US| റോഡിലാകെ നോട്ടുകള്‍, വാരിയെടുത്തവര്‍ അറസ്റ്റില്‍, മറ്റുളളവര്‍ക്കായി വീഡിയോ പരതി പൊലീസ്!

Web Desk   | Asianet News
Published : Nov 22, 2021, 07:58 PM ISTUpdated : Nov 22, 2021, 07:59 PM IST
US| റോഡിലാകെ നോട്ടുകള്‍, വാരിയെടുത്തവര്‍ അറസ്റ്റില്‍, മറ്റുളളവര്‍ക്കായി വീഡിയോ പരതി പൊലീസ്!

Synopsis

 റിസര്‍വ് ബാങ്കിലേക്ക് നോട്ടുകളുമായി പോവുന്ന കവചിത വാഹനത്തില്‍നിന്നാണ് പുറകിലെ ഡോര്‍ തുറന്ന് രണ്ട് വലിയ ബാഗുകളില്‍ നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീണത്. 

അമേരിക്കയില്‍ (US) ബാങ്കില്‍നിന്നും പണം കൊണ്ടുപോവുന്ന ട്രക്കില്‍നിന്നും (armoured truck )റോഡിലേക്ക് വീണ നോട്ടുകെട്ടുകള്‍ (currency notes) പെറുക്കിയെടുത്തവര്‍ അറസ്റ്റില്‍. ഏറെ നേരം ഗതാഗതം സ്തംഭിക്കാനിടയാക്കിയ സംഭവത്തില്‍ രണ്ടുപേരാണ് അറസ്റ്റിലായത്. കാശുമായി സ്ഥലം വിട്ടവര്‍ക്കായി പൊലീസ് വീഡിയോകള്‍ പരിശോധിച്ച് അന്വേഷണമാരംഭിച്ചു. ഇനിയും നിരവധി പേര്‍ അറസ്റ്റിലാവുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാലിഫാര്‍ണിയയിലെ (California ) കാള്‍സ്ബാഡിലാണ്  (Carlsbad) സംഭവം. 

 

 

വെള്ളിയാഴ്ച കാലത്ത് ഒമ്പതേ കാലിനാണ് സംഭവം. റിസര്‍വ് ബാങ്കിലേക്ക് നോട്ടുകളുമായി പോവുന്ന കവചിത വാഹനത്തില്‍നിന്നാണ് പുറകിലെ ഡോര്‍ തുറന്ന് രണ്ട് വലിയ ബാഗുകളില്‍ നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീണത്. ഇതിനെ തുടര്‍ന്ന് ഈ ബാഗില്‍നിന്നും നോട്ടുകള്‍ റോഡിലാകെ ചിതറി. ഈ വഴി കടന്നുപോവുകയായിരുന്ന വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ ഇതോടെ റോഡിലിറങ്ങി. തുടര്‍ന്ന് ആളുകള്‍ ഈ നോട്ടുകള്‍ കിട്ടുന്നത്രയും വാരിയെടുത്ത് സ്വന്തമാക്കി. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. 

 

 

ഗതാഗതം സ്തംഭിച്ച വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ആളുകള്‍ കടന്നുപോവുന്നത് തടഞ്ഞ പൊലീസ് നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പലരും വിസമ്മതിച്ചതിനെ തുടര്‍ന്ന്, ഇവിടെയുള്ള സിസിടിവി ക്യാമറകളും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്ത വീഡിയോകളും പരിശോധിച്ച് നോട്ടുകള്‍ എടുത്തവരെ കണ്ടെത്തി നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതോടെ ആളുകളില്‍ പലരും നോട്ടുകള്‍ പൊലീസിന് കൈമാറി. റോഡില്‍നിന്നും നോട്ടുകള്‍ പെറുക്കിയെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള നോട്ടുകള്‍ കണ്ടെത്താന്‍ പൊലീസ് വീഡിയോകള്‍ പരിശോധിച്ചു വരികയാണ്. നോട്ടുകള്‍ എടുത്ത ഒരാളെയും വെറുതെ വിടില്ലെന്ന് എഫ് ബി ഐ അറിയിച്ചു. 

 

 

എങ്ങനയാണ് ട്രക്കില്‍നിന്നും നോട്ടുകെട്ടുകള്‍ പുറത്തേക്ക് വീണതെന്ന കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. എത്ര പണമാണ് നഷ്ടപ്പെട്ടു എന്ന കാര്യം അറിവായിട്ടില്ല എന്നും പൊലീസ് അറിയിച്ചു. 

നോട്ടുകള്‍ എടുത്തവരുടെ ചിത്രങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കാരില്‍ പലരും അതിശയകരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 


 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!