Experience : പാലത്തിലൂടെ മൂന്നു പെണ്‍കുട്ടികളും കൈ കോര്‍ത്ത് നടന്നു, ട്രെയിന്‍ വന്നു...

Published : Apr 04, 2022, 03:19 PM ISTUpdated : Apr 04, 2022, 03:21 PM IST
Experience :  പാലത്തിലൂടെ മൂന്നു പെണ്‍കുട്ടികളും കൈ കോര്‍ത്ത് നടന്നു, ട്രെയിന്‍ വന്നു...

Synopsis

സര്‍ക്കാര്‍ ചിലവില്‍ ഒരു ഹണിമൂണ്‍. ഒരു റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ ആത്മകഥയില്‍നിന്നും. അലക്‌സാണ്ടര്‍ ആറ്റുപുറം എഴുതുന്നു

പാലത്തിന്റെ ഒത്തനടുക്ക് കൂടെ മൂന്നു പെണ്‍കുട്ടികളും കൈകള്‍കോര്‍ത്ത് നടക്കുന്നു. ട്രെയിന്‍ വരുന്നു. ഒന്നും ചെയ്യാനുള്ള നേരമില്ല. റണ്‍ ഓവര്‍ ആയി നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നുപേരും ഓണ്‍ ദ സ്‌പോട്ട് മരിച്ചു.

 

 

ഊട്ടി ലൈനില്‍ കാട്ടേരി റോഡ്, റണ്ണി മേട്.

ട്രാന്‍സ്ഫര്‍ ലെറ്റര്‍ പൊട്ടിച്ചു വായിച്ചപ്പോള്‍ ആദ്യം എന്റെ കണ്ണ് തള്ളി.

1978 - 80 കാലഘട്ടം. വിവാഹം കഴിഞ്ഞിട്ട് അധികമായില്ല. ഇപ്പോള്‍തന്നെ ഒരു ട്രാന്‍സ്ഫര്‍ എന്നുവെച്ചാല്‍ സഹധര്‍മ്മിണിയെ പിരിഞ്ഞിരിക്കേണ്ടി വരും. ഒരുപാട് ചിന്തകള്‍ എന്റെ മനസ്സിലൂടെ കുത്തി ഒഴുകി . എന്തൊക്കെയായാലും, ഒരു മലയാളിയുടെ പ്രത്യേക കഴിവ് പോലെ, അതിലും ഒരു പോസിറ്റീവ് കണ്ടുപിടിക്കാന്‍ എനിക്ക് സാധിച്ചു. വിവാഹം കഴിഞ്ഞിട്ട് അധികകാലമായില്ല, സര്‍ക്കാര്‍ ചെലവില്‍ ഒരു ഹണിമൂണ്‍, ഭാര്യയെയും കൂട്ടണം. അങ്ങനെ ദുഃഖ വാര്‍ത്ത ആയ ആ ട്രാന്‍സ്ഫര്‍ ആകെ ഒരു ത്രില്‍ ആയി മാറി.

വൈദ്യന്‍ കല്‍പ്പിച്ചതു പാല്‍ ആണെങ്കിലും രോഗി ഇച്ഛിച്ചതു പാല്‍ ആണോ എന്ന് സംശയം തോന്നും പോലെ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. ഊട്ടിയില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്, റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് ലഭിക്കുന്ന കാര്യം അല്പം ബുദ്ധിമുട്ടാണ്. മനോഹരമായ ഭൂപ്രകൃതിയും, സുഖകരമായ കാലാവസ്ഥയും, പ്രസിദ്ധമായ ലവ് ഡേയില്‍, സെന്റ് ലോറന്‍സ് തുടങ്ങിയ പബ്ലിക് സ്‌കൂളുകളുടെ സാന്നിധ്യവും കാരണം റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് കിട്ടണമെങ്കില്‍ ആറുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും. 

ഹണിമൂണ്‍ കൊളമായി, ഭാര്യയെ തിരിച്ചു വിടേണ്ടി വരും!

അന്നേരത്താണ്, ദൈവദൂതനെ പോലെ സുഹൃത്തും ബാച്ച്‌മേറ്റുമായ ഉണ്ണിയേട്ടന്‍ രംഗത്തുവന്നത്. തന്റെ ബംഗ്ലാവില്‍ എന്നെയും ഫാമിലിയെയും താമസിപ്പിക്കാമെന്ന് ഉണ്ണിയേട്ടന്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന രാമനുണ്ണി സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ ആയിരുന്നു. രണ്ട് ആണ്‍കുട്ടികളുമായി താമസിക്കുന്ന അദ്ദേഹത്തിന്റെ വീടിന്റെ ഒരു ഭാഗം ഞങ്ങള്‍ക്ക് വേണ്ടി ഒഴിഞ്ഞു തന്നു .

ഉണ്ണിയേട്ടന്‍ ആള് എക്‌സ് മിലിറ്ററി ആണ്. വടിവൊത്ത ശരീരം, നീണ്ട നാസിക, ക്ലീന്‍ഷേവ് ചെയ്ത മുഖത്ത് നേര്‍ത്ത മീശ, ഫുള്‍സ്ലീവ്ഷര്‍ട്ട്, സതേണ്‍ റെയില്‍വേയുടെ എംബ്ലം ഉള്ള തൊപ്പി. ഇങ്ങനെ ടിപ്പ് ടോപ് ആയല്ലാതെ അദ്ദേഹത്തെ കാണാന്‍ സാധിക്കില്ല.

ഏതാണ്ട് അഞ്ച് ജോഡി ട്രെയിനുകള്‍ മാത്രം സര്‍വീസ് നടത്തുന്ന മേട്ടുപ്പാളയം- ഊട്ടി ലൈന്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ളതതായിരുന്നു. എല്ലാത്തിലും കൂടെ അഞ്ഞൂറില്‍ താഴെ യാത്രക്കാര്‍. എല്ലാവരും ടൂറിസ്റ്റുകള്‍. പാട്ടും കൂത്തും ബഹളവുമായി യാത്രക്കാര്‍.

 

 

ട്രെയിന്‍ സ്പീഡ് 15 കിലോമീറ്ററിനു താഴെ. വളഞ്ഞു പുളഞ്ഞു പോകുന്ന ട്രാക്കില്‍ കൂടി നിരങ്ങി നിരങ്ങി പോകുന്ന ട്രെയിനുകള്‍ കാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്.

സായിപ്പിന്റെ കാലത്ത് സുഖവാസത്തിന് പോകുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ലൈനാണ്. മീറ്റര്‍ ഗേജ് പാളങ്ങള്‍, പ്രത്യേക കരി എന്‍ജിനുകള്‍, മുകളിലേക്ക് പിടിച്ച് കയറുവാനും ബോഗികള്‍ ഉരുണ്ട് താഴേക്ക് പോകാതിരിക്കാനും റാക്ക് ആന്‍ഡ് സ്പിന്‍ എന്ന പ്രത്യേക സംവിധാനം. എല്ലാം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.

ഞാന്‍ ഉണ്ണിയേട്ടന്റെ കൂടെ താമസമാക്കി.

രണ്ടാം ദിവസം ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായി. വസ്ത്രധാരണത്തില്‍ എനിക്ക് അന്ന് തീരെ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല.  അല്പം ചുളുങ്ങിയ യൂണിഫോം, ലതര്‍ ചെരുപ്പ്. ഉണ്ണിയേട്ടന്‍ എന്നെ കണ്ടതും ഒട്ടും ഗൗരവം വിടാതെ അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

'ഇങ്ങനെ പോയാല്‍ ആരും അറിയില്ലായിരിക്കും. പക്ഷേ ഇന്ത്യന്‍ റെയില്‍വേക്ക് അതൊരു പ്രെസ്റ്റീജ് ഇഷ്യൂ തന്നെയായിരിക്കും. അത് കൊണ്ട് വേഗം പോയി വെഡിങ് സ്യൂറ്റ് ഉണ്ടെങ്കില്‍ അത് എടുത്തിട്ടു കുട്ടപ്പന്‍ ആയിട്ട് വാ'.

ഞാന്‍ കോട്ടും സൂട്ടും അണിഞ്ഞ് സുന്ദരനായി വരുമ്പോഴേക്കും ഉണ്ണിയേട്ടന്‍ എനിക്ക് വേണ്ടി ഷൂസ് പോളിഷ് ചെയ്തു മിനുക്കി കുട്ടപ്പന്‍ ആക്കി വെച്ചിരുന്നു. അങ്ങനെ സര്‍വ്വാഭരണ വിഭൂഷണനായി, ഒരു സുന്ദരനായി ജോലിയില്‍ ചെന്ന് കയറി.

ആദ്യ ദിവസം ആയതുകൊണ്ട് ഒരു ചെറിയ പ്രാര്‍ത്ഥനയും ചൊല്ലിയിരുന്നു. രാവിലെ മുഴുവന്‍ ഒട്ടുംതന്നെ പ്രത്യേകതകള്‍ ഇല്ലാതെ കടന്നു പോയി. ഉച്ചയായപ്പോഴേക്കും ചോറുണ്ണാന്‍ ഇറങ്ങി. 

കുറച്ചു നടന്നു കഴിഞ്ഞപ്പോഴേയ്ക്കും പ്ലാറ്റ്‌ഫോമില്‍ മൂന്ന് പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് കണ്ടു 17 -നും -20 നും ഇടയില്‍ പ്രായം. പ്ലാറ്റ്‌ഫോമിലെ സിമന്റ് ബെഞ്ചില്‍ അവര്‍ കൈകള്‍ കോര്‍ത്ത് ഇരിക്കുകയായിരുന്നു.

തെക്കോട്ടും വടക്കോട്ടും ഉള്ള വണ്ടി കളെ പറ്റി അവര്‍ എന്നോട് അന്വേഷിച്ചു. 'നില്‍ക്കുന്ന വണ്ടികള്‍ ഒന്നും തന്നെ അടുത്തെങ്ങും ഇല്ല, ഒരു എക്‌സ്പ്രസ്സ് 5-6 മിനിറ്റില്‍ ഉണ്ട് പക്ഷെ ഇവിടെ നിര്‍ത്തില്ല.' എന്ന് ഞാന്‍ അവര്‍ക്ക് മറുപടി കൊടുത്തു.

'എവിടെ പോകാനാണ്?' ഞാന്‍ ചോദിച്ചു.

'ഞങ്ങള്‍ക്ക് എവിടെയും പോകാന്‍ ഇല്ല. ട്രെയിന്‍ കാണാന്‍ വന്നതാണ്' എന്നവര്‍ മറുപടി തന്നു. ഒരു വശപ്പിശക് എന്റെ മനസ്സില്‍ തോന്നിയിരുന്നു.

എന്നാലും കൂടുതല്‍ ഒന്നും ചോദിക്കാതെ ഞാന്‍ ഉണ്ണിയേട്ടനെ തപ്പി പ്ലാറ്റ്‌ഫോമില്‍ അല്പം മുന്നോട്ടു നടന്നു. എന്തുകൊണ്ടോ മനസ്സില്‍ ഒരു പ്രത്യേക തോന്നല്‍.  ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. 

പാലത്തിന്റെ ഒത്തനടുക്ക് കൂടെ മൂന്നു പെണ്‍കുട്ടികളും കൈകള്‍കോര്‍ത്ത് നടക്കുന്നു. ട്രെയിന്‍ വരുന്നു. ഒന്നും ചെയ്യാനുള്ള നേരമില്ല. റണ്‍ ഓവര്‍ ആയി നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നുപേരും ഓണ്‍ ദ സ്‌പോട്ട് മരിച്ചു.

ഓടിക്കിതച്ചെത്തി ഞാന്‍ സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മെസേജ് കൊടുത്തു. എസ് ഐ യും പോലീസുകാരും എത്തി. ഛിന്നഭിന്നമായി കിടന്ന അവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ തന്നെ കൊണ്ടുവന്നു വെച്ചു. അവരുടെ ബാഗുകളും ബുക്കുകളും എല്ലാ വസ്തുക്കളും ഒന്നൊന്നായി സൈഡില്‍ കൂട്ടിവെച്ചു. ഒരു പൊലീസുകാരനെ കാവല്‍ നിര്‍ത്തി പോലീസ് വണ്ടി തിരിച്ചുപോയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ശരീരം നീക്കം ചെയ്യാന്‍ ഏതാണ്ട് മൂന്നു മണിക്കൂര്‍ സമയം വേണ്ടി വന്നിരുന്നു. ഈ സമയമത്രയും അവിടുത്തെ ടൂറിസ്റ്റ് വണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ കാണുന്ന കാഴ്ച ഭയാനകമായിരുന്നു. മൂന്നുമണിക്കൂര്‍ മുഴുവന്‍ ചതഞ്ഞരഞ്ഞ മൃതദേഹങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ട് ഡ്യൂട്ടി എടുക്കേണ്ടി വന്നിരുന്നത് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല.

രണ്ടുദിവസം കഴിഞ്ഞ് എനിക്ക് ഡ്യൂട്ടി ഓഫ് ലഭിച്ചു. അപ്പോള്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയി ആ കുട്ടികളുടെ കാര്യത്തില്‍ എന്താണ് ശരിക്കും നടന്നത് എന്ന് അറിയാന്‍ ഞാന്‍ ശ്രമിച്ചു. അപ്പോഴാണ് മനസ്സിലായത്, സമീപത്തുള്ള ഗ്രാമത്തിലെ അയല്‍വാസികളായ മൂന്നു പെണ്‍കുട്ടികളാണ് ഇവര്‍. 

പഠിച്ചത് ഒരേ ട്യൂട്ടോറിയല്‍ കോളേജില്‍. അവിടെയുള്ള ഒരു സാറുമായി മൂന്നുപേരും പ്രണയത്തിലായി. ഒരാള്‍ ഗര്‍ഭിണിയും. കാമുകനെ വിട്ടു നല്‍കാന്‍ ആരും തയ്യാറല്ല എന്നുമാത്രം അല്ല. സ്വന്തം സൗഹൃദം വേണ്ടെന്നു വയ്ക്കാനും അവര്‍ തയ്യാറല്ല. അങ്ങനെ വന്നപ്പോള്‍ ആ പെണ്‍കുട്ടികള്‍ മുന്നില്‍കണ്ട മാര്‍ഗ്ഗമാണ് ഒന്നിച്ച് മരിക്കുക എന്നത്.

സര്‍ക്കാര്‍ ചെലവില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ എനിക്ക് അതൊരു വലിയ ജീവിതാനുഭവം തന്നെയായിരുന്നു.  ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം. മനുഷ്യ ബന്ധങ്ങള്‍ കെട്ടു പിണഞ്ഞു കിടക്കുന്നു എന്ന് എന്നെ പഠിപ്പിച്ച ഒരനുഭവം.

 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്