
'അവനെ കണ്ടെത്താൻ എങ്ങനെയെങ്കിലും ഞങ്ങളെ സഹായിക്കണം, ഞങ്ങളുടെ കുഞ്ഞിനെ കണ്ടെത്താൻ സഹായിക്കണം. ഞങ്ങൾ നിങ്ങളോട് യാചിക്കുകയാണ്' കഴിഞ്ഞ ദിവസം കാണാതായ തന്റെ കുഞ്ഞിനെ അന്വേഷിക്കുകയാണ് കാലിഫോർണിയയിൽ നിന്നുള്ള റെബേക്ക ഹാരോ എന്ന അമ്മ. ആഗസ്റ്റ് 14 വ്യാഴാഴ്ച രാത്രിയാണ് യുകൈപ്പയിലെ ഒരു റീട്ടെയിൽ സ്റ്റോറിന് പുറത്തുവച്ച് അമ്മയെ ആക്രമിച്ച ശേഷം 7 മാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അധികൃതർ കുഞ്ഞിന് വേണ്ടി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
'കുഞ്ഞിന്റെ ഡയപ്പർ മാറ്റാൻ വേണ്ടി നോക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ആരോ ഒരാൾ ഹോല എന്ന് പറഞ്ഞു. എനിക്ക് തിരിയാൻ പോലും കഴിഞ്ഞില്ല, അതിനുള്ള സമയം പോലും കിട്ടിയില്ല. പിന്നീട് താൻ അക്രമിക്കപ്പെട്ടു. തനിക്ക് ഒന്നും ഓർമ്മയില്ല' എന്നാണ് കുഞ്ഞിന്റെ അമ്മയായ റെബേക്ക ഹാരോ പറയുന്നത്.
'ഞാൻ ഡയപ്പർ വയ്ക്കാനായി കുഞ്ഞിനെ കിടത്തിയിരിക്കുകയായിരുന്നു. എനിക്ക് ഒന്നും ഓർമ്മയില്ല. ഞാൻ തറയിലേക്ക് വീണു, എഴുന്നേറ്റ ഉടനെ മകനെ നോക്കി. പക്ഷേ, അവനെ കാണാനായില്ല. എന്റെ ട്രക്കിൽ മുഴുവനും ഞാൻ പരിശോധിച്ചു. അതിലൊന്നും അവനുണ്ടായിരുന്നില്ല. ഞാൻ അവിടെയെല്ലാം ഓടിനടന്നു. ഒരു കുഞ്ഞിനെ കണ്ടോ എന്ന് ഞാൻ സ്റ്റോറിന്റെ അകത്തുള്ള സ്ത്രീയോട് ചോദിച്ചു. അവരും ഇല്ല എന്ന് പറഞ്ഞു' എന്നാണ് ഹാരോ മാധ്യമങ്ങളോട് പറഞ്ഞത്.
സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് പറയുന്നതനുസരിച്ച്, രാത്രി 8 മണിക്ക് തൊട്ടുമുമ്പാണ് ഇമ്മാനുവൽ ഹാരോ എന്ന കുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 'യുകൈപ ബൊളിവാർഡിലെ ഒരു റീട്ടെയിൽ സ്റ്റോറിന് പുറത്തുവച്ച് ഏഴ് മാസം പ്രായമുള്ളൊരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനിൽ നിന്നുള്ളവർ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്' എന്നാണ് ഏജൻസി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞത്.
അതേസമയം, കുഞ്ഞിന്റെ അമ്മ പറയുന്നതിൽ പൊരുത്തക്കേടുകളുണ്ട് എന്നും ഇതിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നതായും ചില റിപ്പോർട്ടുകൾ പറയുന്നു.