Drunkest Country : കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മദ്യപിച്ചത് ഈ രാജ്യക്കാര്‍, അധികം കുടിച്ചുതീര്‍ത്തത് സ്ത്രീകള്‍

By Web TeamFirst Published Dec 3, 2021, 2:12 PM IST
Highlights

അതേസമയം, ഓസ്‌ട്രേലിയയുടെ തൊട്ടടുത്ത് കിടന്നിട്ടും ന്യൂസിലാൻഡ് സർവേയിലെ ഏറ്റവും കുറവ് മദ്യപിച്ച രാജ്യങ്ങളിലൊന്നായി മാറി.

ഓസ്‌ട്രേലിയ(Australia)ക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ മദ്യപാനികളെന്നാണ് ഒരു ആഗോള സർവ്വേ വെളിപ്പെടുത്തുന്നത്. ഗ്ലോബൽ ഡ്രഗ് സർവേ(Global Drug Survey)യുടെ 2021 -ലെ റിപ്പോർട്ടിലാണ് ഇത് കണ്ടെത്തിയത്. സർവേയുടെ സംഘാടകർ 22 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 32,000 -ത്തിലധികം ആളുകളോട് 2020 -ൽ അവരുടെ മദ്യപാനം നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ നിന്നുള്ളവർ വർഷത്തിൽ ശരാശരി 27 തവണ മദ്യപിച്ചതായി കണ്ടെത്തി. ആഗോള ശരാശരിയുടെ ഇരട്ടിയാണിത്.  

ശരാശരി കണക്ക് നോക്കിയാൽ, ആഴ്ചയിൽ രണ്ട് ദിവസം വരെ ഓസ്‌ട്രേലിയക്കാർ കുടിക്കാറുണ്ടെങ്കിലും, രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ് അമിതമായി മദ്യപിച്ചിരുന്നത്. അതിൽ രസകരമായ കാര്യം, അവിടെ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ മദ്യപിക്കുന്നത്. ഓസ്‌ട്രേലിയൻ പുരുഷന്മാരാണ് ഏറ്റവും വലിയ മദ്യപാനികൾ എന്ന സർവ്വസാധാരണ സങ്കല്പത്തെ ഇത് പൊളിച്ചടുക്കുന്നു. ബിയറിനോടും വൈനിനോടുമാണ് അവിടത്തുകാർക്ക് കൂടുതൽ താല്പര്യം. ബാക്കി രാജ്യങ്ങൾ ലോക്ക്ഡൗണിലേക്കും, അടച്ചിടലിലേയ്ക്കുമൊക്കെ പോയപ്പോഴും അത്തരം നിയന്ത്രണങ്ങളെ ഒഴിവാക്കാൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. ഇതാകാം അവരെ 2020 -ൽ ലോകത്തിലെ ഏറ്റവും കൂടുതൽ മദ്യപിച്ച രാജ്യമാക്കി മാറ്റിയത്.        

കഴിഞ്ഞ വർഷം, ബാറുകളും ക്ലബ്ബുകളും പതിവുപോലെ തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. 2021 -ഓടെ ഡെൽറ്റ വേരിയന്റ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് രാജ്യം കർശനമായ അടച്ചുപൂട്ടലിലേക്ക് തിരിഞ്ഞത്. ഗ്ലോബൽ ഡ്രഗ് സർവേയിൽ ഡെൻമാർക്കും ഫിൻ‌ലൻഡുമാണ്  രണ്ടാം സ്ഥാനത്ത്. വർഷത്തിൽ ശരാശരി 24 തവണ അവർ മദ്യപിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സാണ് മൂന്നാം സ്ഥാനത്ത്. അവിടെയുള്ള സർവേയിൽ പങ്കെടുത്തവർ 2020 ൽ ശരാശരി 23 തവണ മദ്യപിച്ചിരുന്നു. യുണൈറ്റഡ് കിംഗ്ഡം പ്രതിവർഷം 22.5 തവണ മദ്യപിച്ച് തൊട്ട് പിന്നാലെതന്നെ സ്ഥാനം നേടി. അതിന് തൊട്ട് താഴെയായി പ്രതിവർഷം 22 തവണ മദ്യപിച്ച് കാനഡയും പട്ടികയിൽ ഇടം നേടി.  

അതേസമയം, ഓസ്‌ട്രേലിയയുടെ തൊട്ടടുത്ത് കിടന്നിട്ടും ന്യൂസിലാൻഡ് സർവേയിലെ ഏറ്റവും കുറവ് മദ്യപിച്ച രാജ്യങ്ങളിലൊന്നായി മാറി. 2020 -ൽ, അവിടെ നിന്ന് സർവേയിൽ പങ്കെടുത്തവർ ശരാശരി 10 തവണ മാത്രമാണ് മദ്യപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മദ്യപാനികളായി ഓസ്‌ട്രേലിയക്കാർ റാങ്ക് ചെയ്യപ്പെട്ടെങ്കിലും, തങ്ങളുടെ മദ്യപാന ശീലങ്ങളിൽ അവർക്ക് ഖേദമില്ല എന്നാണ് സർവേയുടെ കണ്ടെത്തൽ. മദ്യപിച്ചതിൽ ആളുകൾക്ക് ഖേദിക്കുന്നുണ്ടോ എന്ന് ഗവേഷകർ പരിശോധിച്ചപ്പോൾ, ഓസ്‌ട്രേലിയ ലോകത്ത് ഒമ്പതാം സ്ഥാനത്തായിരുന്നു. ഐറിഷ്, പോളിഷ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ആളുകളാണ് മദ്യപിച്ചതിൽ ഏറ്റവുമധികം പശ്ചാത്തപിച്ചത്. മദ്യപിച്ചതിൽ ഒട്ടും പശ്ചാത്താപമില്ലാത്തിരുന്നത് ഡെന്മാർക്കിനായിരുന്നു. ഒരുപാട് മദ്യം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കഴിച്ചു തീർത്തുവെന്നതിലായിരുന്നു ഓസ്‌ട്രേലിയക്കാരുടെ വിഷമം. 2017 -ൽ ലോകത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ് വലിച്ചവരെന്നുള്ള ബഹുമതിയും ഓസ്‌ട്രേലിയക്കാർക്കായിരുന്നു.   

click me!