
ഏറെക്കുറെ 20 വർഷക്കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന നടപ്പാത ഒറ്റ വീഡിയോ വൈറലായതിന് പിന്നാലെ നന്നാക്കിയെടുത്ത് അധികൃതർ. സംഭവം നടന്നത് ബെംഗളൂരുവിലാണ്. കാനഡയിൽ നിന്നുള്ള യുവാവാണ് ഉപയോഗിക്കാതെ കിടന്നിരുന്ന നടപ്പാതയെ കുറിച്ച് നേരത്തെ വീഡിയോ ഷെയർ ചെയ്തിരുന്നത്. ഒടുവിൽ നാട്ടുകാരും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (BBMP) യും മുൻകയ്യെടുത്ത് നടപ്പാത നന്നാക്കിയെടുക്കുകയും ഉപയോഗപ്രദമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.
ബാംഗ്ലൂർ വാക്ക്സിന്റെ സ്ഥാപകനായ അരുൺ പൈ തിങ്കളാഴ്ചയാണ് അറ്റകുറ്റപ്പണികളൊക്കെ തീർത്ത് അടിപൊളിയാക്കിയിരിക്കുന്ന പുതുതായി നടപ്പാത കാൽനടയാത്രക്കാർക്കായി തുറന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. കാനഡയിൽ നിന്നുള്ള കാലേബ് ഫ്രീസൻ നേരത്തെ ഷെയർ ചെയ്ത വീഡിയോയും ഇതിൽ കാണാം.
കാലേബ് നേരത്തെ ഷെയർ ചെയ്ത വീഡിയോയിൽ ഈ നടപ്പാതയിലൂടെ അയാൾ നടക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. എന്നാൽ, പൊട്ടിപ്പൊളിഞ്ഞ വഴിയും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും കൊണ്ട് അതുവഴി നടക്കുക വളരെയേറെ പ്രയാസകരമായിരുന്നു. താൻ ഉദ്ദേശിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ എന്നും കാലേബ് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ വലിയ ചർച്ച തന്നെ ഇതേച്ചൊല്ലി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അധികൃതരും നാട്ടുകാരുമെല്ലാം മുന്നിട്ടിറങ്ങി നടപ്പാത ഉപയോഗിക്കാൻ പാകത്തിന് വൃത്തിയാക്കിയെടുത്തിരിക്കുന്നത്.
ഡോംലൂരിൽ നിന്ന് ഇന്ദിരാനഗറിലേക്കുള്ള നടപ്പാത ഇങ്ങനെ മാറുമെന്ന് കരുതിയിരുന്നില്ല എന്നാണ് അരുൺ പൈ പറയുന്നത്. അരുൺ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാലേബിന് നന്ദി പറഞ്ഞിരിക്കുന്നതും കാണാം. ഈ ഭാഗത്ത് റോഡിൽ കൂടി നടക്കുന്നത് വളരെയേറെ അപകടകരമായ കാര്യമായിരുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒപ്പം ഇപ്പോൾ നന്നാക്കിയിരിക്കുന്ന നടപ്പാതയും വീഡിയോയിൽ കാണാം.
കാലേബ് തന്നെ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. നടപ്പാത നന്നാക്കി കണ്ടതിൽ വളരെയധികം സന്തോഷമുള്ളതായിട്ടാണ് കാലേബ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, മറ്റ് ചിലർ കമന്റുകളിൽ ചോദിച്ചത്, ഇത് ശരിക്കും അധികൃതരുടെ കടമയല്ലേ, എന്തുകൊണ്ടാണ് ഇത് നേരത്തെ ചെയ്യാതിരുന്നത് എന്നാണ്.