൂലിപ്പണിക്ക് പോകുന്നത്" എന്ന് കരാമ മാധ്യമങ്ങളോട് പറഞ്ഞു. 200 രൂപയാണ് അവൾക്ക് ദിവസക്കൂലി കിട്ടുന്നത്. 

ഒരു സിവിൽ സർവീസ് ഓഫീസറാവുക എന്നതാണ് അവളുടെ സ്വപ്നം. തീവ്രമായ ആ​ഗ്രഹമുണ്ടെങ്കിൽ വിജയം കണ്ടെത്താനാവും എന്ന് വിശ്വസിക്കുന്ന കരാമ തന്റെ സ്വപ്നം പൂവണിയും എന്ന് തന്നെ വിശ്വസിക്കുന്നു. ഏതായാലും, അവളുടെ വാർത്ത വൈറലായതോടെ മൽക്കൻഗിരി ജില്ലാ ഭരണകൂടം അവളെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും
16 വയസിൽ താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട, നിയമം പ്രാബല്ല്യത്തിൽ, ആദ്യരാജ്യമായി ഓസ്ട്രേലിയ