
അടുത്ത കാലത്തായി ഏറെ പ്രചാരം നേടിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമാണ് ബ്ലിങ്കിറ്റ്. കഴിഞ്ഞ ദിവസം ഒരു ബ്ലിങ്കിറ്റ് ഷോപ്പിങ്ങ് വാർത്ത സമൂഹ മാധമ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെബ് ഡെവലപ്‌മെന്‍റ് സ്ഥാപനമായ അസെറ്റേർണിറ്റി യുഐയുടെ സ്ഥാപകൻ മനു അറോറയുടെ ഷോപ്പിംഗ് ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. ബ്ലിങ്കിറ്റിൽ കഴിഞ്ഞ രണ്ട് മാസത്തെ തന്‍റെ ചെലവിന്‍റെ സ്ക്രീൻഷോട്ട് അദ്ദേഹം പങ്കുവെക്കുകയായിരുന്നു. സെപ്റ്റംബറിനും ഒക്ടോബറിനുമിടയിൽ അദ്ദേഹം 4 ലക്ഷം രൂപയിലധികം ചെലവഴിച്ചതായി ഇതിൽ കാണിക്കുന്നു. ചെലവുകൾ തരംതിരിച്ച് നോക്കുമ്പോൾ, സെപ്റ്റംബറിൽ ഏകദേശം 3.17 ലക്ഷം രൂപയും ഒക്ടോബറിൽ 1.47 ലക്ഷം രൂപയും അദ്ദേഹം ചെലവഴിച്ചു. തന്‍റെ പോസ്റ്റിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയായിരുന്നു: “മനുഷ്യരെ, എനിക്ക് ബ്ലിങ്കിറ്റിനെ വെറുപ്പാണ്.”
പോസ്റ്റ് വൈറലായതോടെ നിരവധി പേർ ഇത്രയും പണം എങ്ങനെ ചിലവായിയെന്ന് ചോദ്യമുയർത്തി. അതിന് അദ്ദേഹം നൽകിയ മറുപടി 'തനിക്കറിയില്ലെന്നും ഇത്രയും പണം ചെലവാക്കിയ താൻ ഒരു മണ്ടനാണ്' എന്നുമായിരുന്നു. സാധനങ്ങൾ കാണുമ്പോൾ അറിയാതെ വാങ്ങുന്ന സ്വഭാവത്തിന് താൻ അടിമയാണന്ന് വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു. ഈ ചർച്ചകൾക്കിടയിൽ, മറ്റൊരു ഉപയോക്താവ് തന്‍റെ സ്വന്തം ദുരനുഭവം പങ്കുവെച്ചു. മാർച്ച് മാസം മുതൽ ശരാശരി 3 ലക്ഷം രൂപ വീതം എല്ലാ മാസവും താൻ ചെലവഴിക്കുന്നുവെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും പങ്കുവെച്ചു.
2024 നവംബറിൽ, എൻഡിടിവി പ്രോഫിറ്റ് പ്രസിദ്ധീകരിച്ച ഒരു ലേഖനം ഈ സാഹചര്യം വിശദീകരിച്ചിരുന്നു. പെട്ടെന്നുള്ള വാങ്ങലുകൾ (Impulsive Buying) എങ്ങനെ വർധിക്കുന്നു എന്നും, അത് ചെറുകിട സ്റ്റോറുകളെ എങ്ങനെ ബാധിക്കുന്നു എന്നും അതിൽ പരാമർശിച്ചിരുന്നു. ഡാറ്റം ഇന്‍റലിജൻസ് (Datum Intelligence) റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ഓൺലൈൻ പലചരക്ക് സാധനങ്ങൾ വാങ്ങുന്നവരിൽ 75 % പേരിലും ആസൂത്രിതമല്ലാത്ത വാങ്ങലുകൾ വർദ്ധിച്ചു. ഇത്തരക്കാരുടെ ശരാശരി ഓർഡർ മൂല്യം 400 രൂപയിൽ കൂടുതലാണന്നാണ് ലേഖനത്തിൽ പറയുന്നത്.