
ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ചെളി കഴിക്കണമെന്ന് വാദിക്കുന്ന ബ്യൂട്ടി ട്രെൻഡ് അമേരിക്കയിലെ സോഷ്യൽ മീഡിയാ ഉപയോക്താക്കൾക്കിടയിൽ തരംഗമാകുന്നു. കുടലിൻ്റെ ആരോഗ്യം, ചർമ്മപ്രശ്‌നങ്ങൾ, പൊണ്ണത്തടി എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്ന് വാദിക്കുന്ന ഈ വിചിത്രമായ സമ്പ്രദായം അമേരിക്കയിലെ tiktok ഉപയോക്താക്കൾക്കിടയിലാണ് വ്യാപകമായ സ്വാധീനം ചെലുത്തിയിരിക്കുന്നത്.
ഫെർട്ടിലിറ്റി, ഹോർമോൺ കോച്ച് എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റെഫാനി അഡ്‌ലർ ആണ് ചെളി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വാദഗതിക്ക് സോഷ്യൽ മീഡിയയിലൂടെ പ്രചാരം നൽകിയത്. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നിരവധി പേരെയാണ് സ്റ്റെഫാനി ഇപ്പോൾ ഈ ആശയത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്. മണ്ണിൽ ധാരാളം സൂക്ഷ്മാണുക്കൾ ഉണ്ടെന്നും അത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നുമാണ് ഇവർ അവകാശപ്പെടുന്നത്.
ടിക്ടോക്കിൽ പങ്കുവെച്ച ഒരു വീഡിയോയിൽ സ്റ്റെഫാനി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; "നിങ്ങളുടെ കുട്ടിയുടെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ? ഒരു ടീസ്പൂൺ ഓർഗാനിക് ബയോഡൈനാമിക് മണ്ണിൽ ഭൂമിയിലെ മനുഷ്യരേക്കാൾ കൂടുതൽ സൂക്ഷ്മാണുക്കൾ ഉണ്ട്."
ഭക്ഷ്യയോഗ്യമായ കളിമണ്ണും മണ്ണ് ഉൽപന്നങ്ങളും ആമസോൺ, എറ്റ്‌സി പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാങ്ങിക്കാനും കഴിയും. ഇതിൽ പൊടിമണ്ണ് മുതൽ കളിമൺ കഷ്ണങ്ങൾ വരെ ഉൾപ്പെടുന്നു. 900 രൂപ മുതൽ 2,200 രൂപ വരെയാണ് വില. ഈ ഉൽപ്പന്നങ്ങൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും കുടലുകളുടെ ആരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാണെന്നാണ് വിൽപ്പന നടത്തുന്നവർ അവകാശപ്പെടുന്നത്.
ഭക്ഷ്യയോഗ്യമായ ചുവന്ന കളിമണ്ണ് $11.99 -ന് (ഏകദേശം ₹ 1,002) വിൽക്കുന്ന ഒരു ആമസോൺ വെൻഡർ, ഇത് "ആൻ്റി-ഏജിംഗ്" സൊല്യൂഷൻ ആയാണ് മാർക്കറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.