
നായകളെ വളർത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ. നായകളെ പലരും സ്വന്തം വീട്ടിലെ അംഗങ്ങളായിട്ടാണ് ഇന്ന് കണക്കാക്കുന്നത്. അതുപോലെ, നായകളെ ഗ്രൂം ചെയ്തെടുക്കുക എന്നത് ഒരു വലിയ ബിസിനസ് തന്നെയാണ്. ഈ യുവാവ് അവകാശപ്പെടുന്നത് നായകളെ ഗ്രൂം ചെയ്ത് താൻ ഒരു വർഷം 10 കോടി രൂപ വരെ സമ്പാദിക്കുന്നുണ്ട് എന്നാണ്.
സാവോ പോളോയിൽ നിന്നുള്ള ബ്രസീലിയൻ ഗ്രൂമറായ ഗബ്രിയേൽ ഫിറ്റോസയാണ് യുഎസ്എയിലെ സാൻ ഡിയാഗോയിലെ ഡോഗ് ഗ്രൂമിംഗ് രംഗത്ത് വലിയ തരംഗം സൃഷ്ടിക്കുന്നത്. ഗബ്രിയേൽ ഫിറ്റോസ ഒരു സാധാരണ ഡോഗ് ഗ്രൂമറല്ല. ഈ നായകളെ ഫിറ്റോസ ജിറാഫുകളും സിംഹങ്ങളും ചീറ്റകളും പോകിമോനും വരെയാക്കി മാറ്റുന്നു.
സിഎൻബിസി -യോട് ഫിറ്റോസ പറഞ്ഞത്, 'ഈ സലോൺ തന്റെ സ്വപ്നമായിരുന്നു. രണ്ട് കത്രികയും ഒരു ക്ലിപ്പറുമായിട്ടാണ് താൻ യുഎസ്സിലെത്തിയത്. ഇപ്പോൾ, ഞാൻ ഒരു ആർട്ടിസ്റ്റാണ് എന്ന തോന്നലുണ്ടാക്കുന്ന ഒരിടം എനിക്കുണ്ട്. ഈ കരിയറും സാധിക്കും എന്ന് ഈ ലോകത്തെ കാണിച്ചു കൊടുക്കാൻ ഇന്നെനിക്ക് സാധിക്കുന്നുണ്ട്' എന്നാണ്. ഡോഗ് ഗ്രൂമിങ് രംഗത്തെ ഒരു താരമാണ് ഇന്ന് ഗബ്രിയേൽ ഫിറ്റോസ. അതിനാൽ തന്നെയാണ് അതുവഴി വലിയ തുക സമ്പാദിക്കാനും അയാൾക്ക് സാധിക്കുന്നത്.
കഴിഞ്ഞ വർഷം ഇതിലൂടെ താൻ 10 കോടിയോളം രൂപ നേടിയതായിട്ടാണ് ഫിറ്റോസ അവകാശപ്പെടുന്നത്. 40,000 രൂപ മുതൽ ഒരുലക്ഷത്തോളം രൂപ വരെ ഫിറ്റോസ തന്റെ സേവനത്തിന് നായകളുടെ ഉടമകളിൽ നിന്നും വാങ്ങുന്നു. മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാണ് സേവനം. ആ നേരത്ത് നായയ്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഫിറ്റോസ ശ്രദ്ധിക്കും.
31 -കാരനായ ഈ ഡോഗ് ഗ്രൂമർ സോഷ്യൽ മീഡിയയിലും താരമാണ്. ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സാണ് ഫിറ്റോസയ്ക്കുള്ളത്.