
ജോലിസ്ഥലങ്ങളിലെ ബുദ്ധിമുട്ടുകളെ കുറിച്ചും ടോക്സിക്കായിട്ടുള്ള തൊഴിൽ സംസ്കാരത്തെ കുറിച്ചും പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ റെഡ്ഡിറ്റിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
കൊവിഡ് സമയത്താണ് വ്യാപകമായി പല കമ്പനികളും വർക്ക് ഫ്രം ഹോം അനുവദിച്ച് തുടങ്ങിയത് അല്ലേ? പിന്നീട് പല കമ്പനികളും ആ രീതി തന്നെ തുടരുകയും ചെയ്തിട്ടുണ്ട്. ചില കമ്പനികളാകട്ടെ ഹൈബ്രിഡ് രീതിയാണ് പിന്തുടർന്നത്. എന്നാൽ, മറ്റ് ചില കമ്പനികൾ വർക്ക് ഫ്രം ഹോം രീതി പൂർണമായും നിർത്തലാക്കി. എന്തായാലും, ഇപ്പോൾ ചർച്ചയായിരിക്കുന്ന ഈ പോസ്റ്റിൽ പറയുന്നത്, അസുഖമായിട്ടും എങ്ങനെ ഓഫീസിൽ പോകേണ്ടി വന്നു എന്നതിനെ കുറിച്ചാണ്.
ഒരു ദിവസം രാവിലെ താൻ ഉറക്കമുണർന്നപ്പോൾ തനിക്ക് വയ്യാതെ ആയി എന്നാണ് യുവാവ് പറയുന്നത്. പനിയും ചുമയും ഒക്കെ ഉണ്ടായിരുന്നു. ഓഫീസിൽ ആർക്കെങ്കിലും രോഗം പകരേണ്ട എന്ന് കരുതി താൻ തന്റെ ബോസിനോട് വർക്ക് ഫ്രം ഹോം എടുത്തോട്ടെ എന്ന് ചോദിച്ചു. എന്നാൽ, പറ്റില്ല എന്നായിരുന്നു ബോസിന്റെ മറുപടി. അവിടെയിരുന്ന് ജോലി ചെയ്യാൻ സാധിക്കുമെങ്കിൽ ഓഫീസിൽ വന്നും അത് ചെയ്യാം എന്നും ബോസ് പറഞ്ഞു. അങ്ങനെ യുവാവിന് ഓഫീസിൽ പോകേണ്ടി വരികയായിരുന്നു.
ഓഫീസിലെത്തിയപ്പോഴും വയ്യായിരുന്നു. മുഴുവൻ സമയവും മൂക്ക് ചീറ്റുകയും ചുമക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നു. താൻ കടന്നുപോകുമ്പോൾ ബോസിന്റെ മുഖത്തുണ്ടായ ഭാവങ്ങൾ വിലമതിക്കാനാവാത്തതാണ്. അവസാനം വൈകുന്നേരമായപ്പോൾ ബോസ് വന്നു പറഞ്ഞത്, വീട്ടിൽ പോയ്ക്കോളൂ, വർക്ക് ഫ്രം ഹോം ചെയ്താൽ മതി എന്നാണ് എന്നും യുവാവ് പറയുന്നു.
ആളുകളുടെ ആരോഗ്യത്തേക്കാളുപരിയായി അവർ ജോലി ചെയ്യേണ്ടുന്ന സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ടാണ് മിക്കവരും പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. 'ഈ തൊഴിൽ സംസ്കാരത്തെ തന്നെ താൻ വെറുക്കുന്നു, വയ്യാതെയും ആളുകൾക്ക് ജോലി ചെയ്യേണ്ടുന്ന അവസ്ഥ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. അതുപോലെ, സമാനമായ അനുഭവങ്ങളും പലരും പങ്കുവച്ചു. ഇത്തരം പിടിവാശികളുള്ള മാനേജർമാർ ജീവനക്കാരുടെ ജീവിതം എത്ര ദുഃസ്സഹമാക്കുന്നു എന്നും പലരും സൂചിപ്പിച്ചു.