
തൊഴിലുടമകൾ നൽകുന്ന ബോണസ് എത്ര ചെറുതാണെങ്കിൽ കൂടിയും ബോണസ് കിട്ടുക എന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അപ്പോൾ ഒന്ന് ആലോചിച്ചു നോക്കൂ, സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു ബോണസ് ആണ് നമ്മുടെ തൊഴിലുടമ നൽകുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥയെന്ന്. അത്തരത്തിൽ ഒരു വലിയ മഹാഭാഗ്യമാണ് മലേഷ്യയിലെ ഒരു വ്യവസായിയുടെ വീട്ടിലെ ജോലിക്കാരായ മൂന്ന് സ്ത്രീകളെ തേടിയെത്തിയത്. രണ്ടു ലക്ഷത്തോളം രൂപയും കുടുംബസമേതം സൗജന്യ ഹെലികോപ്റ്റർ യാത്രയും ആഡംബര അവധിക്കാലവും ആണ് ഈ വ്യവസായി തൻറെ വീട്ടിലെ മൂന്ന് ജീവനക്കാരികൾക്ക് ബോണസായി സമ്മാനിച്ചത്.
മലേഷ്യയിലെ അറിയപ്പെടുന്ന ടെക്‌സ്‌റ്റൈൽ സംരംഭകയായ ഫറാ വെൻ ആണ് തന്റെ ജീവനക്കാരികൾക്ക് ഇത്തരത്തിൽ ഒരു ആഡംബര ബോണസ് സമ്മാനിച്ചത്. 10,000 റിംഗിറ്റ് അതായത് 1.85 ലക്ഷം രൂപയാണ് ഓരോരുത്തർക്കും പണമായി ഇവർ നൽകിയത്. ഇതിനു പുറമേയാണ്, ആഡംബര ഹെലികോപ്റ്ററിൽ കുടുംബത്തോടൊപ്പം സൗജന്യ യാത്രയും ഒരു ലക്ഷ്വറി ഹോട്ടലിൽ താമസിച്ചു കൊണ്ടുള്ള സൗജന്യ അവധിക്കാലവും സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ടിക് ടോക് വീഡിയോയിലൂടെ ഫറാ വെൻ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പങ്കുവെച്ചത്.
തൻറെ പ്രിയപ്പെട്ട ജീവനക്കാരികൾക്ക് ബോണസ് തുക കൈമാറുന്നതിന്റെയും അവർ കുടുംബത്തോടൊപ്പം ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നതിന്റെയും ആഡംബര റിസോർട്ടിൽ താമസിക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങളാണ് ഫറാ വെൻ പങ്കുവെച്ചത്. റമദാൻ ആഘോഷങ്ങളുടെ ഭാഗമായാണ് ഫറാ തൻറെ ജീവനക്കാരികൾക്ക് ബോണസ് നൽകിയത്. മൂന്ന് ജീവനക്കാരികളും നാലുവർഷത്തോളമായി തന്നോടൊപ്പം ഉള്ളവരാണന്നും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് താൻ അവരെ കാണുന്നതെന്നും ഫറാ പറഞ്ഞു.
28 -കാരിയായ ഈ സംരംഭക കഴിഞ്ഞ വർഷം ബോണസായി നൽകിയത് കോലാലംപൂരിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ താമസിക്കാൻ 92,965 രൂപയാണ്.