മറ്റുള്ളവരെന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും താൻ പറയ്യില്ല, 18 -ാം ജന്മദിനത്തിൽ ​ഗ്രേറ്റ പറയുന്നത്

By Web TeamFirst Published Jan 4, 2021, 10:05 AM IST
Highlights

സാധാരണക്കാരായ കൗമാരക്കാരില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഗ്രേറ്റയുടെ ജീവിതരീതി. എന്നാല്‍, അതില്‍ തനിക്കൊരു കുറ്റബോധവും തോന്നുന്നില്ലായെന്നും അവള്‍ പറയുന്നു. 

കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രേറ്റ തുംബെര്‍ഗിന് 18 വയസാവുകയാണ്. പതിനെട്ടാം ജന്മദിനത്തോടനുബന്ധിച്ച് നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങില്ലെന്ന് തീരുമാനമെടുത്തതായി ഗ്രേറ്റ. എന്നാല്‍, മറ്റുള്ളവരുടെ ശീലങ്ങളില്‍ അഭിപ്രായം പറയാനില്ലായെന്നും ഗ്രേറ്റ വ്യക്തമാക്കുന്നു. താന്‍ ധരിക്കുന്നതിനേക്കാളും കുറവ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നവരുടെ കാര്യത്തില്‍ താന്‍ അഭിപ്രായമൊന്നും പറയാനില്ലെന്നും ഗ്രേറ്റ പറഞ്ഞു. 

2018 - ലാണ് ഗ്രേറ്റ തനിച്ച് കാലാവസ്ഥാ സംരക്ഷണത്തിന് വേണ്ടി സമരം തുടങ്ങിവച്ചത്. സ്വീഡിഷ് പാര്‍ലമെന്‍റ് കെട്ടിടത്തിന് പുറത്തായിരുന്നു സ്കൂള്‍ പണിമുടക്ക്. ഇത് പിന്നീട് നിരവധി കൗമാരക്കാരേറ്റെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിര്‍ത്തുകയും യാത്ര ബോട്ടിലാക്കുകയും ചെയ്തിരുന്നു ഗ്രേറ്റ. അതുപോലെ തന്നെ വേഗന്‍ കൂടിയാണ് അവള്‍. 

കാലാവസ്ഥയെ കുറിച്ച് സംസാരിക്കുകയും ലോകത്തെല്ലായിടത്തും വിമാനമാര്‍ഗമെത്തുകയും ചെയ്യുന്ന സെലിബ്രിറ്റികളെ കുറിച്ച് ചോദിച്ചപ്പോള്‍ അവരെ വിമര്‍ശിക്കാന്‍ ഗ്രേറ്റ വിസമ്മതിച്ചു. ഞാനതൊന്നും ശ്രദ്ധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ മറ്റുള്ളവരോട് പറയില്ല. എന്നാല്‍, നിങ്ങള്‍ ഒരു കാര്യം പറയുകയും അതിന് വിപരീതമായി പെരുമാറുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ കേള്‍ക്കാനുള്ള സാധ്യത കുറവാണ് -ഗ്രേറ്റ സണ്‍ഡേ ടൈംസ് മാഗസിനോട് പറഞ്ഞു. 

വ്യക്തികൾക്ക് അവരുടെ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗമാണ് ദീർഘദൂര വിമാനങ്ങൾ ഒഴിവാക്കുക എന്നത്. എന്നാൽ, ഏറ്റവും ഫലപ്രദം കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുക എന്നതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഗ്രേറ്റ ജനങ്ങളോട് കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കണമെന്ന് പറയില്ലെന്ന് പറയുന്നു. കുട്ടികളുണ്ടാകുന്നത് സ്വാർത്ഥമാണെന്ന് ഞാൻ കരുതുന്നില്ല.  ആളുകളല്ല, അവരുടെ പെരുമാറ്റമാണ് പ്രശ്നമെന്നും ഗ്രേറ്റ പറയുന്നു.

സാധാരണക്കാരായ കൗമാരക്കാരില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഗ്രേറ്റയുടെ ജീവിതരീതി. എന്നാല്‍, അതില്‍ തനിക്കൊരു കുറ്റബോധവും തോന്നുന്നില്ലായെന്നും അവള്‍ പറയുന്നു. എനിക്ക് പുതിയ വസ്ത്രം വേണമെന്ന് തോന്നാറില്ല. അതുകൊണ്ട് ഞാന്‍ മറ്റുള്ളവരുപയോഗിച്ച വസ്ത്രമാണ് ഉപയോഗിക്കുന്നത്. ഞാനാളുകളോട് അവരുടെ പഴയ വസ്ത്രം തരുമോയെന്ന് ചോദിക്കാറുണ്ട്. പലതും അവര്‍ക്ക് ഇനി വേണ്ടാത്തതായിരിക്കും. അതാണ് ഞാനുപയോഗിക്കുന്നത്. എനിക്ക് സന്തോഷം കിട്ടാന്‍ തായ്ലന്‍ഡിലേക്ക് പറക്കണ്ട. എനിക്ക് പുതിയ വസ്ത്രങ്ങള്‍ വേണ്ട. എനിക്ക് വേണ്ടാത്തതുകൊണ്ടാണ്. അതിനാല്‍, ഇതൊന്നും ഒരു ത്യാഗമായി എനിക്ക് തോന്നുന്നുമില്ല -ഗ്രേറ്റ പറയുന്നു. 

ഭാവിയെങ്ങനെ ആയിരിക്കുമെന്നോര്‍ത്ത് ആശങ്കപ്പെടുകയല്ല മറിച്ച് നമുക്ക് ഇന്ന് എന്ത് ചെയ്യാനാവുമോ അത് ചെയ്യുകയാണ് താന്‍ ചെയ്യുന്നത്. അതുകൊണ്ട്, നിരാശയോ ആകാംക്ഷയോ ഒന്നും തോന്നുന്നില്ലെന്നും ഗ്രേറ്റ പറയുന്നു. തനിക്ക് ജന്മദിനസമ്മാനമായി ഈ ഭൂമിക്ക് വേണ്ടി നമ്മെക്കൊണ്ട് കഴിയുന്നതെല്ലാം നാം ചെയ്യുമെന്ന വാഗ്ദ്ധാനം മതിയെന്ന് ഗ്രേറ്റ പറയുന്നു. എങ്കിലും, ജന്മദിനസമ്മാനമായി ശൈത്യകാലത്ത് സ്വീഡനില്‍ ഇരുട്ടായത് കാരണം സൈക്കിളിന്‍റെ ഹെഡ്ലൈറ്റ് മാറ്റിവയ്ക്കുന്നുവെന്നും ഗ്രേറ്റ പറഞ്ഞു.
 

click me!