
എല്ലാ നായകൾക്കും ഒരു ദിവസം വരും എന്ന് പറയാറുണ്ട്. എന്നാൽ, ഇതുവഴി നമ്മൾ ഉദ്ദേശിക്കുന്നത് ശരിക്ക് നായകളെ തന്നെ ആവണം എന്നൊന്നും ഇല്ല. പക്ഷേ, ഈ നായയുടെ കാര്യം നോക്കുകയാണ് എങ്കിൽ ശരിക്കും അവന്റെ ദിവസം വന്നു എന്ന് തന്നെ പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല, ഗോൾഡൻ റിട്രീവറായ ടക്കർ ബഡ്സിൻ ഒരു വർഷം ഉണ്ടാക്കുന്നത് എട്ട് കോടിക്ക് മുകളിലാണ്.
അഞ്ച് വയസുകാരനായ ടക്കർ തന്റെ സോഷ്യൽ മീഡിയയിലെ സാന്നിധ്യത്തിലൂടെയാണ് ഇത്രയും കോടി രൂപ വർഷത്തിൽ ഉണ്ടാക്കുന്നത്. ടക്കറിന് 2 വയസ്സുള്ളപ്പോൾ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ സ്പോൺസർ ചെയ്ത പരസ്യങ്ങളിലൂടെ 7 അക്ക സംഖ്യ ലാഭമായി നേടുന്നുണ്ട് എന്ന് അവന്റെ ഉടമയും സോഷ്യൽ മീഡിയ മാനേജരുമായ കോർട്ട്‌നി ബഡ്‌സിൻ പറയുന്നു.
നായയുടെ ഉടമയും 31 -കാരിയുമായ കോട്നി ബഡ്സിൻ നേരത്തെ ക്ലീനിംഗ് ജോലി ആയിരുന്നു ചെയ്തിരുന്നത്. ഭർത്താവ് മൈക്ക് സിവിൽ എഞ്ചിനീയറുമായിരുന്നു. എന്നാൽ, ടക്കറിന്റെ സോഷ്യൽ മീഡിയയും അതിലൂടെ ഉണ്ടാക്കുന്ന സമ്പാദ്യവും കൈകാര്യം ചെയ്യാനായി ഇരുവരും ജോലി ഉപേക്ഷിച്ചു.
2018 ജൂണിൽ 8 ആഴ്‌ച പ്രായമുള്ളപ്പോഴാണ് ടക്കറിനായി കോർട്ട്‌നി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. വെറും ഒരു മാസത്തിനുള്ളിൽ, ടക്കറിന്റെ ഒരു വീഡിയോ വൈറലായി മാറി. ടക്കർ ഐസ് ക്യൂബുമായി കളിക്കുന്നതായിരുന്നു വീഡിയോ. അനേകം പേരാണ് ഇത് കണ്ടത്. ഇത് കോർട്നിയെ ഞെട്ടിച്ചു. വെറും ആറ് മാസത്തിനുള്ളിൽ അവന്റെ ഫോളോവേഴ്സ് 60,000 കടന്നു. 25 മില്ല്യൺ ഫോളോവേഴ്സ് ഇപ്പോൾ ടക്കറിനുണ്ട്.
തന്റെ പ്രശസ്തിയും സോഷ്യൽ മീഡിയയിലെ സാന്നിധ്യവും കൊണ്ട് ടക്കർ സമ്പാദിക്കുന്നത് ഇപ്പോൾ എട്ട് കോടിയാണ്. ശരിക്കും അവൻ ഗോൾഡൻ റിട്രീവർ തന്നെ അല്ലേ?