
ഹൂഡി ധരിച്ചതിന്റെ പേരിൽ തന്റെ ജീവനക്കാരിയെ പിരിച്ചുവിട്ടതായി സംരംഭകയുടെ വെളിപ്പെടുത്തൽ. പിന്നാലെ അനുകൂലിച്ചും വിമർശിച്ചും കമന്റുകളും. വിസ്കോൺസിനിൽ നിന്നുള്ള സംരംഭകയായ സ്റ്റേസി ടഷ്ൽ എന്ന സ്ത്രീയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. വളരെ ലളിതമായ ഒരു ഡ്രസ് കോഡ് പോലും ആ ജീവനക്കാരിക്ക് പാലിക്കാൻ സാധിച്ചില്ല എന്നും സ്റ്റേസി പറയുന്നു. ഹൂഡി ധരിക്കരുത്, അതിനി സൂം മീറ്റിംഗിലാണെങ്കിൽ പോലും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ആ സിംപിളായിട്ടുള്ള ഡ്രസ് കോഡ് പോലും പാലിക്കാത്തതിനാലാണ് യുവതിയെ പിരിച്ചുവിടേണ്ടി വന്നത് എന്നാണ് സ്റ്റേസി പറയുന്നത്.
'ഇത് ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് സംഭവിച്ചതാണ്... ഇത് എന്നെ ഒരുപാട് പഠിപ്പിച്ചു! വീണ്ടും വീണ്ടും ഞാൻ ഇങ്ങനെ തന്നെ ചെയ്യും' എന്നാണ് സ്റ്റേസി പറയുന്നത്. ഓൺബോർഡിംഗിന്റെ സമയത്ത്, സൂം കോളിൽ പോലും എന്ത് ധരിക്കാം, എന്ത് ധരിക്കരുത് എന്നതിനെ കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതാണ്. എന്നിരുന്നാലും ഈ ജീവനക്കാരി എപ്പോഴും ഹൂഡി ധരിച്ചാണ് എത്തിയിരുന്നത് എന്നാണ് സ്റ്റേസി പറയുന്നത്. അങ്ങനെ, അവളുടെ മാനേജർ അവളെ നിയമങ്ങൾ ഓർമ്മിപ്പിക്കാൻ തന്നെ തീരുമാനിച്ചു, പക്ഷേ അടുത്ത ദിവസവും അവൾ അത് വീണ്ടും ചെയ്തു, ഹൂഡി ധരിക്കുന്നത് തുടർന്നു. വീട്ടിൽ വൈദ്യുതി ഇല്ലായെന്ന് പറഞ്ഞ് പെട്ടെന്ന് അവൾ ജോലി നിർത്തിവച്ച സാഹചര്യവും ഉണ്ടായി എന്നും സ്റ്റേസി പറയുന്നു.
സ്റ്റേസിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചിലർ അവരെ രൂക്ഷമായി വിമർശിച്ചു. ഒരാളെ പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട കാര്യം എന്ത് സന്തോഷത്തിലാണ് നിങ്ങൾ പറയുന്നത് എന്നാണ് ഒരാൾ ചോദിച്ചത്. പോസ്റ്റിനെ അനുകൂലിച്ച് ഡ്രസ് കോഡ് പാലിക്കാൻ പറഞ്ഞാൽ പാലിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. അതേസമയം, ജെൻ സിയിൽ പലരും ഓഫീസുകളിൽ പോകുമ്പോൾ വളരെ സൗകര്യപ്രദമായ ഡ്രസുകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.