ഹോട്ടലിന് മുന്നിൽ‌ മദ്യപിച്ച് ലക്കുകെട്ട് പ്രതിഷേധം, പൊലീസെത്തി കാര്യമറിഞ്ഞപ്പോൾ ട്വിസ്റ്റ്

By Web TeamFirst Published Jul 20, 2022, 3:14 PM IST
Highlights

താൻ താമസിക്കുന്ന ഹോട്ടലാണ് എന്ന് കരുതിയാണ് അയാൾ ഈ നാടകമെല്ലാം നടത്തിയത്. എന്നാൽ എല്ലാം വെറുതെയായി പോയി. തെറ്റായ ഹോട്ടലിന്റെ മുന്നിൽ പോയാണ് അയാൾ തന്റെ മുറി അന്വേഷിച്ച് ബഹളം വച്ചത്. എന്തായാലും ഒടുവിൽ പൊലീസ് തന്നെ അയാളെ അയാൾ താമസിക്കുന്ന ഹോട്ടലിൽ കൊണ്ട് ചെന്നാക്കി.

ആളുകൾ മദ്യലഹരിയിൽ കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇംഗ്ലണ്ടിലെ ബോൺമൗത്തിൽ അടുത്തിടെ അത്തരം രസകരമായ ഒരു സംഭവം നടന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പൊലീസിന് ഒരു ഫോൺ കാൾ ലഭിച്ചു. ബോർൺമൗത്തിലെ പ്രീമിയർ ഇന്നിന് പുറത്തുള്ള നടപ്പാതയിൽ ഒരാൾ പ്രതിഷേധിക്കുന്നു. മദ്യപിച്ച് ലക്ക് കെട്ട അയാൾ വെറും റോഡിൽ കിടന്നാണ് പ്രതിഷേധിക്കുന്നത്. തുടർന്ന്, പൊലീസ് സ്ഥലത്തെത്തി. നോക്കുമ്പോൾ ഹോട്ടലിലേക്കുള്ള വഴിയിൽ ഒരാൾ കിടക്കുന്നു. പൊലീസ് അയാളോട് കാര്യം തിരക്കി.

സ്വന്തം കിടക്കയിൽ മൂടിപ്പുതച്ച് ഉറങ്ങേണ്ട സമയത്ത് നിങ്ങൾ എന്തിനാണ് ഇങ്ങനെ റോഡിൽ കിടക്കുന്നതെന്ന് പൊലീസ് അയാളോട് ചോദിച്ചു. അപ്പോഴാണ് തനിക്കെതിരെ ഹോട്ടൽ ജീവനക്കാർ കാണിച്ച നെറികേടിനെ കുറിച്ച് അയാൾ പറയുന്നത്. വെളുക്കും വരെ മദ്യപിച്ച് വശം കേട്ട താൻ ഒന്ന് കിടന്നുറങ്ങാൻ ഹോട്ടലിൽ വന്നിറങ്ങിയതാണ്, എന്നാൽ ഹോട്ടൽ ജീവനക്കാർ തന്നെ അതിനകത്തേയ്ക്ക് കയറ്റുന്നില്ലെന്നായിരുന്നു അയാളുടെ പരാതി. അതിന്റെ പ്രതിഷേധമായിട്ടാണ് താൻ ഹോട്ടലിന് മുന്നിൽ കിടന്നതെന്നും അയാൾ പൊലീസിനെ അറിയിച്ചു. അങ്ങനെ പൊലീസ് ഹോട്ടലിൽ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ശരിക്കുള്ള ട്വിസ്റ്റ്. മദ്യപിച്ച് പാതി ബോധത്തിൽ നിൽക്കുന്ന അയാൾക്ക് ഹോട്ടൽ മാറിയതായിരുന്നു.

താൻ താമസിക്കുന്ന ഹോട്ടലാണ് എന്ന് കരുതിയാണ് അയാൾ ഈ നാടകമെല്ലാം നടത്തിയത്. എന്നാൽ എല്ലാം വെറുതെയായി പോയി. തെറ്റായ ഹോട്ടലിന്റെ മുന്നിൽ പോയാണ് അയാൾ തന്റെ മുറി അന്വേഷിച്ച് ബഹളം വച്ചത്. എന്തായാലും ഒടുവിൽ പൊലീസ് തന്നെ അയാളെ അയാൾ താമസിക്കുന്ന ഹോട്ടലിൽ കൊണ്ട് ചെന്നാക്കി. തൊട്ടടുത്ത് തന്നെയായിരുന്നു ഹോട്ടൽ. “ബുക്കിംഗ് ഇല്ലാത്ത ഒരു ഹോട്ടലിൽ പ്രവേശിക്കാൻ ശ്രമിച്ച മദ്യപാനിയെ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു. പ്രതിഷേധാർത്ഥം അയാൾ തറയിൽ കിടക്കുകയിരുന്നു. ഉദ്യോഗസ്ഥർ ഒടുവിൽ അയാളെ ബുക്ക് ചെയ്ത ഹോട്ടലിൽ കൊണ്ട് പോയി വിട്ടു" പൊലീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം മദ്യലഹരിയിൽ ഒരാൾ യുഎസിലെ കൊളറാഡോയിൽ പൊലീസ് പട്രോളിംഗ് കാർ മോഷ്ടിക്കുകയും തുടർന്ന് സിനിമാ സ്റ്റൈലിൽ പൊലീസ് അയാളെ പിന്തുടർന്ന് പിടികൂടുകയും ചെയ്തത് വാർത്തയായിരുന്നു. 33 -കാരനായ ജെറമിയ ജെയിംസ് ടെയ്‌ലറാണ് അറസ്റ്റിലായത്. മോട്ടോർ വാഹനം മോഷ്ടിച്ചത് ഉൾപ്പെടെ എട്ട് കുറ്റങ്ങൾ അയാൾക്കെതിരെയുണ്ട്. മദ്യലഹരിയിലായിരുന്ന ടെയ്‌ലർ, ഉദ്യോഗസ്ഥർ ആരും ഇല്ലാതിരുന്ന പാർക്ക് കൗണ്ടി ഷെരീഫിന്റെ സബ്‌സ്റ്റേഷനിൽ അതിക്രമിച്ചുകയറി. അവിടെ കിടന്ന ഒരു പൊലീസ് പട്രോളിംഗ് കാർ മോഷ്ടിച്ച് കടന്ന് കളയുകയും ചെയ്തു. 110 മൈൽ വേഗത്തിൽ വാഹനം ഓടിച്ച അയാളെ ഒടുവിൽ പൊലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു. ഇതിനിടയിൽ നിരവധി ട്രാഫിക് നിയമങ്ങളും അയാൾ ലംഘിച്ചതായി ആരോപിക്കപ്പെടുന്നു.
 


 

click me!