
പൊലീസിന്റെ എമർജൻസി നമ്പറുകൾ നമുക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാനുള്ളതാണ്. ലോകത്ത് എല്ലായിടത്തും അത് അങ്ങനെ തന്നെയാണ്. എന്നാൽ, അത് ദുരുപയോഗം ചെയ്യുന്നവരും ഉണ്ട്. അതുപോലെ ഒരു കാര്യമാണ് കഴിഞ്ഞ ദിവസം യുഎസ്സിൽ നിന്നുള്ള ഒരു 18 -കാരിയും ചെയ്തത്. 18 -കാരി 911 -ലേക്ക് വിളിച്ചത് ഡേറ്റിന് പോകുന്നത് ഒഴിവാക്കാൻ വേണ്ടിയാണത്രെ.
ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുവതിയുടെ പേര് സുമായ തോമസ് എന്നാണ്. 911 -ലേക്ക് വിളിച്ച് യുവതി പറഞ്ഞത് തന്റെ ഉപദ്രവകാരിയായ പഴയ കാമുകൻ വീടിന് വെളിയിൽ നിൽക്കുന്നുണ്ട് എന്നാണ്. രണ്ട് വർഷമായി താനും ഇയാളും പ്രണയത്തിലായിരുന്നു എന്നും യുവതി പറഞ്ഞിരുന്നു. യുവാവ് വീടിന് വെളിയിൽ നിൽക്കുന്നുണ്ട് എന്നും തനിക്ക് ഭീഷണി മെസ്സേജുകൾ അയച്ചുകൊണ്ടേയിരിക്കുകയാണ് എന്നും യുവതി പറഞ്ഞത്രെ.
അയാൾ തന്നെ തല്ലുമെന്നും ചവിട്ടുമെന്നും വെട്ടുമെന്നും പറഞ്ഞുവെന്നും യുവതി പറഞ്ഞു. എന്നാൽ, പൊലീസ് എത്തിയപ്പോൾ വീടിന്റെ സമീപത്ത് നിന്നും ഒരു യുവാവ് നടന്നു പോകുന്നതാണ് കണ്ടത്. യുവാവിനെ പിടിച്ചു ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് ഒരാഴ്ച മുമ്പ് മാത്രമാണ് താൻ യുവതിയെ പരിചയപ്പെട്ടത്. ഓൺലൈനിലാണ് പരിചയം എന്നാണ്. ഒപ്പം ഇരുവരും അയച്ച മെസ്സേജുകളും യുവാവ് കാണിച്ചുകൊടുത്തു.
ഇതോടെ, യുവതി പറഞ്ഞതെല്ലാം കള്ളമാണ് എന്നും പൊലീസിന് മനസിലായി. താൻ ഗർഭിണിയാണ് എന്നും യുവതി പറഞ്ഞിരുന്നു. ഒടുവിൽ വിശദമായി യുവതിയെ ചോദ്യം ചെയ്തപ്പോൾ അവൾക്ക് ഡേറ്റിന് പോകാൻ താല്പര്യമില്ല, യുവാവിനെ ഇനി കാണാനും താല്പര്യമില്ല അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും യുവതി പറയുകയായിരുന്നു.
കള്ളം പറഞ്ഞ് എമർജൻസി നമ്പറിലേക്ക് വിളിച്ചതിനടക്കം വിവിധ കുറ്റങ്ങൾ ചുമത്തി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അയോവയിലെ ജോൺസൺ കൗണ്ടി ജയിലിൽ നിന്നും പിന്നീട് ഇവർ മോചിതയായി.