നദിക്കുള്ളിലൊരു വീട്, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട നദിവീട്...

By Web TeamFirst Published Nov 11, 2019, 5:21 PM IST
Highlights

ഏതായാലും അക്കൂട്ടത്തിലുണ്ടായിരുന്ന മിലിജ മാന്‍ഡിക് എന്ന പതിനേഴുകാരന്‍റെ മനസില്‍നിന്ന് ആ കല്ല് മാഞ്ഞതേയില്ല. അടുത്ത വേനല്‍ക്കാലത്ത് അവന്‍ സുഹൃത്തുക്കളുമായി വീണ്ടും അതേ സ്ഥലത്തെത്തി.

സെര്‍ബിയയിലെ ബജിന ബാസ്റ്റയിലെ ഡ്രിന നദിയിലാണ് ആ കുഞ്ഞുവീട്... ഒച്ചയുണ്ടാക്കിയൊഴുകുന്നൊരു നദിക്കകത്ത്, ചുറ്റും കാടും പച്ചപ്പും കിളികളും... ആരേയും ആകര്‍ഷിക്കുന്ന അതിമനോഹരമായ ഈ വീടുണ്ടായ കഥ തന്നെ ഒരല്‍പം നൊസ്റ്റാള്‍ജിക് ആണ്. 1968 ല്‍ നീന്താനെത്തിയ കുറച്ചുപേരാണ് ഈ വീടിന്‍റെ പിറവിക്ക് പിന്നില്‍. സൂര്യപ്രകാശമേറ്റിരിക്കാന്‍ ഒരു സ്ഥലം തിരഞ്ഞെത്തിയപ്പോഴാണ് നദിക്കകത്ത് ഒരു കല്ല് തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടത്. ഒരു താല്‍ക്കാലികവീട് കെട്ടിയുണ്ടാക്കാന്‍ പറ്റിയ ഇടമെന്ന് തോന്നിയത് അവര്‍ക്കാണ്. അങ്ങനെയുണ്ടായാല്‍ അവിടെ തണലിലൊരല്‍പം വിശ്രമിക്കണമെന്ന് തോന്നിയാലും ആവാം. 

ഏതായാലും അക്കൂട്ടത്തിലുണ്ടായിരുന്ന മിലിജ മാന്‍ഡിക് എന്ന പതിനേഴുകാരന്‍റെ മനസില്‍നിന്ന് ആ കല്ല് മാഞ്ഞതേയില്ല. അടുത്ത വേനല്‍ക്കാലത്ത് അവന്‍ സുഹൃത്തുക്കളുമായി വീണ്ടും അതേ സ്ഥലത്തെത്തി. അവരെല്ലാം ചേര്‍ന്ന് പതിയെ പതിയെ മരക്കഷ്‍ണങ്ങളും മറ്റും എത്തിച്ച് തുടങ്ങി. പിന്നെ ഒരു ഒറ്റമുറി വീട് പണിതു. എന്തൊക്കെ കഷ്‍ടപ്പെട്ടിട്ടാണെങ്കിലും ആ വീട് പണിതിട്ടേയുള്ളൂവെന്ന് മാന്‍ഡികും കൂട്ടുകാരും തീരുമാനിച്ചുറപ്പിച്ചിരുന്നു.

പുഴക്കക്കരെ നിന്ന് വീട് പണിയാനുള്ള സാധനങ്ങളെത്തിക്കുകയൊന്നും അത്ര എളുപ്പമായിരുന്നില്ല. ബോട്ടിലും കയാക്കിലുമായാണ് വീട് പണിയാനുള്ള സാധനങ്ങളെത്തിച്ചത്. ഭാരം കൂടിയ സാധനങ്ങളെല്ലാം പുഴയിലൂടെ ഒഴുക്കിവിട്ടശേഷം മറുഭാഗത്തുനിന്നും പിടിച്ചെടുക്കുകയായിരുന്നു. ഏതായാലും ആറ് തവണയാണ് ഒഴുക്കില്‍ ഈ വീട് തകര്‍ന്നുപോയത്. പക്ഷേ, ഓരോ തവണ അവ തകര്‍ന്നപ്പോഴും കൂടുതല്‍ കരുത്തോടെ അത് മാറ്റിമാറ്റിപ്പണിതുകൊണ്ടിരുന്നു. 2011 -ല്‍ നിര്‍മ്മിക്കപ്പെട്ട വീടാണ് ഇപ്പോള്‍ ഡ്രിനാനദിയിലുള്ള ഈ വീട്. 2012 -ല്‍ നാഷണല്‍ ജോഗ്രഫിക്കില്‍ ഇടംപിടിച്ചതോടെയാണ് അത് വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഏതായാലും ഇന്നത് ഒരു വലിയ വിനോദസഞ്ചാരകേന്ദ്രം തന്നെയാണ്. ഭക്ഷണവും മറ്റും തയ്യാറാക്കി നല്‍കാന്‍ ആളുകളുണ്ട്. ഒപ്പം ഡ്രിനാനദിയിലൂടെ യാത്ര പോകാം. എല്ലാം കൊണ്ടും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിത്.

click me!