കറുത്ത വർ​ഗക്കാരായ കുട്ടികളെ ദത്തെടുത്തു, അടിമകളാക്കി ജോലി ചെയ്യിച്ചു, ദമ്പതികൾക്ക് മേൽ കുറ്റം ചുമത്തി

Published : Jun 27, 2024, 12:51 PM IST
കറുത്ത വർ​ഗക്കാരായ കുട്ടികളെ ദത്തെടുത്തു, അടിമകളാക്കി ജോലി ചെയ്യിച്ചു, ദമ്പതികൾക്ക് മേൽ കുറ്റം ചുമത്തി

Synopsis

14 വയസ്സുള്ള ആൺകുട്ടിയെയും 16 വയസ്സുള്ള പെൺകുട്ടിയെയും ലൈറ്റുകളോ വെള്ളമോ ഇല്ലാത്ത ഷെഡിൽ പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കിടക്കയില്ലാതെ കോൺക്രീറ്റിൽ ഉറങ്ങാനും ഇവർ നിർബന്ധിതരായിരുന്നു.

ദത്തെടുത്ത കറുത്ത വർ​ഗക്കാരായ കുട്ടികളെ അടിമകളാക്കി വച്ച ദമ്പതികൾക്കെതിരെ കുറ്റം ചുമത്തി കോടതി. കുട്ടികളെ അടിമകളെ പോലെ കണ്ട് ജോലി ചെയ്യിക്കുകയും, തൊഴുത്തിൽ ഉറങ്ങാൻ നിർബന്ധിക്കുകയും, അവ​ഗണിക്കുകയും ചെയ്യുകയായിരുന്നു വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള ധനികരും വെളുത്ത വർ​ഗക്കാരുമായ ഡൊണാൾഡ് റേ ലാൻ്റ്സ് (63), ജീൻ കേ വൈറ്റ്ഫെതർ (62) എന്ന ദമ്പതികൾ. 

6, 9, 11, 14, 16 വയസ്സ് പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇവർ ദത്തെടുത്തിരുന്നത്. സിസ്‌സൺവില്ലെയിലെ വീട്ടിൽ വളരെ മോശം അവസ്ഥയിലാണ് ഈ കുട്ടികൾ ജീവിച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബറിലാണ് ദമ്പതികളെ ആദ്യമായി അറസ്റ്റ് ചെയ്തത്. കറുത്ത വർ​ഗക്കാരാണ് എന്നതാണ് കുട്ടികളെ ദമ്പതികൾ അടിമകളായി കണക്കാക്കാൻ കാരണം എന്നും പറയുന്നു. 

14 വയസ്സുള്ള ആൺകുട്ടിയെയും 16 വയസ്സുള്ള പെൺകുട്ടിയെയും ലൈറ്റുകളോ വെള്ളമോ ഇല്ലാത്ത ഷെഡിൽ പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കിടക്കയില്ലാതെ കോൺക്രീറ്റിൽ ഉറങ്ങാനും ഇവർ നിർബന്ധിതരായിരുന്നു. കണ്ടെത്തുന്നതിന് 12 മണിക്കൂർ മുമ്പാണ് അവസാനമായി കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നത്. ആൺകുട്ടിയുടെ കാലിൽ മുറിവുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. 

കുട്ടികളെ അവരുടെ വീട്ടിൽ താമസിപ്പിച്ചിരുന്നില്ല എന്നും അതുപോലെ കുടുംബത്തിന്റെ ഫാമിൽ ജോലി ചെയ്യാൻ നിർബന്ധിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. 

“മനുഷ്യക്കടത്ത്, മനുഷ്യാവകാശ ലംഘനങ്ങൾ, നിർബന്ധിതമായി തൊഴിൽ ചെയ്യിക്കൽ എന്നിവയെല്ലാം ഈ കേസിൽ കാണാം” എന്നാണ് കനാവ കൗണ്ടി സർക്യൂട്ട് ജഡ്ജി മേരിക്ലെയർ അക്കേഴ്സ് പറഞ്ഞത്. ഈ കുട്ടികളെ അവരുടെ വംശത്തിൻ്റെ പേരിൽ ലക്ഷ്യം വയ്ക്കുകയും അടിമകളായി ഉപയോഗിക്കുകയും ചെയ്യുകയാണ് ദമ്പതികൾ ചെയ്തത് എന്നും ജഡ്ജി പറഞ്ഞു. മനുഷ്യക്കടത്തടക്കം പല കുറ്റങ്ങളും ദമ്പതികൾക്കുമേൽ ചാർത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

കുത്തിവെയ്പ്പെടുത്താൽ ഭാരം കുറയുമെന്ന് പരസ്യം; ഭാരം കുറയ്ക്കാൻ മൂന്ന് കുത്തിവെയ്പ്പെടുത്ത സ്ത്രീ രക്തം ഛർദ്ദിച്ചു
വിവാഹമോചന കേസിനായി കോടതി കയറിയിറങ്ങി മടുത്തൂ, ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി പുരോഹിതർ