10,000 രൂപ മാസ ശമ്പളത്തിൽ മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ 25 -കാരനായ വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. സാമ്പത്തിക ഭദ്രതയില്ലാതെ കുടുംബം വലുതാക്കുന്നതിനെ ഒരു വിഭാഗം വിമർശിച്ചു. എന്നാൽ വ്യക്തിപരമായ തീരുമാനമാണെന്ന് മറുവിഭാഗം. 

ബിഹാറിൽ നിന്നുള്ള ഒരു വ്യക്തി തന്‍റെ വാച്ച്മാന്‍റെ കുടുംബ ജീവിതത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കേവലം 10,000 രൂപ മാത്രം മാസ ശമ്പളമുള്ള തന്‍റെ വാച്ച്മാൻ മൂന്നാമത്തെ കുഞ്ഞിനെ കൂടി കുടുംബത്തിലേക്ക് വരവേറ്റതിനെക്കുറിച്ചാണ് ഇയാൾ കുറിപ്പെഴുതിയത്.

സമ്മിശ്ര പ്രതികരണം

നിത്യജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന ഈ തുച്ഛമായ ശമ്പളത്തിനിടയിലും കുടുംബം വികസിപ്പിക്കാനുള്ള വാച്ച്മാന്‍റെ തീരുമാനത്തെയാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. ഈ കുറിപ്പ് പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ രണ്ട് തരം അഭിപ്രായങ്ങൾ ഉയർന്നു. സാമ്പത്തിക ഭദ്രതയില്ലാതെ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നും, ജനസംഖ്യാ സ്ഫോടനത്തിന് ഇത് കാരണമാകുമെന്നുമായിരുന്നു ഒരു വിഭാഗത്തിന്‍റെ വാദം. എന്നാൽ, ഓരോരുത്തരുടെയും കുടുംബകാര്യങ്ങൾ അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

Scroll to load tweet…

10,000 രൂപ, അഞ്ചംഗ കുടുംബം

താഴ്ന്ന വരുമാനക്കാരായ ആളുകൾക്കിടയിൽ കുടുംബ ആസൂത്രണത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി. 10,000 രൂപ കൊണ്ട് അഞ്ച് പേരുള്ള ഒരു കുടുംബത്തിന് എങ്ങനെ മാന്യമായൊരു ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കാൻ കഴിയുമെന്നത് വലിയൊരു ചോദ്യചിഹ്നമാണെന്ന് കുറിപ്പ് പങ്കുവെച്ച വ്യക്തി കൂട്ടിച്ചേർക്കുന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് ഈ കുറിപ്പ് വൈറലായത്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

കുടുംബാസൂത്രണം

സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ച വ്യക്തി വാച്ച്മാന്‍റെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, "ഞങ്ങളുടെ അപ്പാർട്ട്‌മെന്‍റിലെ വാച്ച്മാൻ, പ്രായം വെറും 25 വയസ്സ്... അയാൾക്ക് ഇപ്പോൾ മൂന്നാമത്തെ കുട്ടി ജനിച്ചു. രണ്ട് ജോലികൾ ചെയ്തിട്ടും അയാൾക്ക് ലഭിക്കുന്നത് 10,000 രൂപയിൽ താഴെ മാത്രമാണ്. മിക്കവാറും ആളുകൾ തങ്ങളുടെ കരിയർ തുടങ്ങുന്ന പ്രായത്തിൽ തന്നെ, ഈ കുറഞ്ഞ വരുമാനത്തിൽ അഞ്ച് ജീവനുകളുടെ ഭാരം അയാൾക്ക് ചുമക്കേണ്ടി വരുന്നു." ഒട്ടനവധി യുവാക്കൾ ഇത്തരത്തിൽ ദാരിദ്ര്യത്തിൽ അകപ്പെട്ട് പോയിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. കുടുംബസൂത്രണ നയങ്ങളും അവബോധവും ഏറ്റവും കൂടുതൽ ആവശ്യമുള്ളവരിലേക്ക് അവ ഇന്നും എത്തിച്ചേരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.