കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ച 'ഡിങ്ക്' (Dual Income, No Kids) ദമ്പതികളുടെ പോസ്റ്റ് ചർച്ചയാകുന്നു. ഈ ജീവിതം നൽകുന്ന സാമ്പത്തികവും വ്യക്തിപരവുമായ സ്വാതന്ത്ര്യത്തെക്കുറിച്ചും, സമൂഹം ഉയർത്തുന്ന ചോദ്യങ്ങളെക്കുറിച്ചുമാണ് കുറിപ്പില്‍ പറയുന്നത്. 

രണ്ടുപേർക്കും ജോലിയും വരുമാനവും കുഴപ്പമില്ലാത്ത സാമ്പത്തികസ്ഥിരതയും ഒക്കെ ഉണ്ടെങ്കിലും കുട്ടികളെ വേണ്ട എന്ന് വയ്ക്കുന്ന ഒരുപാടു ദമ്പതിമാർ ഇന്നുണ്ട്. 'ഡിങ്ക്' ജീവിതം എന്ന് ഇവർ ഇതിനെ വിളിക്കാറുമുണ്ട്. 'Dual Income, No Kids' എന്നാണ് ഈ DINK കൊണ്ട് അർത്ഥമാക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികൾ വേണ്ട എന്ന തീരുമാനത്തിന് പിന്നാലെയുള്ള ജീവിതത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

ഇതാണ് പോസ്റ്റ്:

ഞങ്ങൾ ഒരു 'ഡിങ്ക്' ദമ്പതികളാണ്. രണ്ടുപേർക്കും ജോലിയുണ്ട്, പക്ഷേ നിലവിൽ കുട്ടികളില്ല. ഞങ്ങൾ കുട്ടികൾ എന്ന തീരുമാനത്തിന് എതിരായതുകൊണ്ടൊന്നുമല്ല, മറിച്ച് തികച്ചും ബോധപൂർവമായ ഒരു തീരുമാനത്തിന്റെ ഭാഗമായാണ് ഈ ജീവിതം തിരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞാൽ ജീവിതം കൃത്യമായ തിരക്കഥയിലൂടെ മാത്രം മുന്നോട്ട് പോകണമെന്ന് നിർബന്ധമുള്ള നമ്മുടെ ഈ ഇന്ത്യൻ സാഹചര്യത്തിൽ, ഇത്തരത്തിലുള്ള ഒരു മാറ്റം നൽകുന്ന പോസിറ്റീവായ വശങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

​സാമ്പത്തികമായ വലിയൊരാശ്വാസം തന്നെ ഈ ജീവിതത്തിൽ എനിക്ക് അനുഭവപ്പെടുന്നുണ്ട്. കുറ്റബോധമില്ലാതെ സാമ്പത്തികമായിട്ടുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാനും, കരിയറിലോ ആരോഗ്യകാര്യങ്ങളിലോ, താമസസ്ഥലത്തിന്റെ കാര്യത്തിലോ ഒക്കെ വലിയ റിസ്കുകൾ എടുക്കാനും ഞങ്ങൾക്ക് സാധിക്കുന്നു. മറ്റൊന്ന്, പരസ്പരമുള്ള ബന്ധത്തിനും വ്യക്തിപരമായ ആവശ്യങ്ങൾക്കും ആവശ്യത്തിന് സമയവും ഊർജ്ജവും മാറ്റി വെക്കാൻ കഴിയുന്നു എന്നതാണ്. ഞങ്ങളുടെ തീരുമാനങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ഡെഡ്‌ലൈനുകൾക്കനുസരിച്ചല്ല, മറിച്ച് സ്വന്തം താല്പര്യങ്ങൾക്കനുസരിച്ചാണ് മു്നനോട്ട് നീങ്ങുന്നത്. എല്ലാം കൃത്യമായി ചെയ്യണം എന്ന അമിതമായ ഉത്കണ്ഠയൊന്നുമില്ലാതെ സമാധാനമായിട്ട് ജീവിക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു.

​ഞങ്ങളുടെ ഈ തീരുമാനം കേൾക്കുമ്പോൾ മറ്റുള്ളവർ പലപ്പോഴും ആശങ്കകൾ പങ്കുവയ്ക്കാറുണ്ട്. 'പിന്നീട് നിങ്ങളുടെ മനസ് മാറും', 'പ്രായാകുമ്പോൾ ആര് നോക്കും?', ‌'കുട്ടികളില്ലെങ്കിൽ ജീവിതത്തിന് പൂർണ്ണതയുണ്ടാകുമോ?' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പലപ്പോഴും ചോദിക്കാറുള്ളത്. ഒരുപക്ഷേ ഭാവിയിൽ അങ്ങനെയൊക്കെ സംഭവിച്ചേക്കാം, അല്ലെങ്കിൽ സംഭവിക്കാതെയുമിരിക്കാം. പക്ഷേ, ഇപ്പോൾ ഞങ്ങൾ ജീവിക്കുന്നത് മറ്റാരോ തീരുമാനിച്ച വഴിയിലൂടെയല്ല, മറിച്ച് ഞങ്ങൾ തന്നെ ബോധപൂർവ്വം തിരഞ്ഞെടുത്ത രീതിയിലാണ്.

ഇന്ത്യയിലെ മറ്റ് 'ഡിങ്ക്' ദമ്പതികളുടെ അനുഭവങ്ങൾ അറിയാൻ എനിക്ക് താല്പര്യമുണ്ട്. നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിട്ട നല്ല കാര്യങ്ങളും വെല്ലുവിളികളും എന്തൊക്കെയാണ്? അതുപോലെ, ഈ രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുകയും എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയും ചെയ്തവരുണ്ടോ? ഡിങ്കുകളെ സ്വാർത്ഥരായി കാണാത്ത മാതാപിതാക്കളുടെ കാഴ്ചപ്പാടും അറിയാൻ ആഗ്രഹമുണ്ട്. ആരെയും ബോധ്യപ്പെടുത്താനല്ല, മറിച്ച് അധികം ചർച്ച ചെയ്യപ്പെടാത്ത ഈ ജീവിതരീതിയെക്കുറിച്ച് ഒരല്പം സത്യസന്ധമായി സംസാരിക്കണം എന്ന് കരുതി മാത്രമാണ് ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവാറും ആളുകൾ ദമ്പതികളെ അനുകൂലിച്ചു. ആരുടെയും സമ്മർദ്ദമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക എന്നത് തന്നെയാണ് മികച്ച തീരുമാനം എന്നാണ് പലരും അഭിപ്രായപ്പെട്ടത്.