16-ാം വയസ്സില്‍ അവള്‍ ആരും തൊടാനില്ലാത്ത കുഷ്ഠരോഗിയുടെ മൃതദേഹം ദഹിപ്പിച്ചു: ഇന്ന് കുഷ്ഠരോഗികള്‍ക്ക് താങ്ങാവുന്ന ഡോക്ടര്‍

By Web TeamFirst Published Apr 18, 2019, 2:43 PM IST
Highlights

രേണുക ആദ്യം തന്നെ ചെയ്തത് തന്റെ ദുപ്പട്ടകൊണ്ട് അയാളുടെ നഗ്നത മറയ്ക്കുക എന്നതായിരുന്നു. ആ മൃതദേഹത്തെ അവിടെ നിന്നും നീക്കാൻ വേണ്ടി രേണുക പലരുടെയും സഹായം തേടി. ഒരാൾ പോലും വന്നില്ല. ഒടുവിൽ എങ്ങനെയോ ഒരു സൈക്കിൾ റിക്ഷയിൽ ആ മൃതദേഹം വലിച്ചു കയറ്റി രേണുക തൊട്ടടുത്ത ക്രിമറ്റോറിയത്തിലെത്തി. 
 

കുഷ്ഠരോഗബാധിതരെ ഒരു തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ഭൂതകാലത്തിൽ നിന്നും നമ്മൾ ഇന്നും ഒട്ടും പുരോഗമിച്ചിട്ടില്ല. ഇന്നും അത് ഏറെക്കുറെ അതേ കാർക്കശ്യത്തോടെ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.  ആളുകൾ സ്വതവേ ഒന്ന് തൊടാൻ പോലും ഭയന്ന് നിൽക്കുന്ന ലക്ഷക്കണക്കിന്  കുഷ്ഠരോഗികൾക്കിടയിൽ തമിഴ്‍നാട്ടിലെ ചെന്നൈ  സ്വദേശിയായ  ഡോ. രേണുകാ രാമകൃഷ്ണന് ഒരു മാലാഖയുടെ പരിവേഷമാണ്.

തന്റെ സുദീർഘമായ ചികിത്സാ സേവനങ്ങളിലേക്ക് തിരിഞ്ഞു നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അവർ പറഞ്ഞത് ഇപ്രകാരമാണ്," കുട്ടിക്കാലത്തെ എന്റെ കളികളിലെല്ലാം ഞാൻ തിരഞ്ഞെടുത്തിരുന്നത് ഡോക്ടറുടെ വേഷമായിരുന്നു. ഞാൻ എന്റെ കൂട്ടുകാരെ പിടിച്ചു കിടത്തി ഇൻജെക്ഷൻ എടുക്കുന്നതായി നടിക്കുമായിരുന്നു സ്ഥിരം.." 

തമിഴ്‍നാട്ടിലെ കുംഭകോണത്തായിരുന്നു രേണുകയുടെ ജനനം. പട്ടാളക്കാരുടെ ഒരു കുടുംബം. രേണുകയുടെ കൗമാരത്തിൽ നടന്ന ഒരു സംഭവം അവരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനങ്ങൾ ചെലുത്തി. 

രേണുകയ്ക്ക് അന്ന് 16  വയസ്സ് പ്രായം. കുംഭകോണത്ത് പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കൽ നടക്കുന്ന മഹാമഹം കൊടിയേറിയ കാലം. ലക്ഷക്കണക്കിനാളുകൾ അമ്പലത്തിലെ കടവിൽ മുങ്ങിനിവരാൻ വന്നുപോവുമാണ് സമയമാണത്. രേണുകയും തീർത്ഥത്തിൽ സ്നാനം നടത്തിയ ശേഷം തിരികെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. തിരിച്ചു പോവുന്ന വഴിയിൽ ഒരു ആൾക്കൂട്ടം കണ്ട് അവർ അടുത്തു ചെന്നുനോക്കി.  കടവിലെ കല്പടവിൽ ഒരാളുടെ നഗ്നമായ മൃതശരീരം കിടക്കുന്നു. ഒരു കൈ വെള്ളത്തിലാണ്. ബാക്കി ശരീരം പുറത്തും. നൂൽബന്ധമില്ലാതെ കിടക്കുന്നു മൃതദേഹം. അയാളുടെ കൈകാലുകൾ ആകെ ദ്രവിച്ച അവസ്ഥയിലാണ്. അത്രയും പേർ അവിടെ തടിച്ചു കൂടിയിട്ടുണ്ടെങ്കിലും ഒരാൾ പോലും അടുക്കുന്നില്ല.  

ആദ്യം തോന്നിയ ഞെട്ടൽ ഒന്നടങ്ങിയപ്പോൾ രേണുക ചുറ്റും കൂടിയവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചു. അയാൾക്ക് കുഷ്ഠമാണത്രെ.  ആ പുണ്യ തീരത്തെ അശുദ്ധമാക്കിക്കൊണ്ട് അവിടെത്തന്നെ വന്നു ചാവാൻ അയാൾ കാണിച്ച ആ അപരാധത്തെ പഴിച്ചുകൊണ്ടിരുന്നു അവരെല്ലാം. അസഹ്യമായ ദുർഗന്ധം വഹിച്ചുകൊണ്ടിരുന്നു ആ ശവത്തിൽ നിന്നും. മൂക്കുപൊത്തിക്കൊണ്ടല്ലാതെ അതിനെ  കടന്നു പോവാൻ ആർക്കും ആവില്ലായിരുന്നു. എന്തെങ്കിലും ഒരു തുണിയാൽ ഒന്നയാളുടെ നഗ്നതയെങ്കിലും മറയ്ക്കാൻ പോലും ആർക്കും മനസ്സുവരുന്നുണ്ടായിരുന്നില്ല. 

രേണുക ആദ്യം തന്നെ ചെയ്തത് തന്റെ ദുപ്പട്ടകൊണ്ട് അയാളുടെ നഗ്നത മറയ്ക്കുക എന്നതായിരുന്നു. ആ മൃതദേഹത്തെ അവിടെ നിന്നും നീക്കാൻ വേണ്ടി രേണുക പലരുടെയും സഹായം തേടി. ഒരാൾ പോലും വന്നില്ല. ഒടുവിൽ എങ്ങനെയോ ഒരു സൈക്കിൾ റിക്ഷയിൽ ആ മൃതദേഹം വലിച്ചു കയറ്റി രേണുക തൊട്ടടുത്ത ക്രിമറ്റോറിയത്തിലെത്തി. 

ആകെ ഭയപ്പാടിലായിരുന്നു അവർ. രേണുക അന്നാദ്യമായിട്ടായിരുന്നു ഒരു ശവം ഇത്ര അടുത്ത് കാണുന്നത്. തൊടുന്നത്. അന്ന് അവരുടെ എല്ലാ വിധ ഭയങ്ങളും നീങ്ങിയ ദിവസമായിരുന്നു. ആളുകളുടെ നിർവികാരത അവരെ അത്രകണ്ട് ചെടിപ്പിച്ചിരുന്നു.

ഒരു വിധം ഒരു റിക്ഷയിൽ കയറ്റി ആ ജഡം തൊട്ടടുത്ത ക്രിമറ്റോറിയത്തിൽ എത്തിക്കുന്നതിൽ രേണുക വിജയിച്ചെങ്കിലും കടമ്പകൾ അവസാനിച്ചിരുന്നില്ല. മരിച്ചയാൾ ഒരു കുഷ്ഠരോഗിയായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് അവർ ജഡം ഏറ്റുവാങ്ങി ദഹിപ്പിക്കാൻ തയ്യാറായില്ല. ആ ശ്മാശാനക്കാർ അവിടെ നിന്നും 30  കിലോമീറ്റർ അകലെയുള്ള മറ്റൊരു ശ്മശാനത്തിലേക്ക് പോവാൻ അവരോടു പറഞ്ഞു. 

ഒരു വിധം അവിടെ എത്തിപ്പെട്ടപ്പോൾ രേണുകയുടെ കയ്യിൽ അവശേഷിച്ചിരുന്നത് വെറും 10  രൂപ മാത്രമായിരുന്നു. അവിടെ കണ്ട ഒരു വൃദ്ധനോട് അവർ കാലുപിടിച്ചപേക്ഷിച്ചു. ഇനി എവിടെയും പോവാനുള്ള പണമില്ല. ദയവുചെയ്ത് ഇവിടെ സംസ്കരിക്കാൻ തയ്യാറാവണം എന്ന് അദ്ദേഹത്തോട് രേണുക അപേക്ഷിച്ചു. അദ്ദേഹം സന്മനസ്സുള്ള ഒരാളായിരുന്നു. ആ അജ്ഞാത മൃതദേഹത്തെ യഥാവിധി സംസ്കരിക്കാൻ അദ്ദേഹം തയ്യാറായി. 

വീട്ടിൽ തിരിച്ചെത്തി കാര്യങ്ങളൊക്കെ തന്റെ മാതാപിതാക്കളെ അറിയിച്ച രേണുകയ്ക്ക് അവരിൽ നിന്നും കിട്ടിയ പ്രതികരണം ഒട്ടും നല്ലതായിരുന്നില്ല. നടന്നത് നടന്നു അതേപ്പറ്റി ഒരാളോടും മിണ്ടിപ്പോവരുത്, ആരെങ്കിലും അറിഞ്ഞാൽ നിന്നെ ജാതിയിൽ നിന്ന് തന്നെ പുറത്താക്കും എന്നായിരുന്നു അച്ഛന്റെ  മുന്നറിയിപ്പ്. സമൂഹം അസുഖങ്ങളുടെ പേരിൽ അകറ്റി നിര്ത്തുനംവരെ സഹായിക്കാൻ വേണ്ടി വൈദ്യശാസ്ത്രം പഠിക്കണം എന്ന ആഗ്രഹം രേണുകയുടെ ഉള്ളിൽ രൂഢമൂലമായത് അന്നുമുതലായിരുന്നു. 

സ്വപ്നം കണ്ടപോലെ അവർ ഒരു ഡോക്ടറായി പഠിച്ചിറങ്ങി. ആദ്യ നിയമനം സെന്റ് ജോൺസ് കുഷ്ഠരോഗാശുപത്രിയിൽ. ത്വക്ക് രോഗ പരിചരണത്തിന്റെ ഓ പി സമയം കഴിഞ്ഞ് രേണുക കാഷ്വാലിറ്റിയിൽ ഓവർ ടൈം ജോലി ചെയ്ത് പണം സമ്പാദിച്ചു. ആ പണം അവർ ആശുപത്രിയിലെ അശരണരായ കുഷ്ഠരോഗികളുടെ ക്ഷേമത്തിനായി ചെലവിട്ടു. 

വിവാഹ ശേഷം അവർ ചെന്നൈയിലേക്ക് താമസം മാറ്റി. പിന്നീട് ഷേണായ് നഗർ കേന്ദ്രീകരിച്ച് അവർ തന്റെ കുഷ്ഠരോഗം നിവാരണ പ്രവർത്തനങ്ങൾ തുടർന്നു. താൻ കുഷ്ഠരോഗം ബാധിച്ചവർക്കിടയിൽ മാത്രമേ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് തുടക്കത്തിൽ തന്നെ തന്റെ ഭർത്താവിനെയും അവർ അറിയിച്ചിരുന്നു. 

എന്താണീ കുഷ്ഠം അഥവാ ലെപ്രസി 

ഹാൻസൻസ് ഡിസീസ് എന്നൊരു പേരും കുഷ്ഠത്തിനുണ്ട്. തൊലിക്കടിയിലുള്ള നാഡികളെ ശ്വസന നാളികളെ, കണ്ണുകളെ ഒക്കെയാണ് ഈ അസുഖം മുഖ്യമായും ബാധിക്കുന്നത്. ഏത് പ്രായത്തിലുള്ളവർക്കും പിടിപെടാവുന്ന ഒരു അസുഖമാണ് കുഷ്ഠം. കുഷ്ഠത്തിന്റെ പ്രധാന ബാഹ്യലക്ഷണം ചർമ്മത്തിലെ ക്ഷതങ്ങളാണ്. മൈക്കോ ബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയയാണ് അസുഖകാരണം. പണ്ടുകാലങ്ങളിൽ വളരെ പെട്ടെന്ന് പകരുന്ന, ഒരു ചികിത്സയില്ല വ്യാധിയായി  കണ്ടിരുന്ന ഈ അസുഖം ഇന്ന്  പൂർണ്ണമായും മാറുന്ന ഒന്നാണ്.  നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ രോഗിക്ക് അംഗഭംഗം വരാതെ സൂക്ഷിക്കുകയും ചെയ്യാം. വായു വഴിയാണ് അസുഖം പടരുന്നത്. കുഷ്ഠരോഗബാധിതൻ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണു വായുവിൽ പടരും. അത് ശരീരത്തിൽ പ്രവേശിച്ചാലും ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ രണ്ടു മുതൽ അഞ്ചു വരെ വർഷങ്ങൾ പിടിക്കാം. പണ്ടുകാലങ്ങളിൽ വളരെ പെട്ടെന്ന് പകരുന്ന, ഒരു ചികിത്സയില്ല വ്യാധിയായി  കണ്ടിരുന്ന ഈ അസുഖം ഇന്ന്  പൂർണ്ണമായും മാറുന്ന ഒന്നാണ്.  നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ രോഗിക്ക് അംഗഭംഗം വരാതെ സൂക്ഷിക്കുകയും ചെയ്യാം. 

കുഷ്ഠരോഗം ഇന്ത്യയിൽ നിന്നും പൂർണ്ണമായും നിവാരണം ചെയ്തു കഴിഞ്ഞു എന്ന രീതിയിലുള്ള അവകാശ വാദങ്ങൾ സർക്കാരുകൾ നടത്തുമ്പോഴും കുഷ്ഠരോഗത്തിന്റെ പുതിയ കേസുകൾ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും പുറത്തുവരുന്നുണ്ട്.  ഉദാഹരണത്തിന് 2005 -ൽ ഔദ്യോഗികമായി സമ്പൂർണ കുഷ്ഠരോഗനിവാരണം പ്രഖ്യാപിച്ച കേരളത്തിൽ 2018 -ൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് നാനൂറിലധികം പുതിയ കേസുകളാണ്. 

കുഷ്ഠ രോഗ ബാധിതർക്കായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒരു പുനരധിവാസ സദനം സ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോ. രേണുക പറയുന്നു.  


കടപ്പാട് : ബെറ്റർ ഇന്ത്യ 

click me!