ഓൺലൈൻ പർച്ചേസുകൾക്ക് ‘ഭൂമി ഉപയോഗ ഫീസ്’; പാറ്റഗോണിയക്കെതിരെ വൻ വിമര്‍ശനം

Published : Apr 09, 2026, 09:43 AM IST
 online purchase

Synopsis

പ്രശസ്ത ബ്രാൻഡായ പാറ്റഗോണിയ ചൈനയിൽ ഓൺലൈൻ പർച്ചേസുകൾക്ക് ഏര്‍പ്പെടുത്തിയ 'ഭൂമി ഉപയോഗ ഫീസ്' വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു. അമിതമായ റിട്ടേണുകൾ കുറച്ച് പരിസ്ഥിതി ആഘാതം ലഘൂകരിക്കാനാണ് ഈ നീക്കമെന്നാണ് കമ്പനി പറയുന്നത്. 

പ്രശസ്ത അമേരിക്കൻ ഔട്ട്ഡോർ അപ്പാരൽ ബ്രാൻഡായ പാറ്റഗോണിയ ചൈനയിൽ ഏർപ്പെടുത്തിയ പുതിയ 'എർത്ത് യൂസേജ് ഫീ'ക്കെതിരെ വലിയ വിമർശനം. അമിതമായ റിട്ടേണുകൾ കുറയ്ക്കാനും പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുമാണ് ഈ നീക്കമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, ഉപഭോക്താക്കൾക്കിടയിൽ ഇത് കടുത്ത അമർഷത്തിന് കാരണമായി. അലിബാബയുടെ ഉടമസ്ഥതയിലുള്ള Tmall സ്റ്റോറിലൂടെ നടത്തുന്ന പർച്ചേസുകൾക്കാണ് ഈ തുക ഈടാക്കുന്നത്. ആദ്യത്തെ ഉൽപ്പന്നത്തിന് 15 യുവാൻ (ഏകദേശം 175 രൂപ) ഉം ഓരോ അധിക ഉൽപ്പന്നത്തിനും 5 യുവാൻ വീതമാണ് ഭൂമി ഉപയോ​ഗ ഫീസ് (earth usage fee) ആയി ഈടാക്കുന്നത്. വാങ്ങിയ സാധനങ്ങൾ ഉപയോ​ഗിക്കുകയാണ് തിരിച്ചു നൽകിയില്ല എങ്കിൽ ഈ തുക തിരികെ നൽകും. എന്നാൽ, ഗുണനിലവാര പ്രശ്നങ്ങൾ അല്ലാതെ മറ്റ് കാരണങ്ങളാൽ സാധനങ്ങൾ തിരിച്ചയക്കുകയാണെങ്കിൽ ഈ ഫീസ് ലഭിക്കില്ലെന്ന് മാത്രമല്ല, റിട്ടേൺ ഷിപ്പിംഗ് ചെലവും ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരും.

അമിതമായ 'റിട്ടേണുകൾ' ആണ് ഈ ഫീസ് ഈടാക്കാൻ കാരണം എന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വർഷത്തെ 'ഡബിൾ 11' ഷോപ്പിംഗ് ഫെസ്റ്റിവലിലെ കണക്കുകളും പാറ്റഗോണിയ പുറത്തുവിട്ടു. ആകെ 16,179 പാഴ്സലുകൾ അയച്ചതിൽ 11,277 എണ്ണവും തിരിച്ചു വന്നു. ഈ റിട്ടേണുകൾ വഴി മാത്രം ഏകദേശം 40 ടൺ കാർബൺ എമിഷൻ ഉണ്ടായതായാണ് കമ്പനി പറയുന്നത്. ഈ ഭൂമി ഉപയോ​ഗ ഫീസിൽ നിന്നും ശേഖരിക്കുന്ന തുക പരിസ്ഥിതി സംഘടനയായ '1% for the Planet'-ലേക്ക് നൽകുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ, അതേസമയത്ത് ഈ ഫീസ് ഈടാക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. വസ്ത്രങ്ങൾ ഫോട്ടോകളിൽ മോഡലുകൾ ധരിച്ചതുപോലെയല്ല നേരിട്ട് ലഭിക്കുമ്പോൾ എന്നും, അതുകൊണ്ടാണ് ആളുകൾ തിരിച്ചയക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടി. ബ്രാൻഡിന്റെ പോരായ്മകൾ പരിഹരിക്കാതെ അതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ലെന്നും വിമർശകർ പറയുന്നു. ഭൂമിയോട് അത്രക്ക് കരുതലുണ്ടെങ്കിൽ ബിസിനസ്സ് നിർത്തുന്നതല്ലേ നല്ലത് എന്നും ആളുകൾ ചോദിക്കുന്നു. എന്നാൽ, ഓൺലൈൻ ഷോപ്പിംഗിന്റെ യഥാർത്ഥ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കാനുള്ള ശ്രമമാണിത് എന്നാണ് പാറ്റഗോണിയ പ്രതികരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇസ്രയേൽ, ലെബനൻ അക്രമിച്ചാൽ വെടിനിർത്തലിൽ നിന്ന് പിന്മാറുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്
വെടിനിർത്തൽ; ഇറാൻ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ചെന്ന് സൗദിയും യുഎഇയും, ഇസ്രയേലിന്‍റെ ബോംബ് വ‍ർഷമെന്ന് ലെബനൻ; സമാധാനം അകലുമോ?