വിവാഹമോചനം ജീവിതം മാറ്റിമറിച്ചു, കോടികളുടെ സമ്പത്ത് നഷ്ടമായി, എല്ലാം ഉപേക്ഷിക്കേണ്ടി വന്നു; ഇന്ത്യൻ വംശജനായ വ്യവസായി

Published : Jul 23, 2026, 02:41 PM IST
Harish Dabasia

Synopsis

ഇന്ത്യൻ വംശജനായ വ്യവസായി ഹരീഷ് ദബാസിയ ഒരു പോഡ്കാസ്റ്റിൽ തന്‍റെ വിവാഹമോചനം സാമ്പത്തിക ജീവിതത്തെ പൂർണ്ണമായും തകർത്തുവെന്ന് വെളിപ്പെടുത്തി. 35 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ, 55-ാം വയസ്സിൽ തന്‍റെ കോടികളുടെ സമ്പത്തെല്ലാം ഭാര്യയ്ക്കും മക്കൾക്കും നൽകി ആഫ്രിക്കയിലേക്ക് താമസം മാറി ജീവിതം വീണ്ടും തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

വിവാഹമോചനം തന്‍റെ സാമ്പത്തിക ജീവിതത്തെ പൂർണമായും തകർത്തുവെന്നും വർഷങ്ങളായി താൻ സമ്പാദിച്ച കോടികളുടെ സമ്പത്ത് നഷ്ടമായെന്നും ഇന്ത്യൻ വംശജനായ വ്യവസായി ഹരീഷ് ദബാസിയ. ഒരു പോഡ്കാസ്റ്റിൽ പങ്കെടുക്കവെയാണ് തന്‍റെ വിവാഹ മോചനം തന്‍റെ ജീവിതത്തെ എത്രമാത്രം ബാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വിവാഹ മോചന സമയത്ത് തന്‍റെ ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കും വേണ്ടി എല്ലാ സ്വത്തുക്കളം ഉപേക്ഷിച്ചെന്ന് 'ദി വോയ്‌സസ് പോഡ്‌കാസ്റ്റ് വിത്ത് അറഫാത്ത്' എന്ന പോഡ്കാസ്റ്റിനിടെയാണ് ഹരീഷ് ദബാസിയ വെളിപ്പെടുത്തിയത്.

'എനിക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു'

ഇന്ത്യയിൽ കെട്ടിട നിർമ്മാതാക്കളുടെ കുടുംബത്തിലാണ് ജനിച്ചതെന്നും കുട്ടിക്കാലം ഭൂരിഭാഗവും കെനിയയിലെ നെയ്‌റോബിയിലാണ് ചെലവഴിച്ചതെന്നും ഹരീഷ് പറയുന്നു. സിമന്‍റും ബ്ലോക്കുകളും ഇഷ്ടികകളും രക്തത്തിൽ കലർന്ന ഒരു ആറാം തലമുറ നിർമ്മാതാവ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ചെറുപ്പത്തിൽ, അച്ഛൻ തന്നെ അമ്മാവന്‍റെ കൂടെ താമസിക്കാൻ യുകെയിലേക്ക് അയച്ചു. താനും പിതാവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണം. പിന്നെ യുകെയിൽ വിദ്യാഭ്യാസം നേടിയ ഇന്ത്യൻ വംശജയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചു, 35 വർഷത്തെ കുടുംബ ജീവിതം, കുടുംബ ബിസിനസ്. എന്നാൽ, വിവാഹമോചനത്തിലൂടെ, എല്ലാ സ്വത്തുക്കളും എല്ലാ ബിസിനസുകളും ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കുമായി വിട്ടുകൊടുക്കേണ്ടിവന്നു.

അങ്ങനെ 55 -ാം വയസിൽ ഞാൻ എല്ലാം ഉപേക്ഷിച്ച് കൊണ്ട് ആഫ്രിക്കയിലേക്ക് മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആഫ്രിക്കയിൽ, ഞാൻ കെട്ടിടങ്ങൾ നിർമ്മിക്കുക മാത്രമല്ല ചെയ്യുന്നത്. ഞാൻ ബിസിനസുകൾ സൃഷ്ടിച്ചു. ആളുകളെ ഉണ്ടാക്കി." വിവാഹ മോചനത്തിന് പിന്നാലെ ആഫ്രിക്കയിലേക്ക് താമസം മാറിയത് തനിക്ക് ഒരു പുതിയ ലക്ഷ്യബോധം നൽകിയെന്നും ഹരീഷ് പറയുന്നു. വിവാഹ ബന്ധം അവസാനിച്ചതിന് പിന്നാലെ സ്വത്തുക്കളുടെയും സാമ്പത്തിക ബാധ്യതകളുടെയും വിഭജനം തന്‍റെ ജീവിതത്തിൽ വലിയ തിരിച്ചടിയുണ്ടാക്കി. വിവാഹമോചന നടപടികൾക്കൊടുവിൽ താൻ സമ്പാദിച്ചതിൽ വലിയൊരു പങ്ക് വിട്ടുകൊടുക്കേണ്ടി വന്നതായും അതിനാൽ ജീവിതം പൂജ്യത്തിൽ നിന്ന് വീണ്ടും ആരംഭിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറയുന്നു. '55-ാം വയസിൽ എനിക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു" എന്ന ഹരീഷ് ദബാസിയയുടെ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയത്.

സാമ്പത്തിക നഷ്ടം ഒപ്പം മാനസിക ആഘാതവും

സാമ്പത്തിക നഷ്ടം മാത്രമല്ല, മാനസികമായും വിവാഹമോചനം വലിയ ആഘാതമുണ്ടാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമ്പത്ത് നഷ്ടപ്പെട്ട ശേഷമാണ് പണത്തേക്കാൾ വിലപ്പെട്ടത് മാനസിക സമാധാനവും വ്യക്തിപരമായ സന്തോഷവുമാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിലെ വെല്ലുവിളികൾ മറികടന്ന് വീണ്ടും മുന്നേറാൻ ശ്രമിച്ച അനുഭവവും അദ്ദേഹം പോഡ്കാസ്റ്റിനിടെ പങ്കുവെച്ചു. ഹരീഷ് ദബാസിയയുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങൾക്ക് ഇടയാക്കി. ചിലർ വിവാഹമോചനത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അനുഭവം ചർച്ച ചെയ്തപ്പോൾ, മറ്റുചിലർ ഓരോ വിവാഹമോചന സാഹചര്യവും വ്യത്യസ്തമാണെന്നും ഒരാളുടെ വ്യക്തിപരമായ അനുഭവത്തെ മുൻനിർത്തി ഒരു പൊതു തീരുമാനത്തിൽ എത്താൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. 

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് - ബ്രിട്ടൻ വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്കും 30,000 അടി ഉയരത്തിൽ വച്ച് അസ്വസ്ഥത, ഭക്ഷണം കഴിച്ചത് ഒരേ ഹോട്ടലിൽ നിന്നും
സ്വന്തമായി വീടില്ല, കാറില്ല, വലിയ ബാങ്ക് ബാലൻസില്ല, പക്ഷേ സമാധാനമുണ്ട്, ആരോ​ഗ്യമുണ്ട്, 35 -കാരന്‍റെ പോസ്റ്റ് വൈറല്‍