Latest Videos

'എൽ ചാപ്പോ' - അമേരിക്ക ജീവപര്യന്തത്തിനു വിധിച്ച മെക്സിക്കൻ ഡ്രഗ് കിങ്പിൻ

By Web TeamFirst Published Jul 18, 2019, 12:56 PM IST
Highlights

നേരിൽ കണ്ടപ്പോൾ ഷെയ്ക്ക് ഹാൻഡ് ചെയ്യാൻ മടികാണിച്ചു എന്ന പേരിൽ ഒരാളെ  വെടിവെച്ചു കൊന്നുകളഞ്ഞു എൽ ചാപ്പോ ഒരിക്കൽ..


'നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്' - നമ്മൾ വളരെക്കാലം മുമ്പേ പറഞ്ഞുകേൾക്കുന്ന ഒന്നാണ്. ആ 'ഡേർട്ടി ബിസിനസ്സി'ലെ കിരീടം വെക്കാത്ത രാജാവായിരുന്നു, അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ ജോക്വിൻ ഗുസ്‌മാൻ എന്ന അറുപത്തിരണ്ടുകാരൻ. 'എൽ ചാപ്പോ' എന്ന അപരനാമധേയത്തിൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്ന അദ്ദേഹം മയക്കുമരുന്നു കടത്ത്, കൊലപാതകം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി പത്തിലധികം കുറ്റങ്ങൾക്ക്  അറസ്റ്റു ചെയ്യപ്പെട്ടു, നാലഞ്ച് വർഷം മുമ്പ് മെക്സിക്കോയിൽ വെച്ച്. അവിടത്തെ ജയിലിൽ നിന്നും ഒരു തുരങ്കമുണ്ടാക്കി വെളിയിൽ ചാടിയ എൽ ചാപ്പോയെ പൊലീസ് വീണ്ടും പിടികൂടി. അദ്ദേഹത്തെ മെക്സിക്കോയെക്കാൾ വേണ്ടിയിരുന്നത് അമേരിക്കയ്ക്കായിരുന്നു. അതുകൊണ്ട്, അധികം താമസിയാതെ ചാപ്പോ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ടു. അവിടത്തെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് എൽ ചാപ്പോയെ ഇപ്പോൾ. ആയുസ്സൊടുങ്ങും വരെ അമേരിക്കൻ ജയിലുകളിൽ കാലം കഴിച്ചാൽ മാത്രം പോര ചാപ്പോ, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പിഴയായി ഏകദേശം 12.6 ബില്യൺ ഡോളർ അടക്കുകയും വേണം. അനുയായികളിൽ നിന്നുമുള്ള ഭീഷണി പരിഗണിച്ച് കൊളറാഡോയിലെ അതീവ സുരക്ഷാ ജയിലിലാണ് എൽ ചാപ്പോയെ പാർപ്പിച്ചിരിക്കുന്നത്. 


ആരാണ് ഈ 'എൽ ചാപ്പോ' ? 

 'എൽ ചാപ്പോ', നോർത്ത് മെക്സിക്കോ കേന്ദ്രീകരിച്ചാണ് തന്റെ 'ഡ്രഗ് കാർട്ടൽ' നിയന്ത്രിച്ചുപോന്നിരുന്നത്. 2009 -ൽ ചാപ്പോ, ഫോർബ്‌സ് മാസികയുടെ ലോകത്തിലെ ഏറ്റവും ധനികരായ ആയിരം പേരുടെ ലിസ്റ്റിൽ എഴുനൂറ്റി ഒന്നാമതായി സ്ഥാനം പിടിച്ചു. അന്ന് അയാളുടെ  വരുമാനം ഒരു ബില്യൺ ഡോളർ ആയിരുന്നു. ''കൊക്കെയ്ൻ'' അഥവാ 'കോക്ക്' ആയിരുന്നു എൽ ചാപ്പോയുടെ ഇഷ്ടവസ്തു. അതയാൾ മെക്സിക്കോയിലെ തന്റെ സങ്കേതത്തിൽ നിർബാധം നിർമിച്ചു, ഉപയോഗിച്ചു, കിലോക്കണക്കിന് അമേരിക്കയുടെ മണ്ണിലേക്ക് കയറ്റുമതി ചെയ്തു. കൊക്കെയ്നു പുറമെ ഹെറോയിൻ, മെത്താംഫിറ്റമിൻ, മരിജുവാന തുടങ്ങിയവയുടെ മൊത്തക്കച്ചവടവും എൽ ചാപ്പോയുടെ കുത്തകയായിരുന്നു. നിരവധി പരിശീലനം സിദ്ധിച്ച ഷൂട്ടർമാർ അടങ്ങുന്ന ചാപ്പോയുടെ കൊലയാളി സംഘം നൂറുകണക്കിന് കൊലപാതകങ്ങളും, ആക്രമണങ്ങളും, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കലും മറ്റുമായി തങ്ങളുടെ മയക്കുമരുന്ന് സാമ്രാജ്യത്തെ നിലർത്താൻ 'എൽ ചാപ്പോ'യെ സഹായിച്ചു പോന്നു. അതിൽ ഒരു വിശ്വസ്തൻ തന്നെയാണ് പിന്നീട് ചാപ്പോയ്ക്കെതിരെ തിരിഞ്ഞതും,  ഒറ്റുകൊടുത്തതും,  മൊഴികൊടുത്ത് ശിക്ഷ ഉറപ്പാക്കിയതും.

അമേരിക്കൻ കോടതികളിൽ നടന്ന ചാപ്പോയുടെ വിചാരണയിൽ അയാൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പത്തും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുക. അവരെ മയക്കുമരുന്ന് നിർബന്ധിച്ച് നൽകി ലൈംഗികമായി ചൂഷണം ചെയ്യുക. പിന്നീട് മയക്കുമരുന്നു തുടർച്ചയായി നൽകി ലൈംഗിക അടിമകളായി കൂടെ നിർത്തുക എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത കുറ്റങ്ങൾ അയാൾക്കുമേൽ ഉണ്ടായിരുന്നു. ചുരുങ്ങിയത് മൂന്നു കൊലപാതകങ്ങൾക്കെങ്കിലും എൽ ചാപ്പോയ്ക്കെതിരെ കൃത്യമായ ദൃക്സാക്ഷിമൊഴികൾ ഉണ്ട്. തങ്ങളുടെ ഗാങ്ങ് വിട്ടു മറ്റുഗാങ്ങുകളിലേക്ക് പോവുന്നവരെ നിർദ്ദയം വധിക്കുന്നത് ചാപ്പോയ്ക്ക് ഒരു ഹരമായിരുന്നു. ഒരിക്കൽ അരിലാനോ ഫെലിക്സ് കാർട്ടലിലെ ഒരു ശത്രുവിനെ തട്ടിക്കൊണ്ടുവന്ന്, മർദ്ദിച്ചവശനാക്കി, വെടിവെച്ചശേഷം, കത്തിച്ച്, പാതിവെന്ത ദേഹം ജീവനോടെ കുഴിച്ചുമൂടി ചാപ്പോ. അത്രയ്ക്ക് ക്രൂരനായ ഒരു ക്രിമിനലായിരുന്നു ഇയാൾ. 

ഒരിക്കൽ തന്നോട് വളരെ നിസ്സാരമായ എന്തോ കാര്യത്തിന് നുണപറഞ്ഞു എന്ന പേരിൽ സ്വന്തം സഹോദരനെ വരെ വെടിവെച്ചു കൊന്ന  ചാപ്പോ, പിന്നീടൊരിക്കൽ താനുമായി ഷേക്ക്ഹാൻഡ് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ എതിർ സംഘത്തിന്റെ നേതാവിന്റെ സഹോദരനെ കൊന്നുകളയാൻ ഉത്തരവിട്ടു കളഞ്ഞിരുന്നു. കൂടെ നിൽക്കുന്ന ഒരാളെപ്പോലും വിശ്വസിക്കുന്ന സ്വഭാവം ചാപ്പോയ്ക്കില്ലായിരുന്നു. എന്തിന്, സ്വന്തം ഭാര്യയെപ്പോലും..! തന്റെ ചുറ്റുമുള്ളവരുടെയെല്ലാം ഫോണുകളിൽ തനിക്ക് ചാരപ്രവർത്തനം നടത്താൻ കണക്കാക്കി 'സ്പൈ സോഫ്റ്റ്‌വെയറുകൾ' ഇൻസ്റ്റാൾ ചെയ്തിരുന്നു ചാപ്പോ. ഒടുവിൽ എഫ്ബിഐ തെളിവുകൾ ശേഖരിച്ചപ്പോൾ ഈ സോഫ്റ്റ്‌വെയറുകളിൽ നിന്നുതന്നെയാണ് അവരുടെ ഐടി സെൽ സുപ്രധാനമായ പല മെസേജുകളും ശേഖരിച്ചത്. തന്റെ വീരസ്യങ്ങൾ ഭാര്യയോട് വിവരിക്കുന്ന ഈ ചാറ്റ് മെസ്സേജുകളാണ് ചാപ്പോയ്‌ക്കെതിരെയുള്ള നിർണ്ണായകമായ തെളിവുകളായി മാറിയത്.

ഒടുവിൽ വിചാരണയ്ക്കായി അമേരിക്കയിലെ കോടതി മുറിയിലെത്തിയപ്പോഴേക്കും 'എൽ ചാപ്പോ'യ്ക്ക് തന്റെ വിധി എന്താവുമെന്ന കാര്യത്തിൽ നല്ല ധാരണയായിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, കോടതിയുടെ നടപടിക്രമങ്ങളിൽ ഒട്ടും ഏകാഗ്രത കാണിക്കാതെ മുറിയിൽ സന്നിഹിതരായിരുന്ന ഭാര്യയോടും മക്കളോടും ആംഗ്യങ്ങളിലൂടെ സംവദിക്കാനും അവർക്ക് ഫ്ളയിങ്ങ് കിസ്സുകൾ കൊടുക്കാനുമായിരുന്നു ചാപ്പോ ശ്രമിച്ചത്. ഒരു പക്ഷേ, ഇനി അവരെ ഒരിക്കലും കാണാൻ കഴിയില്ലെന്ന് അയാൾക്ക് മനസ്സിലായിക്കാണണം. 

 
എൽ ചാപ്പോയ്ക്ക് നാട്ടിൽ ഒരു അധോലോകരാജാവിന്റെ പരിവേഷമാണ്. മെക്സിക്കോയിലെ സിനാലോവ സംസ്ഥാനത്താണ് ഇയാളുടെ സാമ്രാജ്യം. ടൂറിസം ഭൂപടത്തിൽ സിനാലോവയെ അടയാളപ്പെടുത്തിയത് 'എൽ ചാപ്പോ'യുടെ കുപ്രസിദ്ധിയാണ്. അവിടത്തെ ബേസ് ബോൾ തൊപ്പികളിൽ വരെ ചാപ്പോ'യുടെ മുഖവും 701  എന്ന ഫോർബ്‌സ് മാസികയുടെ റാങ്കിങ്ങും ഒക്കെ കാണാം. അധോലോക നായകരെ ആരാധിക്കുന്ന ഒരു സംസ്കാരം സിനാലോവയിൽ പണ്ടേക്കുപണ്ടേ നിലവിലുള്ളതാണ്. ജീസസ് മാൾവാർഡെ എന്ന കൊള്ളക്കാരന്റെ പേരിൽ അവിടെ പ്രചാരത്തിലുള്ള ഒരു 'കൾട്ടും' അതിന്റെ പള്ളിയും ഒക്കെ ആ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളാണ്.  

ലോകത്തിലെ ഏറ്റവും ശക്തനും ഏറ്റവും ക്രൂരനായ മയക്കുമരുന്നു സംഘത്തലവനായ എൽ ചാപ്പോ, ജന്മനാടായ സിനാലോവയിൽ പലർക്കും ആരാധ്യനാണ്. അവിടെ പല തർക്കങ്ങൾക്കും തീരുമാനമുണ്ടാക്കാൻ ജനങ്ങൾ ഗവണ്മെന്റിനേക്കാൾ ആശ്രയിച്ചിരുന്നത് ചാപ്പോയെ ആയിരുന്നു. ജനങ്ങൾക്ക് ഉപജീവനം നൽകിയിരുന്ന ചാപ്പോ ഗവണ്മെന്റിലെ പുഴുക്കുത്തുകളെ നിർദ്ദയം തച്ചുതകർത്ത് നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു. ജയിലിൽ നിന്നും രക്ഷപ്പെടുക കൂടി ചെയ്തതോടെ അയാൾക്ക് ഒരു'റോബിൻഹുഡ്' പരിവേഷവും സിദ്ധിച്ചു. അതിന്റെ മറവിൽ തന്റെ ക്രൂരതകൾ അയാൾ ഒളിച്ചുകടത്തി. 

സിനാലോവയിലെ സിയറാ മാദ്രേ മലനിരകളിലൂടെ ഒരു മണിക്കൂർ നേരം കാറോടിച്ചാൽ എത്തിപ്പെടുക ബദിരഗ്വാട്ടോ എന്ന ഒരു കുഞ്ഞു പട്ടണത്തിലാണ്. ഇതാണ് മെക്സിക്കോ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തിൻറെ 'ഓപ്പിയം കാപ്പിറ്റൽ'. ഇവിടെത്തെ കറുപ്പും, മരിജുവാനയും, കൊക്കെയ്‌നും ഒക്കെ നിർമിക്കുന്ന ഫാക്ടറികളിലാണ് ഇവിടത്തെ യുവാക്കൾ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത്. ഇവിടെ നിന്നും കോടിക്കണക്കിനു രൂപയ്ക്കുള്ള മയക്കുമരുന്ന് വളരെ സാഹസികമായി അമേരിക്കയിലേക്ക് കടത്തപ്പെടുന്നു. 'എൽ ചാപ്പോ'യുടെ അമ്മ മരിയ പെരെസ് ഇപ്പോഴും ഇവിടെയാണ് താമസം. 

സിനാലോവയിലെ  ഓപ്പിയം ചെടികൾ

സ്വന്തമായി ഒരു റെസ്റ്റോറന്റ് നടത്തുന്ന മരിയയ്ക്ക് തന്റെ മകന്റെ പ്രവൃത്തികളിൽ  അഭിമാനമുണ്ട്. ' എൽ ചാപ്പോ ബെസ്റ്റാണ്..' അവർ ഒരു റിപ്പോർട്ടറോട് പറഞ്ഞു. കുഞ്ഞായിരിക്കുമ്പോൾ തന്നെ തന്റെ മകന് വളരെ വലിയ സ്വപ്നങ്ങളായിരുന്നു എന്നും അവർ പറഞ്ഞു. പ്രദേശത്തെ പ്രസിദ്ധനായ ഒരു മയക്കുമരുന്നു കടത്തുകാരന്റെ കുശിനിക്കാരനായിരുന്നത്രെ മരിയയുടെ അച്ഛൻ. അങ്ങനെയാണ് ചാപ്പോ മയക്കുമരുന്നിന്റെ അധോലോകവുമായി പരിചയിക്കുന്നതും, ഒടുവിൽ  അതിന്റെ തലപ്പത്തെത്തുന്നതും. 

ചെറുപ്പത്തിൽ മധുരനാരങ്ങ വിറ്റുനടന്നാണ് അയാൾ ചെലവിനുള്ള വട്ടമൊപ്പിച്ചിരുന്നത്. കയ്യിൽ കിട്ടുന്ന കാശ്, ഇടയ്ക്കിടെ വീണ്ടും വീണ്ടും എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. കൈവിരൽത്തുമ്പുകളിൽ കിടന്നുമറിഞ്ഞിരുന്ന കറൻസി നോട്ടുകൾ അയാൾക്ക് അന്നേ ഹരമായിരുന്നു. പതിനഞ്ചാം വയസ്സിലാണ്, തന്റെ സ്വന്തം പറമ്പിൽ 'മരിജുവാന' കൃഷി ചെയ്തുകൊണ്ടുള്ള ഗുസ്മാന്റെ 'നാർക്കോട്ടിക്‌സി'ലേക്കുള്ള അരങ്ങേറ്റം. അക്കാലത്തുതന്നെയാണ് 'എൽ ചാപ്പോ'എന്നുള്ള പേരും അയാൾ സ്വയം സ്വീകരിക്കുന്നത്. സ്പാനിഷിൽ ആ വാക്കിന്റെ അർഥം കുള്ളൻ എന്നാണ്. അതേ, അഞ്ചടി ആറിഞ്ചുമാത്രമായിരുന്നു അന്ന് ഗുസ്മാന്റെ ഉയരം. 
 
പെട്ടെന്നു കാശുണ്ടാക്കാനാണ് എൽ ചാപ്പോ മയക്കുമരുന്നു വ്യാപാരത്തിലേക്ക് ഇറങ്ങിയത്. ആദ്യമാദ്യം ഒരു 'ഹിറ്റ് മാന്റെ' വേഷമായിരുന്നു. അധോലോകക്കാർക്കുവേണ്ടി കൊല്ലും കൊലയും നടത്തുന്ന നിർദ്ദയനായ ഒരു കൊലയാളി. അങ്ങനെ വാടകയ്ക്ക് കൊന്നും കൊലവിളിച്ചും നടന്നു നടന്നൊടുവിൽ 'എൽ ചാപ്പോ' തന്റെ അധോലോക സംഘത്തിന്റെ തലപ്പത്തേക്ക് എത്തിപ്പെട്ടു. 1970-ൽ 'എൽ ഗുവേരോ' എന്ന ഒരു പഴയ ഗാംഗ്സ്റ്ററാണ് ചാപ്പോയിലെ നേതാവിനെ തിരിച്ചറിഞ്ഞ് അയാൾക്ക് ആദ്യമായി ഒരു  'കള്ളക്കടത്തിന്' അവസരം നൽകുന്നത്. സിയറാമാദ്രെ മലനിരകളിലൂടെ ഒരു 'ഷിപ്മെന്റ്' അന്ന് എൽ ചാപ്പോ അതിവിദദ്ധമായി കടത്തി. അങ്ങനെ 'നാർക്കോട്ടിക്സ് ലോജിസ്റ്റിക്സി'ൽ അഗ്രഗണ്യനായി അയാൾ മാറി. 

1993 -ൽ ഒരു റോമൻ കാത്തലിക് പാതിരിയെ വധിച്ചതിന്റെ പേരിലാണ് ആദ്യമായി എൽ ചാപ്പോ അറസ്റ്റിലാവുന്നതും ഇരുപതുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് അഴികൾക്കകത്താവുന്നതും. എട്ടുവർഷം കഴിഞ്ഞപ്പോഴേക്കും എങ്ങനെയും ജയിൽ ചാടണം എന്നായി ചാപ്പോയ്ക്ക്. 2001-ൽ മെക്സിക്കോയിലെ പ്ലൂവന്റെ ഗ്രാൻഡെ എന്ന അതിസുരക്ഷിത ജയിലിനുള്ളിൽ നിന്നും, ഒരു ലോൺഡ്രി കാർട്ടിനുള്ളിൽ ഒളിച്ചിരുന്നാണ് അന്നയാൾ രക്ഷപ്പെട്ടത്. ജയിലിനുള്ളിലും ചാപ്പോ എല്ലാം നിയന്ത്രിച്ചിരുന്നു. രക്ഷപ്പെടാൻ നേരം ജയിലറുടെ യൂണിഫോം ധരിച്ചുകൊണ്ടാണ് ചാപ്പോ പോയത് എന്ന് പറയപ്പെടുന്നു. 

പിന്നെ പതിമൂന്നു വർഷം പൊലീസിനെ വെട്ടിച്ചുള്ള ഓട്ടമായിരുന്നു. ഒടുവിൽ 2014 -ൽ വീണ്ടും മെക്സിക്കൻ മറീൻസിന്റെ പിടിയിലാവുന്നു. അന്ന് വിചാരണയ്ക്ക് ശേഷം അടയ്ക്കപ്പെട്ട മെക്സിക്കോയിലെ അൽട്ടിപ്ലേനോ 'ഹൈ സെക്യൂരിറ്റി' ജയിലിൽ നിന്നും എൽ ചാപ്പോ രക്ഷപ്പെട്ട കഥ വളരെ പ്രസിദ്ധമാണ്. ജയിലിനോട് ചേർന്ന് ഒരു സ്ഥലം തന്നെ വിലയ്ക്കുവാങ്ങി അയാളുടെ മക്കൾ. എന്നിട്ട് അവിടെ ഒരു കെട്ടിടം പണിയാൻ തുടങ്ങി. 'കൺസ്ട്രക്ഷൻ സൈറ്റ്' എന്ന ബോർഡും വെച്ച് കെട്ടിമറച്ചു നാലുപാടും. നല്ല ശബ്ദത്തിൽ പല കെട്ടിടനിർമ്മാണ യന്ത്രങ്ങളും പ്രവർത്തിപ്പിക്കുകയും ചെയ്തു.  എന്നിട്ട്, ജയിലിനുള്ളിൽ അച്ഛൻ കിടക്കുന്ന സെല്ലിനുള്ളിലേക്ക് ഒരു ജിപിഎസ് ഉള്ള വാച്ച് രഹസ്യമായി കൊടുത്തയച്ചു. ആ വാച്ചിലെ GPS ലൊക്കേഷൻ വെച്ച്, തങ്ങളുടെ പുരയിടത്തിനുള്ളിൽ നിന്നും വളരെ പ്രൊഫഷണൽ ആയ കൺസ്ട്രക്ഷൻ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ജയിലിൽ ചാപ്പോ കിടക്കുന്ന സെല്ലിന്റെ ചുവട്ടിൽ വരെ തുരങ്കമുണ്ടാക്കിച്ചെന്നു മക്കൾ. ആ തുരങ്കത്തിൽ ഉടനീളം ലൈറ്റുകളും, വെന്റിലേഷനും ഒക്കെയുണ്ടായിരുന്നു.  എന്നിട്ട്, ആ തുരങ്കത്തിലൂടെ പോകാൻ കണക്കാക്കി രൂപമാറ്റം വരുത്തിയ ഒരു കുഞ്ഞു മോട്ടോർബൈക്കിൽ അച്ഛനെ കയറ്റിവിട്ടു പുറത്തേക്ക്. 


തുരങ്കവും, പ്രത്യേകം ഉണ്ടാക്കിയ കുഞ്ഞൻ ബൈക്കും  


പിന്നെയും കുറച്ചുകാലം പൊലീസിനെ വെട്ടിച്ചു നടന്നതിന് ശേഷമാണ് എൽ ചാപ്പോ അവസാനമായി പിടിയിലാവുന്നതും, അമേരിക്കയിലേക്ക് നാടുകടത്തപ്പെടുന്നതും.  അതിനു കാരണമായതാവട്ടെ, കുപ്രസിദ്ധനും പൊലീസ് തിരഞ്ഞുകൊണ്ടുനടക്കുന്നതുമായ ഒരു ക്രിമിനൽ ആയിരുന്നിട്ടും പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാൻ എൽ ചാപ്പോയ്ക്കുണ്ടായിരുന്ന മടിയില്ലായ്ക തന്നെയായിരുന്നു. തന്റെ സമ്പത്ത് ചാർട്ടേർഡ് വിമാനങ്ങൾക്കും, അന്തർവാഹിനികൾക്കും, ലക്ഷ്വറി നൗകകൾക്കും, ആഡംബര വാഹനങ്ങൾക്കും, ചൂതാട്ടത്തിനും, സ്ത്രീകളുമായുള്ള സഹവാസത്തിനുമായി മുടിക്കാൻ എൽ ചാപ്പോയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. എമ്മ കൊറോണൽ  എന്ന ഒരു മെക്സിക്കൻ സൗന്ദര്യറാണിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഹോളിവുഡ് താരങ്ങളെയും അയാൾ പിന്തുടർന്ന് കാണാൻ ശ്രമിച്ചിരുന്നു. അത്തരത്തിൽ ഒരിക്കൽ ഷോൺ പെന്നിനെ കാണാൻ ശ്രമിച്ചതാണ് എൽ ചാപ്പോയ്ക്ക് കുരുക്കായത് എന്നും പറയപ്പെടുന്നുണ്ട്. 
 

എൽ ചാപ്പോ ഷോൺ പെന്നി ന്റെ ഒപ്പം 

എന്തായാലും ലാറ്റിൻ അമേരിക്ക കണ്ട ഏറ്റവും ഭീകരനായ മയക്കുമരുന്നു ഡോൺ അമേരിക്കയിലെ ന്യൂയോർക്കിൽ  ഇന്ന് കിടക്കുന്ന സൂപ്പർ മാക്സ് ജയിലിൽ നിന്നും രക്ഷപ്പെടുന്ന മട്ടില്ല. അവർ അയാളുടെ ജീവിതകാലത്ത് പുറംലോകം കാണിക്കും എന്നും തോന്നുന്നില്ല. 'തനിക്കുശേഷം പ്രളയ'മെന്നാണ്  ഒരു നാർസിസിസ്റ്റായ ഗുസ്മാൻ എന്ന 'എൽ ചാപ്പോ' ധരിച്ചുവെച്ചിരുന്നത് എങ്കിലും അയാളെയും അതിജീവിച്ചുകൊണ്ട് അനുദിനം തഴച്ചുവളർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് മെക്സിക്കോയിലെ നാർക്കോട്ടിക്‌സിന്റെ അധോലോകം. '   ദ ലാസ്റ്റ് നാർക്കോ' അഥവാ ' അവസാനത്തെ മയക്കുമരുന്നുകടത്തുകാരൻ' എന്നാണ് എൽ ചാപ്പോയെപ്പറ്റിയുള്ള സീരീസിന്റെ പേര്. സത്യം ഒരിക്കലും അതാവാൻ വഴിയില്ല..!

click me!