അതിക്രൂരമായ തൂക്കിക്കൊല, മൃതദേഹങ്ങള്‍ ആഴ്ചകളും മാസങ്ങളും മാറ്റിയിരുന്നില്ല; തെളിവുകളായി ചങ്ങല കണ്ടെത്തി

By Web TeamFirst Published Jul 14, 2019, 1:11 PM IST
Highlights

പതിനാറാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ ഈ രീതി തുടര്‍ന്നുപോന്നിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പശ്ചിമ പോളണ്ടിലെ സാഗന്‍ നഗരത്തില്‍ നിന്നാണ് ഈ ചങ്ങലകള്‍ കണ്ടെത്തിയിട്ടുള്ളത്.

വധശിക്ഷക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എല്ലാക്കാലത്തും ശക്തമായി പ്രതിഷേധിക്കാറുണ്ട്. കാരണം, ഏറ്റവും അപരിഷ്കൃതമെന്ന് പറയാവുന്ന ശിക്ഷാരീതിയാണിത് എന്നതു തന്നെ. ഇപ്പോഴിതാ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാനുപയോഗിച്ചിരുന്ന ചങ്ങല കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍. ഗാലോസ് ഹില്‍ എന്ന പര്യവേഷണ കേന്ദ്രത്തില്‍ നിന്നുമാണ് 500 വര്‍ഷം പഴക്കമുള്ള ഈ ചങ്ങലകള്‍ ലഭിച്ചിരിക്കുന്നത്. ചങ്ങല മാത്രമല്ല സമീപത്ത് നിരവധി തലയോട്ടികളുമുണ്ടായിരുന്നു. ഗിബെറ്റിന്‍ എന്നാണ് ചങ്ങല ഉപയോഗിച്ച് ക്രൂരമായി കൊന്നിരുന്ന ഈ രീതിക്ക് പറയുന്നത്. 

ആദ്യമാദ്യം കയറുകളുപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. എന്നാല്‍, തൂക്കിക്കൊന്നതിന് ശേഷവും ശവശരീരം മാറ്റാത്ത രീതിയാണ് അന്നുണ്ടായിരുന്നത്. ദിവസങ്ങളും മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും അതങ്ങനെ കിടക്കും. മറ്റു പ്രതികളെ ഭയപ്പെടുത്താന്‍ കൂടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഭാരം താങ്ങാനാവാതെ കയര്‍ പൊട്ടിവീഴുന്നത് പതിവായി. അങ്ങനെയാണ് കയറുകള്‍ക്ക് പകരം ചങ്ങല വന്നത്.  മാത്രവുമല്ല, മറ്റു തടവുകാര്‍ നോക്കിനില്‍ക്കെ, അവരുടെ കണ്‍മുന്നില്‍ വച്ചുതന്നെയാണ് ഈ വധശിക്ഷ നടപ്പിലാക്കിയിരുന്നത്. കയര്‍ മാറി പകരം പൊട്ടാത്ത തരത്തിലുള്ള ചങ്ങല വന്നതോടുകൂടി തടവുകാര്‍ അനുഭവിക്കുന്ന വേദനയും കൂടി. 

പതിനാറാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ ഈ രീതി തുടര്‍ന്നുപോന്നിരുന്നുവെന്നാണ് കരുതപ്പെടുന്നത്. പശ്ചിമ പോളണ്ടിലെ സാഗന്‍ നഗരത്തില്‍ നിന്നാണ് ഈ ചങ്ങലകള്‍ കണ്ടെത്തിയിട്ടുള്ളത്. അപൂര്‍വമായാണ് ഇത്തരം ചങ്ങലകള്‍ കണ്ടെത്തുന്നത്. രണ്ട് ചങ്ങലകള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ആദ്യത്തേത് ചങ്ങലയുടെ ഭാഗം മാത്രവും രണ്ടാമത്തേത് ഏറെക്കുറെ പൂര്‍ണവുമാണ്. 

1752 -നും 1832 -നും ഇടയില്‍ ബ്രിട്ടനില്‍ മാത്രമായി 144 പേരുടെ വധശിക്ഷ ഈ രീതിയില്‍ ചങ്ങലകളുപയോഗിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. അപരിക്ഷ്കൃതമായ ഈ രീതിക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ അന്നുയര്‍ന്നിരുന്നു. അങ്ങനെ 1834 -ല്‍ ചങ്ങല ഉപയോഗിച്ചുള്ള ശിക്ഷ അവസാനിപ്പിക്കുകയായിരുന്നു. നിരവധി തലയോട്ടികളും ചങ്ങല കിട്ടിയ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. അതില്‍ കൊല ചെയ്യപ്പെട്ടവരും ആത്മഹത്യ ചെയ്തവരുടേയും മൃതദേഹങ്ങളുണ്ടെന്ന് കരുതുന്നു. പള്ളിയില്‍ അടക്കം ചെയ്യാനാകാത്തതിനാലായിരിക്കാം ആ മൃതദേഹങ്ങള്‍ ഇവിടെ അടക്കിയത്. 


 

click me!