
കൊറോണ വൈറസ് മഹാമാരി(coronavirus pandemic) പടർന്നു പിടിച്ച സമയത്ത് ഗർഭച്ഛിദ്രത്തിന് വേണ്ടി സ്ത്രീകൾക്ക് ക്ലിനിക്കുകളിൽ പോകേണ്ടി വരുന്നത് ബുദ്ധിമുട്ടാക്കി. അങ്ങനെയാണ് ഇംഗ്ലണ്ടി(England)ൽ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ(abortion pills) വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള സാഹചര്യം ഉണ്ടായത്. എന്നാൽ, ഇപ്പോൾ, എംപിമാർ ആ സേവനം തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്‍തിരിക്കുകയാണ്.
ലോക്ക്ഡൗൺ കാലം കഴിഞ്ഞതും, കൊറോണ കേസുകൾ കുറഞ്ഞതും ഒക്കെ കൂടിയായപ്പോൾ ക്ലിനിക്കുകളിൽ ചെന്ന് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രം ഗർഭച്ഛിദ്ര ഗുളികകൾ കഴിക്കുക എന്ന പഴയ അവസ്ഥയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു. പക്ഷേ, ഇത് വൈകിയുള്ള ഗർഭച്ഛിദ്രം വർദ്ധിപ്പിക്കുമെന്ന് എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. അങ്ങനെ വീട്ടിൽ ഗുളികകളെത്തിക്കുന്ന സാഹചര്യം തന്നെ നിലനിർത്തുന്നതിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്യുകയായിരുന്നു. ഹൗസ് ഓഫ് ലോർഡ്‌സ്, സർക്കാരിന്റെ ഹെൽത്ത് ആന്റ് കെയർ ബില്ലിൽ, വീട്ടിലെത്തി സേവനം നൽകുന്നത് നിലനിർത്തുന്ന ഭേദഗതി ചേർത്തു.
മഹാമാരിക്ക് മുമ്പ്, 10 ആഴ്ചയിൽ താഴെയുള്ള ഗർഭം അലസിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിർബന്ധമായും ക്ലിനിക്കിൽ ചെല്ലേണ്ടി വരുമായിരുന്നു. മെഡിക്കൽ ഗർഭച്ഛിദ്രത്തിൽ രണ്ട് ഗുളികകൾ കഴിക്കുന്നത് ഉൾപ്പെടുന്നു. ആദ്യത്തേത് ക്ലിനിക്കിലും, രണ്ടാമത്തേത് 48 മണിക്കൂറിനുള്ളിൽ വീട്ടിലും വച്ചാണ് കഴിക്കേണ്ടത്. എന്നിരുന്നാലും, ലോക്ക്ഡൗൺ നിലവിൽ വന്നതിന് ശേഷം നിയമങ്ങളിൽ മാറ്റം വരുത്തി. സ്ത്രീകൾക്ക് വീട്ടിൽ തന്നെ ഗുളികകൾ കഴിക്കാം എന്നത് അനുവദനീയമായി. മഹാമാരി ആരംഭിച്ചതിനുശേഷം ഇംഗ്ലണ്ടിൽ ടെലിമെഡിസിൻ വഴി ഏകദേശം 150,000 ഗർഭച്ഛിദ്രങ്ങൾ നടത്തിയിട്ടുണ്ടെന്ന് ക്ലിനിക്കുകൾ പറയുന്നു.
ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ക്ലെയർ മർഫി, സേവനം നിലനിർത്തുന്നതിനെ പിന്തുണച്ചു. ദുർബലരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം ചെയ്യുന്നത് ഇത് എളുപ്പമാക്കിയെന്ന് മർഫി വാദിച്ചു. "ഈ സ്ത്രീകൾ ഒന്നുകിൽ നിയമവിരുദ്ധമായ രീതികളിലൂടെ അബോർഷൻ നടത്തുന്നു. അല്ലെങ്കിൽ അവർ വളരെ വൈകി ഗർഭച്ഛിദ്രത്തിലേക്ക് തിരിയുന്നു" മർഫി പറഞ്ഞു.
ഹൗസ് ഓഫ് കോമൺസിലെ ഭേദഗതിയെ കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ലേബർ ഷാഡോ ഹെൽത്ത് മിനിസ്റ്റർ റോസെന അല്ലിൻ-ഖാൻ പറഞ്ഞു, "വീട്ടിൽ തന്നെ ഗർഭച്ഛിദ്രം നടത്താമെന്ന അവസ്ഥ നിലനിർത്തുന്നത് ആയിരക്കണക്കിന് സ്ത്രീകളെ കൂടുതൽ വേഗത്തിലും കൂടുതൽ സുരക്ഷിതമായും കൂടുതൽ ഫലപ്രദമായും അടിയന്തിര പരിചരണം ലഭ്യമാക്കാൻ പ്രാപ്തരാക്കുന്നു."
എന്നാൽ, ഈ സേവനം തുടരുന്നതിനെ എതിർക്കുന്നവരും കുറവല്ല. ഇത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യത്തെ ബാധിക്കും. പല സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ കഴിച്ചാൽ ആശുപത്രി സേവനങ്ങൾ ആവശ്യമായി വരുന്ന അവസ്ഥയുണ്ടാകും. അവരെ ഇത് ബാധിക്കും എന്നാണ് വിമർശകർ പ്രധാനമായും പറയുന്നത്.