ഈ ചിത്രം കാണിച്ചുതരും ഈ കൊറോണാക്കാലത്ത് വീട്ടിലിരിക്കേണ്ടുന്നതിന്‍റെ പ്രാധാന്യം...

By Web TeamFirst Published Mar 29, 2020, 1:41 PM IST
Highlights

നമ്മൾ ഇപ്പോൾ ചെയ്യുന്നതു പോലെ വീട്ടിൽ ഇരുന്ന്, കൂടുതൽ ആൾക്കാരിൽ അസുഖം വ്യാപിപ്പിക്കാതെ ഇരിക്കുക. അങ്ങനെ ചെയ്താൽ അസുഖം വ്യാപിക്കാതെ ഇരിക്കുന്നത് കൂടാതെ, അസുഖം തീവ്രമാകുന്നവരിൽ നല്ലൊരു ശതമാനത്തെയും ഹോസ്പിറ്റലുകൾക്ക് ചികിൽസിച്ചു ഭേദമാക്കാൻ പറ്റും. 

COVID19 വ്യാപന സമയത്ത് എന്തുകൊണ്ട് വീട്ടിൽ ഇരിക്കണം എന്നത് ഏറ്റവും ലളിതമായി ഈ ചിത്രം കൊണ്ട് വ്യക്തമാക്കാം. ഒരു നിശ്ചിത സമയത്തിനുള്ളിൽ അസുഖ ബാധിതർ ആകാൻ സാദ്ധ്യതയുള്ള ആൾക്കാരുടെ എണ്ണമാണ് ഇതിൽ പ്ലോട്ട് ചെയ്തിരിക്കുന്നത്.

നമുക്ക് ആദ്യം ചുവന്ന കര്‍വ് നോക്കാം.

അസുഖം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു, ഭരണകൂടം ഒരു മുൻകരുതലുകളും എടുത്തില്ല എങ്കിൽ ചുവന്ന കര്‍വില്‍ കാണുന്നത് പോലെ വളരെപ്പെട്ടെന്ന് ഇത് വ്യാപിച്ചു നിയന്ത്രണാതീതം ആകും.

ഇനി മധ്യത്തിലെ ആ രേഖ നോക്കൂ,

നമ്മുടെ ആരോഗ്യ മേഖലയിൽ നമുക്ക് എത്ര രോഗികളെ ഒരു സമയം ചികിൽസിക്കാനുള്ള സൗകര്യം (capacity) ആണ്. അതായത് വളരെക്കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ആൾക്കാർ ഹോസ്പിറ്റലിൽ എത്തിയാൽ അവരെ ചികിത്സിക്കാനുള്ള സൗകര്യം ഒട്ടും ഉണ്ടാവില്ല. ചികിത്സ കിട്ടാതെ വളരെയധികം ആൾക്കാർ മരിക്കും.

ചികിൽസിച്ചു ഭേദമാക്കി ജീവിക്കാൻ സാദ്ധ്യത ഉള്ളവർ പലരും ആശുപത്രികളിലെ ICU -ൽ പോകാൻപോലും സാധിക്കാതെ മരിക്കേണ്ടി വരും. ചൈനയിലെ വുഹാനിലെ ആദ്യകാലങ്ങളിലും, ഇറ്റലിയിലും, സ്പെയിനിലും ഇപ്പോൾ നടക്കുന്നതും ഇവയാണ്.

ഇനി നമുക്ക് ഇളം നീല കര്‍വ് നോക്കാം. ഇവിടെ ആവശ്യമായ മുൻകരുതലുകൾ എടുത്ത് ആൾക്കാരിൽ രോഗബാധ ഉണ്ടാകുന്ന സമയം ദീർഘിപ്പിക്കുക ആണ്.

ഇളം നീല കര്‍വ് ഒന്നുകൂടി നോക്കൂ, അത് മധ്യത്തിലെ ആ രേഖയ്ക്കും താഴെ അല്ലെ? അതായത് ഒരേസമയത്ത് ഒരുമിച്ച് വളരെ അധികം ആൾക്കാരിൽ രോഗം ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ്.

നമ്മൾ ഇപ്പോൾ ചെയ്യുന്നതു പോലെ വീട്ടിൽ ഇരുന്ന്, കൂടുതൽ ആൾക്കാരിൽ അസുഖം വ്യാപിപ്പിക്കാതെ ഇരിക്കുക. അങ്ങനെ ചെയ്താൽ അസുഖം വ്യാപിക്കാതെ ഇരിക്കുന്നത് കൂടാതെ, അസുഖം തീവ്രമാകുന്നവരിൽ നല്ലൊരു ശതമാനത്തെയും ഹോസ്പിറ്റലുകൾക്ക് ചികിൽസിച്ചു ഭേദമാക്കാൻ പറ്റും. മരണസംഖ്യ വളരെ കുറയ്ക്കുവാനും പറ്റും.

അതുകൊണ്ട് ജീവിക്കാൻ സാധ്യത ഉള്ള ഒരാളെയും, നമ്മൾ പുറത്തിറങ്ങി രോഗബാധിതരാക്കി, മരണത്തിനു വിട്ടുകൊടുക്കരുത്. കേരളത്തിൽ കഴിഞ്ഞ ദിവസം ഒരു മരണം ഉണ്ടായി. ഇനിയും അധികം മരണങ്ങൾ ഉണ്ടാകാതെ ഇരിക്കണമെങ്കിൽ നമ്മൾ ഓരോ ആൾക്കാരും ശ്രദ്ധിക്കണം. അതുകൊണ്ട് ദയവായി വീട്ടിൽ ഇരുന്ന് രോഗവ്യാപനത്തിന്റെ ആ ചെയിൻ മുറിക്കണം.

click me!