
യുഎസ്സിൽ ജനിച്ച എലിസ കരാസ തന്റെ 19 -ാമത്തെ വയസിലാണ് ഇന്ത്യയിലെത്തിയത്. ആദ്യമായിട്ടാണ് അവൾ ഇന്ത്യയിലേക്ക് വരുന്നത്. ആരെയും അറിയില്ല, ഭാഷ അറിയില്ല. എന്നാൽ, എങ്ങനെയാണ് താൻ ഇന്ത്യയെ ഇഷ്ടപ്പെട്ടത് എന്നാണ് അവൾ വെളിപ്പെടുത്തുന്നത്. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലാണ് എലിസ അനുഭവം വെളിപ്പെടുത്തുന്നത്.
ആർടിസ്റ്റും സംരംഭകയുമായ എലിസ 2015 -ലാണ് ഇന്ത്യയിലേക്ക് വരുന്നത്. മുംബൈയിലെ ഒരു സ്കൂളിൽ ആർട് ടീച്ചറായി ജോലി കിട്ടിയതിന് പിന്നാലെയായിരുന്നു അത്. 19 -കാരിയായ എലിസയ്ക്ക് ഇന്ത്യയെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ലെങ്കിലും പ്രായത്തിന്റെ ആവേശത്തിൽ തന്നെയാണ് അവൾ ഇന്ത്യയിലേക്ക് വിമാനം കയറിയത്. ഹിന്ദി അറിയില്ല, ആളുകളെ അറിയില്ല, എവിടെയാണ് ജോലി ചെയ്യാൻ പോകുന്ന സ്കൂൾ എന്നോ എവിടെ താമസിക്കുമെന്നോ അറിയില്ല, ശമ്പളം എത്രയാണ് എന്ന് അറിയില്ല. എന്നാൽ, ഇന്ത്യ അവളെയും അവൾ ഇന്ത്യയെയും സ്വീകരിച്ചു.
19 -ാമത്തെ വയസിൽ ഇന്ത്യയിൽ എത്തുന്നത് വരെ അവർ കൃത്യമായി ഒരു ജോലി ചെയ്തിരുന്നില്ല എന്ന് പറയുന്നു. എന്നാൽ, ഇന്ത്യയിലെ ജീവിതം അവരെ മാറ്റി. അവർക്ക് ആളുകളുമായി ബന്ധം സ്ഥാപിക്കാനും നന്നായി ഹിന്ദി സംസാരിക്കാനും ഒക്കെ സാധിച്ചു എന്നാണ് എലിസ പറയുന്നത്. താൻ ബോംബെയെ ഒരുപാട് സ്നേഹിക്കുന്നു എന്നും അവൾ പറയുന്നു.
ഇല്ലിനോയിസിലെ ചിക്കാഗോയിൽ ജനിച്ചു വളർന്ന ഒരു സിറിയൻ-അമേരിക്കൻ കലാകാരിയാണ് എലിസ കരാസ. 2020 -ലാണ് ഡെനിം ജാക്കറ്റുകൾക്ക് പേരുകേട്ട ഹരകാത്ത് എന്ന ബ്രാൻഡ് അവർ പുറത്തിറക്കിയത്. ഇന്ത്യയിലെ വിവിധ ആർട്ടുകളും വെസ്റ്റേൺ സ്ട്രീറ്റ്‍വെയറും ഒക്കെ ചേർന്ന കൈകൊണ്ട് വരച്ച ജാക്കറ്റുകളായിരുന്നു ഇത്. അവരും പങ്കാളിയും ചേർന്ന് മെഹൽ ഹൗസ് എന്ന ക്രിയേറ്റീവ് സ്റ്റുഡിയോ, ലൈഫ്‌സ്റ്റൈൽ ബ്രാൻഡും സ്ഥാപിച്ചിട്ടുണ്ട്.
എലിസയുടെ സ്നേഹം തുളുമ്പുന്ന പോസ്റ്റിന് കമന്റുമായി ഒരുപാടുപേരെത്തിയിട്ടുണ്ട്.