
ഗുജറാത്തിൽ കഴുതകളുടെ(Donkey) എണ്ണം കുത്തനെ കുറയുകയാണെന്ന് ഒരു പുതിയ പഠനം. യുകെ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇക്വിൻ ചാരിറ്റി ബ്രൂക്കിന്റെ ചാപ്റ്ററായ ബ്രൂക്ക് ഇന്ത്യ (Brooke India -ബിഐ) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കഴുതകളുടെ എണ്ണത്തിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയ ആദ്യ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. അവിടെ കഴുതയുടെ എണ്ണത്തിൽ 70.94 ശതമാനം ഇടിവുണ്ടായതായി പഠനം പറയുന്നു.
മേച്ചിൽപ്പുറങ്ങളുടെ കുറവും, മോഷണവും, അനധികൃത കശാപ്പുമൊക്കയാണ് ഇതിന് കാരണങ്ങളായി ബ്രൂക്ക് ചൂണ്ടിക്കാണിക്കുന്നത്. കഴുതകളെ നിയമവിരുദ്ധമായ കശാപ്പ് ചെയ്യുന്നതിൽ ചൈനയ്ക്കും പങ്കുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2019 -ലെ കന്നുകാലി സെൻസസ് പ്രകാരം ഇന്ത്യയിലെ മൊത്തം കഴുതകളുടെ എണ്ണം നിലവിൽ 1.12 ലക്ഷമാണ്. 2012 -ൽ നടന്ന മുൻ സെൻസസിനെ അപേക്ഷിച്ച് നോക്കുമ്പോൾ 61.23 ശതമാനത്തിന്റെ ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. ഗുജറാത്തിൽ, കഴുതകളുടെ എണ്ണം 2012 -ൽ 39,000 ആയിരുന്നത് 2019 -ൽ 11,000 ആയി കുറഞ്ഞു. രാജസ്ഥാനിലും, ഉത്തർപ്രദേശിലും സമാനമായ അവസ്ഥയാണ് ഉള്ളത്. ഗുജറാത്ത്, നേപ്പാൾ അതിർത്തി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ നടത്തിയ ഫീൽഡ് സന്ദർശനങ്ങളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ, തോലിനും മാംസത്തിനുമായി കഴുതകളെ നിയമവിരുദ്ധമായി കൊല്ലുന്നതായി പഠനം കണ്ടെത്തി.
ഇത് കൂടാതെ, കഴുതകളെ മരുന്നുണ്ടാക്കുന്നതിന്റെ ഭാഗമായും കൊന്ന് തള്ളുന്നുവെന്ന് പഠനം പറയുന്നു. രക്തസ്രാവം, തലകറക്കം, ഉറക്കമില്ലായ്മ, വരണ്ട ചുമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ചൈനീസ് മരുന്നാണ് 'എജിയാഡോ'. ഇത് ടോണിക്കുകളിലും ഫേസ് ക്രീമുകളിലും ഒരു ഘടകമായും ഉപയോഗിക്കുന്നു. കഴുതയുടെ തൊലി തിളപ്പിച്ച് ലഭിക്കുന്ന ജെലാറ്റിനിൽ നിന്നാണ് എജിയാഡോ ഉണ്ടാക്കുന്നത്. ഓരോ വർഷവും ഇതിന്റെ പേരിൽ ദശലക്ഷക്കണക്കിന് കഴുതകളാണ് കൊല്ലപ്പെടുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
ഇതിന്റെ ഉപയോഗം ആയുസ് വർദ്ധിപ്പിക്കുകയും ലൈംഗികശേഷി വർദ്ധിപ്പിക്കുകയും സൗന്ദര്യം നിലനിർത്തുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം, ഇതിന്റെ ഔഷധഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല താനും. ‘എജിയാഡോ’യുടെ അനിയന്ത്രിതമായ ആവശ്യം ഇതിനകം തന്നെ ചൈനയിലെ കഴുതകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. കഴുതകളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന വികസ്വര ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ സ്ഥിതി ആശങ്കാജനകമാണ് എന്ന് പഠനം പറയുന്നു.
ജയ്പൂർ, ഗുജറാത്തിലെ ദഹോദ് ജില്ലകളിൽ നിന്നുള്ള കഴുത ഉടമകളുടെ അഭിമുഖങ്ങൾ ചൈനീസ് ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഉദാഹരണത്തിന്, ജയ്പൂരിലെ പുരാണി ബസ്തിയിൽ താമസിക്കുന്ന തൊഴിലാളിയായ വിമൽ ധങ്ക, 2020 നവംബറിൽ ഗുജറാത്തിൽ നിന്ന് വന്ന ചില വ്യാപാരികൾ തന്റെ പ്രദേശത്തെ വിവിധ തൊഴിലാളികളിൽ നിന്ന് 50 ഓളം കഴുതകളെ വാങ്ങിയതായി വെളിപ്പെടുത്തി. കഴുതകളെ ട്രക്കുകളിൽ ഗുജറാത്തിലേക്ക് കൊണ്ടുപോയതായി ധങ്ക സംഘത്തോട് വെളിപ്പെടുത്തി. “ഈ മൃഗങ്ങളെ ഒന്നുകിൽ കശാപ്പ് ചെയ്യുകയും അവയുടെ തൊലി ചൈനയിലേക്ക് അയക്കുകയും അല്ലെങ്കിൽ ജീവനോടെ ചൈനയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു” ജയ്പൂർ നിവാസികൾ സംഘത്തോട് പറഞ്ഞു.