വൃദ്ധസദനത്തിലെ മൃതദേഹങ്ങളെ കുളിപ്പിക്കുക ജോലി, 22 -ാമത്തെ വയസിൽ ആത്മഹത്യ

Published : Jun 17, 2022, 11:32 AM ISTUpdated : Jun 17, 2022, 11:34 AM IST
വൃദ്ധസദനത്തിലെ മൃതദേഹങ്ങളെ കുളിപ്പിക്കുക ജോലി, 22 -ാമത്തെ വയസിൽ ആത്മഹത്യ

Synopsis

ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ അവൾ മാനസികമായി തകർന്നിരുന്നു. ജോലി ഉപേക്ഷിച്ച അവൾ വീട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളോട് പോലും അവൾ സംസാരിച്ചിരുന്നില്ല.

മരണം എന്നത് ജീവിതത്തിന്റെ മാത്രം അവസാനമല്ല, പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ, സന്തോഷത്തിന്റെ ഒക്കെ അവസാനമാണ്. മരണത്തെ ചുറ്റിപ്പറ്റിയുള്ളതെല്ലാം മടുപ്പിക്കുന്നതാണ്. എന്നാൽ, എല്ലാ ദിവസവും മരണത്തെ നേരിടേണ്ടി വരികയാണെങ്കിൽ നമ്മുടെ മാനസികാവസ്ഥ എന്തായിരിക്കും? 

വൃദ്ധസദനത്തിലെ ജീവനക്കാരിയായ ടെയ്‌ലർ വാട്ടേഴ്സണിന്റെ ജോലി മരിച്ചവരുടെ മൃതദേഹങ്ങളെ കുളിപ്പിക്കുക എന്നതായിരുന്നു. മറ്റുള്ളവരുടെ വേർപാടുകൾ കണ്ട് മനസ്സ് മടുത്ത അവൾ ഒടുവിൽ സ്വയം ജീവനൊടുക്കി. ജീവിതത്തിന്റെ പാതിദൂരം പോലും നടന്നെത്തുന്നതിന് മുൻപ് തന്റെ 22 -ാമത്തെ വയസ്സിൽ അവൾ ആ യാത്ര അവസാനിപ്പിച്ചു. ജോലിയിൽ അവൾ അനുഭവിച്ച മാനസിക സംഘർഷമാണ് മരണകാരണമെന്ന് അവളുടെ മാതാപിതാക്കളായ ആൻഡിയും ലാന മക്ലീവും അവകാശപ്പെടുന്നു.

സ്കോട്ട്ലാൻഡിലെ സ്റ്റീവൻസ്റ്റൺ നിവാസിയായ അവൾ രണ്ട് കെയർ ഹോമുകളിലാണ് ജോലി ചെയ്തിരുന്നത്, ഇർവിനിലെ ഫുള്ളർട്ടൺ കെയർ ഹോമും, ഡ്രെഗോണിലെ ഷാലോം കെയർ ഹോമും. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ അവൾ മാനസികമായി തകർന്നിരുന്നു. ജോലി ഉപേക്ഷിച്ച അവൾ വീട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളോട് പോലും അവൾ സംസാരിച്ചിരുന്നില്ല. തനിക്ക് പ്രിയപ്പെട്ടവർ ഒന്നൊന്നായി മരണപ്പെടുന്ന വേദനയും, അവരുടെ മൃതദേഹങ്ങൾ കഴുകേണ്ടി വന്നപ്പോൾ ഉണ്ടായ ദുരനുഭവങ്ങളും അവളെ വല്ലാതെ ഉലച്ചു. “അവളുടെ ജോലി അവളുടെ മാനസികാരോഗ്യത്തെ വല്ലാതെ ബാധിച്ചു" അവളുടെ അമ്മ പറഞ്ഞു.

"ഞാൻ എത്ര മൃതദേഹങ്ങൾ കഴുകിയിട്ടുണ്ടെന്ന് അമ്മയ്ക്കറിയാമോ എന്നവൾ ഒരിക്കൽ ചോദിച്ചു. അവൾക്ക് പോലും കൃത്യമായി അറിയില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവൾ ഒരു ചെറിയ പെൺകുട്ടിയായിരുന്നു. എന്നിട്ടും ദിവസവും അവൾക്ക് ഇത് ചെയ്യേണ്ടി വന്നു" അവളുടെ അമ്മ പറയുന്നു. അവിടെ മരണങ്ങൾ പതിവായിരുന്നു. പലപ്പോഴും അവൾ സ്നേഹത്തോടെ ശുശ്രൂഷിച്ചിരുന്ന അവിടത്തെ അന്തേവാസികൾ മരണത്തിലേയ്ക്ക് അടുക്കുന്നത് നിരാശയോടെ, നിസ്സഹായയായി അവൾ നോക്കി നിന്നു. അവർ മരിക്കുന്നത് വേദനയോടെ അവൾ നോക്കിക്കണ്ടു. ജീവിതത്തിന് തന്നെ ഒരു അർത്ഥവുമില്ലെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാകാം. അവൾക്ക് ആ ആഘാതത്തിൽ നിന്ന് പുറത്ത് വരാൻ സാധിച്ചില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ പേരാണ് അവളെ വിട്ട് മരണത്തെ പ്രാപിച്ചത്.

അതിൽ ചിലരെ അവൾ മാസങ്ങളോളം, അതുമല്ലെങ്കിൽ വർഷങ്ങളോളം പരിചരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അവരിൽ പലരും അവളെ വിട്ട് പോയി. ഇത് അവൾക്ക് ഹൃദയഭേദകമായിരുന്നു. യുദ്ധമേഖലയിലെ ഒരു സൈനികന്റെ അവസ്ഥയായിരുന്നു അവളുടേത് എന്ന് അമ്മ ലാന പറഞ്ഞു. അവൾ ഒടുവിൽ സങ്കടം താങ്ങാനാവാതെ ഒരു ഡോക്ടറെ കണ്ട്,  മാനസികാരോഗ്യത്തിന് മരുന്ന് കഴിക്കാൻ തുടങ്ങി. എന്നിട്ടും അവൾക്ക് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ മരണം സമ്മാനിച്ച വേദനയിൽ നിന്ന് മോചനം നേടാൻ ഒടുവിൽ അവൾ  മരണത്തിൽ തന്നെ അഭയം തേടി. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ