
ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലുണ്ടായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നത്. വന്യജീവി മേഖലകളിലെത്തിയാൽ എങ്ങനെ പെരുമാറണമെന്ന് പല വിനോദസഞ്ചാരികൾക്കും ഒരു ധാരണയും കാണാറില്ല. അങ്ങനെയുള്ള തികച്ചും അശ്രദ്ധവും നിരുത്തരവാദപരവുമായ പെരുമാറ്റം വലിയ പ്രശ്നങ്ങളിലേക്കും ജീവൻ തന്നെ നഷ്ടമാകുന്ന അപകടങ്ങളിലേക്കും നയിക്കാറുണ്ട്. വന്യമൃഗങ്ങളെ കാണുകയാണെങ്കിൽ അവയെ പ്രകോപിപ്പിക്കാതെ പെരുമാറുക എന്നത് അടിസ്ഥാനപരമായ ബോധമാണ്. എങ്കിലും പലരും അത് ശ്രദ്ധിക്കാറേ ഇല്ല. ആനയുടെ അടുത്ത് ചെന്ന് ഫോട്ടോ പകർത്താൻ ശ്രമിച്ചയാൾക്ക് നേരെ കുതിക്കുന്ന ആനയേയാണ് ഈ വീഡിയോയിൽ കാണുന്നത്.
ഈ സംഭവം പകർത്തിയിരിക്കുന്നതും ഇതുവഴി കടന്നുപോവുകയായിരുന്ന വിദേശിയായ മറ്റൊരു വിനോദസഞ്ചാരി തന്നെയാണ്. ഡാനിയേൽ ഒസോറിയോ എന്ന യുവാവാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, കാണുന്നത് തമിഴ്‌നാടിനെ കർണാടകയുമായി ബന്ധിപ്പിക്കുന്ന റോഡാണ്. അവിടെ വാഹനത്തിൽ നിന്ന് ഇറങ്ങി ഫോട്ടോ പകർത്തിക്കൊണ്ട് നിൽക്കുന്ന ഒരാളുടെ നേരെ ആന പാഞ്ഞുവരുന്നതാണ് കാണുന്നത്.
വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, ദൃക്സാക്ഷികളിൽ നിന്നും യുവാവ് കേട്ടിരിക്കുന്നത് ഇങ്ങനെയാണ്. ആന ഇതുവഴി പോവുകയായിരുന്ന ഒരു ട്രക്കിൽ നിന്നുമെടുത്ത കാരറ്റ് ശാന്തമായി തിന്നുകൊണ്ട് റോഡിൽ നിൽക്കുകയായിരുന്നു. വാഹനങ്ങളെല്ലാം ക്ഷമയോടെ ആന അത് തിന്നുതീരുന്നതിന് വേണ്ടി കാത്തുനിന്നു. ആ സമയത്താണ് ഒരാൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങി ആനയുടെ ചിത്രം പകർത്തിയത്. പെട്ടെന്നുണ്ടായ ലൈറ്റ് ആനയെ പ്രകോപിപ്പിച്ചു. പിന്നാലെ ഇയാളെ ആന ഓടിക്കുന്നത് കാണാം. റോഡിൽ വീണ ഇയാളെ ആന ചവിട്ടുന്നുമുണ്ട്.
വന്യജീവികളുള്ള സ്ഥലത്ത് കൂടി പോകുമ്പോൾ അവിടുത്തെ നിയമങ്ങൾ പാലിക്കണമെന്നും വന്യമൃഗങ്ങളെ കണ്ടാൽ വാഹനത്തിൽ തന്നെ ഇരിക്കണമെന്ന് കൃത്യമായി നിർദ്ദേശമുള്ളതാണ് എന്നും ഡാനിയേൽ ഒസോറിയോ വീഡിയോയുടെ കാപ്ഷനിൽ പറയുന്നു.