അതുവരെ 'സ്മാർട്ട് കീ കാർഡ്' എന്നാൽ അതിസുരക്ഷിതം എന്നാണ് വിചാരിച്ചിരുന്നത്...

By Web TeamFirst Published Jul 7, 2019, 1:47 PM IST
Highlights

ടാക്സിയിൽ നേരെ ഹോട്ടലിൽ പോയി. അവർ തന്നിരുന്ന റൂം കാർഡിട്ടു തുറന്നപ്പോൾ, മൂത്ത മോനാണ് പറഞ്ഞത്, "അച്ഛാ, അകത്ത് ആളുണ്ട് എന്ന് തോന്നുന്നു എന്ന്." അതും പറഞ്ഞു അവൻ റൂം അടച്ചു. 

ഹോട്ടലുകളിലെ 'കാർഡ് കീ' പൂര്‍ണ്ണമായും സുരക്ഷിതമാണോ?

അല്ല എന്നാണ് എന്‍റെ അനുഭവം. രണ്ടു സംഭവങ്ങൾ പറയാം. ഒന്ന്, കഴിഞ്ഞ ദിവസം സംഭവിച്ചത്. കുടുംബവുമായി മാലഗ (സ്പെയിൻ) -യിൽ നിന്നും ഡബ്ലിനിലേക്കുള്ള യാത്ര, മ്യൂണിക്ക് (ജർമ്മനി) എയർപോർട്ട് വഴി ആയിരുന്നു. ഒരു മണിക്കൂറിൽ താഴെയേ ട്രാൻസിറ്റ് സമയം ഉണ്ടായിരുന്നുള്ളൂ. സെക്യൂരിറ്റി, പാസ്പോർട്ട് ചെക്കിങ് ഒക്കെ കഴിഞ്ഞു വന്നപ്പോൾ ഫ്ലൈറ്റ് പോയി.

എയർലൈനിനെ കോൺടാക്ട് ചെയ്തപ്പോൾ, അവർ ഇന്നത്തേക്കുള്ള ഫ്ലൈറ്റും ബുക്ക് ചെയ്തു, ഇന്നലത്തെ ഹോട്ടൽ റൂമും അറേഞ്ച് ചെയ്തു തന്നു. ടാക്സിയിൽ നേരെ ഹോട്ടലിൽ പോയി. അവർ തന്നിരുന്ന റൂം കാർഡിട്ടു തുറന്നപ്പോൾ, മൂത്ത മോനാണ് പറഞ്ഞത്, "അച്ഛാ, അകത്ത് ആളുണ്ട് എന്ന് തോന്നുന്നു എന്ന്." അതും പറഞ്ഞു അവൻ റൂം അടച്ചു. അങ്ങനെ വരാനായി സാധ്യത ഇല്ലല്ലോ എന്നുപറഞ്ഞ് ഞാൻ ഒന്ന് കൂടി കാർഡിൽ എഴുതിയ റൂം നമ്പർ കൃത്യമാണ് എന്ന് ഉറപ്പു വരുത്തിയ ശേഷം, റൂം തുറന്ന് അകത്തു കയറി. ഞെട്ടിപ്പോയി, കട്ടിലിൽ ഒരാൾ കിടക്കുന്നു, എന്നെ കണ്ട് എന്തൊക്കെയോ ജർമൻ ഭാഷയിൽ ഉറച്ചു പറഞ്ഞു. ഞാൻ കീയുമായി റിസപ്‌ഷനിൽ ചെന്നു. അവർ ചെക്ക് ചെയ്തപ്പോൾ റൂം ഞങ്ങൾക്കുള്ളത് തന്നെ, ആൾ അതിന്‍റെ അകത്തു വന്നത് എങ്ങനെ എന്നത് അവർക്കും അറിയില്ല.

'അത് ഞങ്ങൾക്കു വിടൂ, ഞങ്ങൾ അന്വേഷിക്കാം സോറി. നിങ്ങൾക്ക് വേറെ റൂം തരാം' എന്ന് പറഞ്ഞു വേറെ റൂം തന്നു. രണ്ടു സാധ്യതകൾ ആണ്, ഒന്ന് ഹോട്ടലിന് പറ്റിയ തെറ്റ്. രണ്ട്, ആദ്യം വന്ന ആൾ കീ മാറി റൂം തുറന്നു. വേറെ റൂം ആയിരുന്നിരിക്കണം അദ്ദേഹത്തിന് ഇഷ്യൂ ചെയ്തത്. റൂം മാറുകയും ചെയ്തിരിക്കാം. ഇതിനാണ് കൂടുതൽ സാധ്യത. കാരണം, മുമ്പത്തെ ഒരു അനുഭവം അങ്ങനെയാണ്. 

2015 ജൂണിൽ ആണ്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ജൂൺ പതിനാറിനാണ്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് സലേർണോ PhD ഗവേഷകർക്കായി സംഘടിപ്പിച്ച ഒരു സമ്മർ ക്യാമ്പിൽ (June 15-19, 2015) ഒരു പ്രഭാഷണം നടത്താൻ വിളിച്ചിരുന്നു.

ഇറ്റലിയുടെ വടക്കു പടിഞ്ഞാറ് റ്റിർഹെനിയൻ (Tyrrhenian) കടലിന്‍റെ ഉള്‍ക്കടലായ 'ഗൾഫ് ഓഫ് സലേർണോ'യുടെ മനോഹരമായ തീരദേശമാണ് സലേർണോ സിറ്റി. ഹോട്ടലിൽ ചെക്കിൻ ചെയ്തു. രണ്ടാമത്തെ ദിവസം ആണെന്ന്‌ തോന്നുന്നു. ഡിന്നർ കഴിച്ച് ബില്ലൊക്കെ പേ ചെയ്ത് ഞാൻ റൂമിലേക്ക് പോയി. റൂമിലേക്കുള്ള ഡോർവേയിൽ അരണ്ട വെളിച്ചമേ ഉള്ളൂ. എന്‍റെ റൂമിന്റെ ഏകദേശം അടുത്തെത്തിയപ്പോൾ, എതിരെ ഉള്ള റൂമിൽ ഒരു പ്രായമായ സ്ത്രീ നിൽക്കുന്നു. 'സ്മാർട്ട് കീകാർഡ്' ഉപയോഗിച്ച് എനിക്ക് ഈ റൂം തുറക്കാൻ പറ്റുന്നില്ല, താങ്കൾ ദയവായി സഹായിക്കുമോ?'

ഞാൻ ഒന്ന് രണ്ടു പ്രാവശ്യം 'കീ കാർഡ്' വച്ചു പ്രസ് ചെയ്തപ്പോൾ റൂം തുറന്നു. അവർ നന്ദി പറഞ്ഞു റൂമിലേക്ക് പോയി. ഞാൻ ധൃതിയിൽ എതിരെയുള്ള റൂമിലേക്ക് എന്റെ 'കീ കാർഡ്' ഉപയോഗിച്ചു തുറന്നു കയറി. റൂമിൽ കയറിയപ്പോൾ, ആകെ വ്യത്യസം ആയിരിക്കുന്നു. എന്‍റെ പെട്ടി ഇല്ല. ഊരിയിട്ട ഷർട്ടുകൾ ഇല്ല. ആകെ ഒരു വ്യത്യാസം. ഒരു നിമിഷം ചുറ്റിനും നോക്കി, അപ്പോളാണ് മനസ്സിലാകുന്നത് ഇത് എന്‍റെ റൂമല്ല.

അപ്പോൾ ഏകദേശം രാത്രി പന്ത്രണ്ടു മണിയോടടുപ്പിച്ചായി കാണും. ആകെ ഭയന്നു. വായിലെ ഉമിനീർ വറ്റി, ശരീരം വിറയ്ക്കാൻ തുടങ്ങി. ഭാഗ്യത്തിന് റൂമിൽ ആരുമില്ലായിരുന്നു. പെട്ടെന്നുതന്നെ റൂം പൂട്ടിയിട്ട് വെളിയിൽ ഇറങ്ങി. റൂം നമ്പർ നോക്കിയപ്പോൾ എന്‍റെ റൂം തൊട്ടടുത്തതാണ്. അതുവരെ 'സ്മാർട്ട് കീ കാർഡ്' എന്നാൽ അതിസുരക്ഷിതം എന്നാണ് വിചാരിച്ചിരുന്നത്. ഒന്നാലോചിച്ചു നോക്കൂ, ഞാൻ തുറന്ന റൂമിൽ ഒരുപക്ഷെ ആൾ താമസിക്കുന്നുണ്ടായിരുന്നെങ്കിൽ? ഞാൻ പറയുന്ന കഥകൾ ഒക്കെ ആരെങ്കിലും വിശ്വസിക്കുമോ? അതിക്രമിച്ചു കടന്നു എന്നേ ആരും വിശ്വസിക്കൂ.

പിറ്റേന്ന് സുഹൃത്തിനോട്, ഈ കഥ പറഞ്ഞപ്പോൾ പറഞ്ഞു. വളരെ അസാധാരണമായതാണ്, എങ്കിലും ഇങ്ങനെ സംഭവിച്ചു കൂടായ്കയില്ല. ഒരുപക്ഷെ റിസെപ്ഷനിസ്റ്റ് കീ കോഡ് കീയിൽ എന്‍റർ ചെയ്തപ്പോൾ, മാസ്റ്റർ കീയുടെ കോഡോ, അല്ലെങ്കിൽ ആ ഫ്ലോറിൽ ഉള്ള എല്ലാ റൂമുകളും തുറക്കാവുന്ന കീകോഡോ ആവാം എന്‍റർ ചെയ്തത്. അന്ന് മുതൽ ഹോട്ടൽ റൂമിൽ താമസിക്കുമ്പോൾ, അകത്തു നിന്നു കൂടി പൂട്ടും സുരക്ഷയ്ക്കായി.

പ്രശസ്ത ഗായകൻ എം. ജി. ശ്രീകുമാറിന് രാത്രിയിൽ പ്രോഗ്രാം കഴിഞ്ഞു വന്നു ഫ്ലാറ്റ് മാറിപ്പോയി അടി മേടിച്ചു കൂട്ടുന്ന അവസരം വരെ ഉണ്ടായി എന്ന അനുഭവം ഒരിക്കൽ പത്രത്തിൽ വായിച്ചിരുന്നു. അതുപോലെ ഒരു പ്രമുഖ നടിയുടെ റൂമിൽ റൂം ബോയ് അതിക്രമിച്ചു കടന്ന കഥയും വായിച്ചിരുന്നു. ഇതും അതുപോലെ എന്തെങ്കിലും 'എറർ' പറ്റി കയറിയതാകാൻ സാധ്യത ഉണ്ട്.

അതുകൊണ്ട്, ഹോട്ടൽ റൂമിൽ താമസിക്കുമ്പോൾ, ഇലക്ട്രോണിക്ക് ലോക്കിനെ മാത്രം ആശ്രയിക്കാതെ അകത്തു നിന്നു കൂടി നമ്മുടെ സുരക്ഷയ്ക്കായി പൂട്ടുക.

click me!