
സമൂഹ മാധ്യമമായ എക്സിൽ ഇന്ത്യൻ ഉപയോക്താവും മുംബൈയിലെ ഇറാനിയൻ കോൺസുലേറ്റ് ജനറലും തമ്മിൽ നടന്ന രസകരവും ഊഷ്മളവുമായ സംഭാഷണം ഇന്‍റർനെറ്റിൽ വലിയ ശ്രദ്ധ നേടുന്നു. ഇറാൻ കോൺസുലേറ്റിന്‍റെ സമൂഹ മാധ്യമ ടീമിനെക്കുറിച്ചുള്ള ഒരു ലളിതമായ ചോദ്യത്തിന് ലഭിച്ച ഹൃദ്യമായ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അക്ഷയ് ആനന്ദ് എന്ന ഉപയോക്താവ് കോൺസുലേറ്റിനെ ടാഗ് ചെയ്ത് കൊണ്ട്, അവരുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്ന സംഘത്തിൽ ഇന്ത്യക്കാരുണ്ടോയെന്ന് ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാധാരണഗതിയിൽ ഔദ്യോഗികമായ മറുപടികൾ മാത്രം നൽകാറുള്ള നയതന്ത്ര സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, തികച്ചും വ്യക്തിപരമായ സ്പർശമുള്ള മറുപടിയാണ് കോൺസുലേറ്റ് നൽകിയത്.
"ഹായ്, ഞങ്ങൾക്ക് തീർച്ചയായും അതിഷ്ടമാണ്, പക്ഷേ, നിലവിൽ ഒഴിവുകളില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ടീമിൽ എല്ലാവരും ഇറാനികളാണ് (ഇന്ത്യയോട് പ്രത്യേക ഇഷ്ടമുള്ളവർ). എങ്കിലും എന്നെങ്കിലും ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കളെ കൂടെക്കൂട്ടുകയെന്നത് വളരെ നല്ലൊരു ആശയമാണ്," കോൺസുലേറ്റ് കുറിച്ചു.
കോൺസുലേറ്റിന്‍റെ ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ളവർ തങ്ങൾക്ക് പേർഷ്യൻ എളുപ്പത്തിൽ പഠിക്കാൻ കഴിയുമെന്നും ഇത്തരം ടീമുകളുടെ ഭാഗമാകാൻ താൽപ്പര്യമുണ്ടെന്നും അറിയിച്ചു. ഇന്ത്യയും ഇറാനും തമ്മിലുള്ള സാംസ്കാരികമായ അടുപ്പത്തെയും സൗഹൃദത്തെയും ഈ മറുപടി പ്രതിഫലിപ്പിക്കുന്നുവെന്ന് ഒരു വിഭാഗം ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇറാന്‍റെ ഭൗമരാഷ്ട്രീയ നിലപാടുകളെയും സൈനിക ഇടപെടലുകളെയും ചൂണ്ടിക്കാട്ടി ഇത് വെറും 'മാർക്കറ്റിംഗ്' തന്ത്രമാണെന്ന് വിമർശിക്കുന്നവരും കുറവല്ല.
അടുത്ത കാലത്തായി ഇറാനിയൻ നയതന്ത്ര അക്കൗണ്ടുകൾ നർമ്മവും കൃത്യമായ സന്ദേശങ്ങളും കലർത്തിയുള്ള ഇടപെടലുകളിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഔദ്യോഗികമായ ഗൗരവം നിലനിർത്തിക്കൊണ്ട് തന്നെ പൊതുജനങ്ങളുമായി സൗഹൃദപരമായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് ഡിജിറ്റൽ ഡിപ്ലോമസിയിലെ (Digital Diplomacy) ശ്രദ്ധേയമായ മാറ്റമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്തായാലും, മുംബൈ കോൺസുലേറ്റിന്‍റെ ഈ മറുപടി, നയതന്ത്രം എന്നത് ഫയലുകൾക്കും ചർച്ചകൾക്കും അപ്പുറം ജനങ്ങളിലേക്കും എത്തേണ്ട ഒന്നാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.