കൊവിഡ് വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കണമെന്ന് കിം

By Web TeamFirst Published Jun 2, 2021, 12:03 PM IST
Highlights

ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോൾ മൃഗങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. 

കൊവിഡിനെ പ്രതിരോധിക്കാൻ വിചിത്രമായ നടപടികൾ സ്വീകരിച്ചതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒരു നേതാവാണ് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് വീശുന്ന മഞ്ഞ പൊടി കാറ്റ് കൊറോണ വൈറസ് പരത്തുമെന്ന് പറഞ്ഞ നേതാവ്, ഇപ്പോൾ പുതിയൊരു വാദവുമായി വന്നിരിയ്ക്കയാണ്. കൊവിഡിന്റെ വ്യാപനം തടയാൻ സൈന്യത്തോട് രാജ്യത്തെ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ ഉത്തരവിട്ടിരിക്കയാണ് അദ്ദേഹം.  

ചൈനയിൽ നിന്ന് അതിർത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോൾ മൃഗങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. അതിർത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥർ പക്ഷികളെ വെടിവച്ചുകൊല്ലുന്നതും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിർത്തിക്കടുത്തുള്ള ഹെയ്‌സാനിൽ, പൂച്ചയെ വളർത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്‌ലി എൻ‌കെ റിപ്പോർട്ട് ചെയ്യുന്നു.  

ഇതിന് പുറമെ, ഈ മാസം ആദ്യം രാജ്യത്തെ പ്രധാന ആശുപത്രികളിൽ ചൈനീസ് മരുന്ന് ഉപയോഗിക്കുന്നത് കിം നിരോധിച്ചിരുന്നു. ചൈനീസ് മരുന്നുകൾ നിരോധിക്കുന്നതിനൊപ്പം, ചൈനീസ് വാക്സിൻ പരീക്ഷണങ്ങളും അദ്ദേഹം രാജ്യത്ത് നിർത്തിവച്ചു. പകരം കൊറോണ വൈറസിനെതിരെ രാജ്യം തന്നെ സ്വന്തമായൊരു വാക്‌സിൻ നിർമ്മിക്കാൻ ഗവേഷകരോട് ആവശ്യപ്പെട്ടിരിക്കയാണ് കിം. ലോകത്ത് പകർച്ചവ്യാധി പടർന്നു കയറുമ്പോഴും, കൊവിഡ് -19 കേസുകൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. അതേസമയം, ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ ഉപരോധം കാരണം വിദേശ ചികിത്സകൾ വ്യാപകമായി ലഭ്യമല്ലാത്തതിനാൽ ആഭ്യന്തരമായി മരുന്നുകൾ നിർമ്മിക്കാൻ നേതാവ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കയാണ്.    

അതുപോലെ തന്നെ, തന്റെ രാജ്യത്ത് ഫാഷനൊന്നും വേണ്ട എന്ന നിലപാടിൽ അടുത്തിടെ പുതിയ തരം ഹെയർസ്റ്റൈലുകളും, കീറിയതുപോലെയുള്ളതോ, ഒട്ടിക്കിടക്കുന്നതോ ആയ ജീൻസുകളും കിം നിരോധിച്ചിരുന്നു. ഇതിന് പുറമേ, മൂക്കു കുത്തൽ, ചുണ്ട് കുത്തൽ എന്നിവയും നിരോധിച്ചു. ഇത്തരം വിദേശ ഫാഷനുകൾ രാജ്യത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. വിദേശ ഫാഷനുകൾ അനുകരിക്കുന്ന ആളുകളെ ലേബർ ക്യാമ്പുകളിലേക്ക് അയയ്ക്കുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.  

click me!