
കഴിഞ്ഞ മാസം, യുഎസ്എ ടുഡേ അതിൻ്റെ 10 ബെസ്റ്റ് റീഡേഴ്‌സ് ചോയ്‌സ് അവാർഡുകളുടെ ഭാഗമായി 2024 -ലെ ഒന്നാം നമ്പർ സമ്മർ ട്രാവൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. ആ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് മിഡ് വെസ്സിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നാണ്, മക്കിനാക് ദ്വീപ്.
"മാക്-ഇൻ-അവേ" എന്ന് ഉച്ചരിക്കുന്ന മക്കിനാക് ദ്വീപ് - മിഷിഗനിലെ അപ്പർ, ലോവർ പെനിൻസുലകൾക്ക് ഇടയിലുള്ള ഹുറോൺ തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിലേക്ക് പോകുന്നതിന് രണ്ടു മാർഗ്ഗങ്ങൾ ആണുള്ളത്. ഒന്ന് വിമാനത്തിൽ ഇവിടെയിറങ്ങാം. അല്ലെങ്കിൽ മക്കിനാവ് സിറ്റിയിൽ നിന്ന് ഒരു ബോട്ടിൽ ഡൗണ്ടൗണിൽ ഇറങ്ങുക ശേഷം അവിടെ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ഇവിടേക്ക്. ദ്വീപിനുള്ളിൽ യാത്ര ചെയ്യുന്നതിന് കുതിരവണ്ടികളെ ആശ്രയിക്കാം.
ഏകദേശം 500 നിവാസികൾ മാത്രമുള്ള ഈ ദ്വീപിൽ ഓരോ വർഷവും സന്ദർശനത്തിനായി മാത്രം എത്തുന്നത് ഒരു ദശലക്ഷത്തിലധികം ആളുകളാണ്. ഇവിടുത്തെ പ്രധാന സഞ്ചാരമാർഗ്ഗം കുതിരവണ്ടിയാണെന്ന് പറഞ്ഞല്ലോ. അതിനൊരു പ്രധാന കാരണം അഞ്ഞൂറിലധികം കുതിരകളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്. മനുഷ്യരേക്കാൾ പ്രാധാന്യം ഇവർക്ക് കൊടുക്കുന്നതുകൊണ്ടുതന്നെ 1898 മുതൽ ദ്വീപിനുള്ളിൽ മോട്ടോർ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. മോട്ടോർ വാഹനങ്ങളുടെ തുടർച്ചയായ ശബ്ദം കുതിരകളെ അലോസരപ്പെടുത്തും എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിരോധനം.
ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗ്രാൻഡ് ഹോട്ടൽ. യുഎസിൽ അവശേഷിക്കുന്ന മരത്താൽ മാത്രം നിർമ്മിതമായ ചുരുക്കം ചില ഹോട്ടലുകളിൽ ഒന്നാണ് ഗ്രാൻഡ് ഹോട്ടൽ. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് ഇത്.
ഏകദേശം 660 അടി നീളമുള്ള അതിൻ്റെ വരാന്ത ലോകത്തിലെ ഏറ്റവും നീളമേറിയതാണെന്ന് പറയപ്പെടുന്നു. 1800 കളുടെ അവസാനത്തിൽ സ്റ്റീംഷിപ്പ്, റെയിൽറോഡ് കമ്പനികൾ നിർമ്മിച്ചതാണ് ഇത്. ഒരുകാലത്ത്, വേനൽക്കാലം മുഴുവൻ ഇവിടെ ചിലവഴിക്കുന്ന അതിസമ്പന്നരും സമ്പന്നരുമായ അതിഥികൾ ഹോട്ടലിൽ പതിവായി എത്തിയിരുന്നു. ചരിത്രപരമായ പ്രത്യേകതകൾ കാരണം വൈകുന്നേരം 6.30ന് ശേഷം ഇവിടെ ഒരു പ്രത്യേക ഒരു ഡ്രസ് കോഡ് ഉണ്ട്. ആ ഡ്രസ്സ് കോഡ് പ്രകാരം അതിഥികൾ ധരിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്, ഒരു കോട്ട്, ടൈ, സ്ലാക്ക്സ്, ടോപ്പ്, സ്കേർട്ട് അല്ലെങ്കിൽ ഒരു പാൻ്റ്സ്യൂട്ട്.
ഏറെ സുന്ദരവും പ്രത്യേകതകൾ നിറഞ്ഞതുമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈയിടം സഞ്ചാരികൾക്ക് എന്നും ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.