
പിരിഞ്ഞുപോയ കാമുകനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. അമ്മയാകാൻ ആഗ്രഹമുള്ള തനിക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ഉചിതമായ പ്രായമെല്ലാം ഈ പ്രണയത്തിന് വേണ്ടി കളഞ്ഞുകുളിച്ചുവെന്നും അതിനാൽ ഐവിഎഫിനുള്ള പണം തനിക്ക് കാമുകൻ തരട്ടെ എന്നുമാണ് യുവതി പറയുന്നത്. 'ടെലിഗ്രാഫി'ലെ 'മോറൽ മണി' എന്ന കോളത്തിലേക്ക് എഴുതിയ കത്തിലാണ് ഈ അജ്ഞാതയായ സ്ത്രീ തന്റെ അനുഭവം പങ്കുവെച്ചത്. താൻ വിവാഹം കഴിക്കുമെന്ന് കരുതിയ ആ വ്യക്തി ഏതാനും മാസങ്ങൾക്ക് മുമ്പ് താനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും അത് തന്റെ ഹൃദയം തകർത്തതായും അത് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്ക് തന്നെയെത്തിച്ചു എന്നുമാണ് യുവതി പറയുന്നത്.
തന്റേത് പോലെ അനുഭവമുള്ള സ്ത്രീകളെ അവരുടെ അനുഭവങ്ങൾ തുറന്ന് പറയാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് താൻ ഇക്കാര്യം എഴുതുന്നത് എന്നും യുവതി പറയുന്നു. യുവതിയും കാമുകനും കഴിഞ്ഞ എട്ട് വർഷമായി ഒരുമിച്ച് ഒരു ഫ്ലാറ്റെടുത്ത് ജീവിക്കുകയാണ്. കരിയറിന്റെ കാര്യത്തിൽ യുവതിയുടെ കാമുകൻ നല്ല കരിയർ നോക്കിപ്പോകാനും യുവതി ഇവരുടെ കുഞ്ഞിന്റെ കാര്യം കൂടുതലും ശ്രദ്ധിക്കാനുമായിരുന്നു തീരുമാനിച്ചിരുന്നത്. അങ്ങനെ കാമുകൻ കരിയറിൽ കൂടുതൽ ശ്രദ്ധിക്കുകയും മെച്ചപ്പെട്ട അവസ്ഥയിലൊക്കെ എത്തുകയും ചെയ്തപ്പോൾ യുവതിയെ വേണ്ട എന്ന തീരുമാനമെടുക്കുകയും ബന്ധം പിരിയാനാവശ്യപ്പെടുകയും ചെയ്യുകയായിരുന്നത്രെ.
യുവതിയാകട്ടെ കാമുകൻ ഇപ്പോൾ തന്നെ വിവാഹം കഴിക്കും എന്ന് കരുതി ഇരിക്കുകയായിരുന്നു. ബ്രേക്കപ്പാകാനുള്ള തീരുമാനം അവളെ തകർത്തുകളഞ്ഞു. അവൾ മറ്റ് ബന്ധങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. ഇപ്പോൾ യുവതി പറയുന്നത് തനിക്ക് ഒരമ്മയാകണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ, അതിന് പറ്റിയ മികച്ച കാലമാണ് കാമുകനൊപ്പം കഴിഞ്ഞ് നശിപ്പിച്ചത്. അതിനാൽ, ഐവിഎഫിനും മറ്റും വേണ്ടിയുള്ള തുക കാമുകൻ നൽകണം എന്നാണ്.