സീരിയലിലെ വില്ലന്മാർ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാനാവാതെ ടിവി അടിച്ചുതകർത്ത് 91-കാരിയായ മുത്തശ്ശി. രണ്ട് ടിവികൾ തകര്‍ത്തതോടെ, മുത്തശ്ശിയുടെ അടിയിൽ നിന്നും പുതിയ ടിവിയെ രക്ഷിക്കാൻ പുതുവഴി തേടി കുടുംബം.
സീരിയലിനോടുള്ള അമിതമായ ആവേശം മൂലം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു 91-കാരി മുത്തശ്ശി. ടിവിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ അനീതി നേരിടുന്നത് കാണുമ്പോൾ നിയന്ത്രണം വിട്ട് സ്ക്രീനിൽ അടിക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങൾ കൊച്ചുമകൾ ലിയു ആണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരുച്ച്, ദാലിയൻ നഗരത്തിൽ താമസിക്കുന്ന ഈ മുത്തശ്ശിയുടെ പ്രധാന വിനോദം ചൈനീസ് ടിവി ഡ്രാമകൾ കാണുക എന്നതാണ്. അടുത്തിടെ 'ലോസ്റ്റ് യു ഫോറെവർ' , 'മിസ്റ്റീരിയസ് ലോട്ടസ് കേസ്ബുക്ക്' എന്നീ പരമ്പരകളാണ് മുത്തശ്ശി കണ്ടുകൊണ്ടിരിക്കുന്നത്. ഒരു വീഡിയോയിൽ, വില്ലൻ നായികയെ മരത്തിൽ കെട്ടിത്തൂക്കി ഉപദ്രവിക്കുന്നത് കണ്ട് പ്രകോപിതയായ മുത്തശ്ശി വില്ലനെ ശപിക്കുന്നതും സ്ക്രീനിൽ ആഞ്ഞു തല്ലുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം. "അവൾ എങ്ങനെ ജീവനോടെ ഇരിക്കാനാണ്? പോലീസിനെ വിളിച്ച് ഇവനെയൊക്കെ ശിക്ഷിക്കണം" എന്നാണ് മുത്തശ്ശി രോഷാകുലയായി പറയുന്നത്.
മുത്തശ്ശിയുടെ ഈ വില്ലന്മാരെ തല്ലൽ കാരണം ഇതിനോടകം തന്നെ വീട്ടിലെ ഒരു ടിവി പൂർണ്ണമായും നശിച്ചു. തുടർന്ന് പുതിയ ടിവി വാങ്ങിയെങ്കിലും വെറും മൂന്ന് ദിവസത്തിനുള്ളിൽ മുത്തശ്ശിയുടെ അടി കൊണ്ട് അതിന്റെ സ്ക്രീനും പോയതായി കൊച്ചുമകൾ ലിയു പറഞ്ഞു. മുത്തശ്ശിയുടെ ചിന്താഗതികൾ വളരെ പുരോഗമനപരമാണെന്നും, പഴയ തലമുറയിലെ ആളുകൾ യുവാക്കളെ അടിച്ചമർത്തുന്നതിനെതിരെ മുത്തശ്ശി സംസാരിക്കാറുണ്ടെന്നും വീട്ടുകാർ പറയുന്നു.
ടിവി അടിച്ചുതകർക്കുന്നത് പതിവായതോടെ കുടുംബാംഗങ്ങൾ പുതിയൊരു മാർഗ്ഗം കണ്ടെത്തി. ടിവി സ്ക്രീനിന് മുൻപിലായി സുരക്ഷിതമായ ഒരു 'അക്രിലിക് ഷീൽഡ്' അവർ സ്ഥാപിച്ചു. ഇപ്പോൾ മുത്തശ്ശി എത്ര തല്ലിയാലും ടിവിക്ക് കേടുപാടുകൾ സംഭവിക്കില്ല. സീരിയലുകൾ ചുവരിൽ പ്രൊജക്ട് ചെയ്ത് കാണിക്കാൻ ചിലർ നിർദ്ദേശിച്ചെങ്കിലും, ആവേശത്തിൽ മുത്തശ്ശി ചുവരിൽ കൈയിടിച്ചാൽ മുത്തശ്ശിക്ക് പരിക്കേൽക്കുമെന്ന് കരുതി കുടുംബം അത് വേണ്ടെന്ന് വെച്ചു.
